Home Featured കര്‍ണാടകയിലെ ക്ഷേത്രോത്സവ മേളയില്‍ മുസ്‌ലിം വ്യാപാരികള്‍ക്ക് വിലക്ക്‌ ഏർപ്പെടുത്തി.

കര്‍ണാടകയിലെ ക്ഷേത്രോത്സവ മേളയില്‍ മുസ്‌ലിം വ്യാപാരികള്‍ക്ക് വിലക്ക്‌ ഏർപ്പെടുത്തി.

ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള മേളയില്‍ മുസ്‌ലിം വ്യാപാരികള്‍ക്ക് വിലക്ക്‌.ദക്ഷിണ കന്നഡ ജില്ലയിലെ മുല്‍കിയിലെ ബപ്പനാഡു ക്ഷേത്ര മേളയിലാണ് മുസ്‌ലിംകള്‍ സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിന് വിലക്ക്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇവിടുത്തെ മേളയില്‍ മുസ്‌ലിം കച്ചവടക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്.മുസ്‌ലിംകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വവാദികളായ ചിലര്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം.800 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ബപ്പനാഡു ക്ഷേത്രം മതസൗഹാര്‍ദത്തിന് പേരുകേട്ടതാണ്.

12-ാം നൂറ്റാണ്ടില്‍ ഒരു മുസ്‌ലിം വ്യാപാരി നിര്‍മിച്ചതാണെന്ന് പറയപ്പെടുന്ന, സമന്വയത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ വാര്‍ഷിക മേളയിലാണ് തങ്ങള്‍ക്ക് ബഹിഷ്കരണമെന്ന് മുസ്‌ലിം വ്യാപാരികള്‍ പറയുന്നു.ക്ഷേത്രത്തിന് സമീപം ‘സാമുദായിക സൗഹാര്‍ദത്തിന്‍റെ ആധുനിക ഉദാഹരണം’ എന്ന് എഴുതിവച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ക്ക് പ്രസാദം സ്വീകരിക്കാന്‍ അനുവാദം നല്‍കുന്ന അപൂര്‍വ ക്ഷേത്രമാണിതെന്നും ക്ഷേത്രവളപ്പിലെ ബോര്‍ഡിലുണ്ട്. എന്നിരിക്കെയാണ് വിലക്കെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

ഞങ്ങള്‍ ഈ വര്‍ഷം മുസ്‌ലിം വ്യാപാരികളെ കച്ചവടം ചെയ്യാന്‍ അനുവദിക്കില്ല. മുസ്‌ലിം വ്യാപാരികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ക്ക് ഒരു നിവേദനം ലഭിച്ചു, ഞങ്ങള്‍ അക്കാര്യം അവരെ അറിയിച്ചിട്ടുണ്ട്”- ബപ്പനാഡു ക്ഷേത്ര കമ്മിറ്റി തലവനായ ദുഗണ്ണ സാവന്ത് പറയുന്നു.ദുര്‍ഗാ‌ പരമേശ്വരി ക്ഷേത്രം എന്ന് വിളിക്കപ്പെടുന്ന ബപ്പനാഡു ക്ഷേത്രം ഹിന്ദുക്കളെ മാത്രമല്ല, മുസ്‌ലിം, ക്രിസ്ത്യന്‍ ഭക്തരെയും ക്ഷേത്ര മേളയ്ക്ക് ആകര്‍ഷിക്കുന്നു. ഏപ്രില്‍ അഞ്ച് മുതല്‍ 12 വരെ നടക്കുന്ന മേളയില്‍ തങ്ങളുടെ സാധനങ്ങള്‍ വില്‍ക്കാന്‍ ലക്ഷ്യമിട്ട് ഒരു സംഘം മുസ്‌ലിം വ്യാപാരികള്‍ വ്യാഴാഴ്ച ക്ഷേത്രത്തിലെത്തിയിരുന്നു.

എന്നാല്‍ വ്യാപാരികള്‍ അഭ്യര്‍ഥിച്ചിട്ടും തീരുമാനം പിന്‍വലിക്കാന്‍ ക്ഷേത്ര കമ്മിറ്റി തയ്യാറായില്ല.”കഴിഞ്ഞ വര്‍ഷം വിലക്കിനു മുമ്ബ്, 35 വര്‍ഷമായി ആഭരണങ്ങളും മറ്റ് ഫാന്‍സി സാധനങ്ങളും വില്‍ക്കുന്ന ഒരു സ്റ്റാള്‍ എനിക്കിവിടെ ഉണ്ടായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായി അതിന് സാധിച്ചിട്ടില്ല. ക്ഷേത്ര കമ്മിറ്റി അവരുടെ തീരുമാനം പുനഃപരിശോധിക്കുകയും എല്ലാവരേയും വീണ്ടും കച്ചവടം ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു”- മംഗലാപുരത്തെ വ്യാപാരിയായ 53കാരന്‍ ഉമര്‍ പറയുന്നു.

അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തിനകത്തും സമീപത്തും ഉള്ള വസ്തുവകകള്‍ പാട്ടത്തിന് നല്‍കരുതെന്ന് പറയുന്ന 2002ലെ നിയമ പ്രകാരം മുസ്‌ലിം വ്യാപാരികളെ വിലക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നാണ് കമ്മിറ്റിയുടെ വാദം. മുപ്പനാഡു ക്ഷേത്രത്തില്‍ മാത്രമല്ല, ഈ വര്‍ഷം ജനുവരിയില്‍ മംഗളൂരു സിറ്റിക്കടുത്തെ കാവുരുവിലും കദ്രിയിലും നടന്ന ക്ഷേത്രോത്സവ മേളകളില്‍ നിന്ന് മുസ്‌ലിം വ്യാപാരികളെ വിലക്കിയിരുന്നു.കാവുരുവിലെ ശ്രീ മഹാലിംഗേശ്വര ക്ഷേത്രോത്സവത്തോടനുബന്ധിച്ചായിരുന്നു പ്രദേശത്ത് ഒരു വിഭാഗം വ്യാപാരികള്‍ക്കെതിരെ ബഹിഷ്കരണ ബാനറുകള്‍ സ്ഥാപിച്ചത്.

ജനുവരി 14 മുതല്‍ 18 വരെ നടന്ന ഉത്സവത്തിലെ മേളയില്‍ നിന്നാണ് മുസ്‌ലിം വ്യാപാരികളെ വിലക്കിയത്.സംഘ്പരിവാർ സംഘടനകളായ വി.എച്ച്.പിയും ബജ്രം​ഗ്​ദളുമാണ് ഈ ബഹിഷ്കരണ ബാനറുകൾ സ്ഥാപിച്ചത്.കദ്രിയിലെ ശ്രി മഞ്ജുനാഥ ക്ഷേത്ര പരിസരത്തും വി.എച്ച്.പിയും ബജ്രം​ഗ്ദളുമാണ് ക്ഷേത്രോത്സവ മേളയിൽ മുസ്‌ലിം കച്ചവടക്കാർക്ക് പ്രവേശനമില്ലെന്ന ബാനറുകൾ സ്ഥാപിച്ചത്. എന്നാൽ ബോർഡുകൾ വിവാദമായതോടെ അവ തങ്ങൾ നീക്കിയതായി പൊലീസ് അറിയിച്ചിരുന്നു. ജനുവരി 15 മുതൽ 21 വരെ നടന്ന ക്ഷേത്രോത്സവ മേളയിലാണ് മുസ്‌ലിം വ്യാപാരികളെ ബഹിഷ്കരിച്ചത്.

വിഗ്രഹാരാധനയെ എതിർക്കുന്നവർക്ക് ആരാധനാലയത്തിന് സമീപമുള്ള മേളയിൽ കച്ചവടത്തിലും വ്യാപാരത്തിലും ഏർപ്പെടാൻ കഴിയില്ലെന്നാണ് ബാനറിൽ പറഞ്ഞിരുന്നത്. ഹിന്ദു മതത്തിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്ന വ്യാപാരികൾക്ക് മാത്രമേ അവരുടെ കച്ചവടവും വ്യാപാരവും തുടരാൻ അനുവദിക്കൂ എന്നും ബാനറുകളിൽ വ്യക്തമാക്കിയിരുന്നു.കഴിഞ്ഞവർഷം മാർച്ചിൽ ഉഡുപ്പിയിലെ ഹൊസ മാരിഗുഡി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള മേളയിലും കടകള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് മുസ്‌ലിം കച്ചവടക്കാരെ വിലക്കിയിരുന്നു.

ക്ഷേത്രോത്സവങ്ങളില്‍ മുസ്‌ലിംകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയില്‍ ഉടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.കഴിഞ്ഞവർഷം മുൽകിയിലെ ബപ്പനാഡു ദുർഗ പരമേശ്വരി ക്ഷേത്രത്തിലെ ഉത്സവപ്പറമ്പിൽ നിന്ന് ഉത്തർപ്രദേശ് സ്വദേശികളായ ഹാമിദ്, ഇംറാൻ, ഫുർഖാൻ എന്നിവരെ ബജ്റംഗ്ദൾ പ്രവർത്തകർ ഒഴിപ്പിച്ചിരുന്നു. പേര് ചോദിച്ച് മുസ്‌ലിംകളാണെന്ന് മനസിലായതോടെ അവിടംവിട്ടുപോവാൻ ആവശ്യപ്പെടുകയായിരുന്നു. ശിവമോ​ഗ മാരികമ്പ ക്ഷേത്രോത്സവത്തിൽ നിന്നാണ് സംസ്ഥാനത്ത് ആദ്യമായി ഹിന്ദുത്വ സംഘടനകൾ മുസ്‌ലിം കച്ചവടക്കാരെ ബഹിഷ്കരിച്ച് തുടങ്ങിയത്.

ഇതാണ് മറ്റിടങ്ങളിലേക്കും വ്യാപിച്ചത്.ചരിത്രപ്രസിദ്ധമായ ബേലൂർ ചന്നകേശവ ക്ഷേത്രം, തുമകുരുവിലെ സിദ്ധലിംഗേശ്വര ക്ഷേത്രം, ശിവമോ​ഗയിലെ മഹാഗണപതി ക്ഷേത്രം, ദക്ഷിണ കന്നടയിൽ പുത്തൂർ മാരികമ്പ ഉത്സവ മേള, മംഗളൂരു മാരികമ്പ മേള എന്നിവിടങ്ങളിലും കഴിഞ്ഞവർഷം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ചിക്കമകളൂരു ശൃംഗേരി അദ്ദ ഗഡ്ഡെ, കിഗ്ഗ മേളകളിലും മുസ്‌ലിംകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ അധികൃതർക്ക് നോട്ടീസ് നൽകിയിരുന്നു.ഇതുകൂടാതെ, സോമവാർപേട്ട് ശനിവാരസന്തെയിൽ സംഘടിപ്പിച്ച കൃഷിമേളയിലും മുസ്‌ലിം കച്ചവടക്കാരെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മടിക്കേരിയിൽ ഹിന്ദുത്വ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

മൈസൂരുവിലെ പ്രസിദ്ധമായ ചാമുണ്ഡേശ്വരി ഹിൽസിൽ നിന്നും മുസ്‌ലിം കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് മൈസൂരു കോർപറേഷൻ അധികൃതർക്ക് ഹിന്ദുത്വ സംഘടന നിവേദനം നൽകുകയും ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group