ദില്ലി: സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രേദശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവരെ ഒരു കാലത്ത് നിർണയിച്ചിരുന്ന രാഷ്ട്രീയ ചാണക്യനാണ് ചരിത്രത്തിലേക്ക് മായുന്നത്. ഏറെ നാളായി ഗുഡ് ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 82 വയസായിരുന്നു.
ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെയാണ് മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന വാർത്തകൾക്കിടെയാണ് നിര്യാണം. രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. മൂന്ന് തവണ യുപി മുഖ്യമന്ത്രിയായിട്ടുണ്ട്. ഹിന്ദി ഹൃദയ ഭൂമിയുടെ നേതാജിയെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 1996 ൽ കേന്ദ്ര പ്രതിരോധമന്ത്രിയായി ചുമതലയേറ്റിരുന്നു.
ഇറ്റാവയിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലേക്കും, അവിടെ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കുമുള്ള മുലായം സിംഗ് യാദവിന്‍റെ യാത്ര സംഭവ ബഹുലമായിരുന്നു. ഗുസ്തിക്കാരനാക്കണമെന്ന ആഗ്രഹത്തോടെ അച്ഛന്‍ പരിശീലനത്തിന് അയച്ചത്. അവിടെ വച്ച് പരിചയപ്പെട്ട നട്ടു സിംഗ് എന്ന സോഷ്യലിസ്റ്റ് നേതാവിലൂടെ രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങി.
രാംമനോഹര്‍ ലോഹ്യയുമായുള്ള അടുപ്പം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഉത്തര്‍ പ്രദേശിലെ യുവ മുഖങ്ങളിലൊന്നാക്കി മുലായത്തെ മാറ്റി. 1967ല്‍ 28ാമത്തെ വയസില്‍ സോഷ്യലിസ്ററ് ടിക്കറ്റില്‍ ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കന്നി അംഗത്തിലൂടെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. അടിയന്തരാവസ്ഥയെ നിശിതമായി വിമര്‍ശിച്ചതിന് ജയിലിലടക്കപ്പെട്ടു. ലോഹ്യയുടെ മരണത്തിന് ശേഷം മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് ഭാരതീയ ലോക് ദള്‍ എന്ന വിശാല പ്ലാറ്റ് ഫോമിലേക്ക് മുലായം മാറി.
പാര്‍ട്ടിയിലെ പടല പിണക്കത്തില്‍ നാല് വർഷത്തിന് ശേഷം ചരണ്‍ സിംഗിന്‍റെ ദളിത് മസ്ദൂര്‍ കിസാന്‍ പാര്‍ട്ടിയുലേക്ക് ചേക്കേറി, ഇതിന്റെ അധ്യക്ഷനായി. 1989ല്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി. 1990കളുടെ അവസാനം ചന്ദ്രശേഖറിന്‍റെ ജനതാദളിന്‍റെ ഭാഗമായി കോണ്‍ഗ്രസ് പിന്തുണയോടെ മുലായം ഭരണം തുടര്‍ന്നു. കേന്ദ്രത്തിലെ സമവാക്യങ്ങള്‍ മാറിയതോടെ തൊട്ടടുത്ത വര്‍ഷം കോണ്‍ഗ്രസ് പാലം വലിച്ചു. ഇതോടെ മുലായത്തിന് അധികാരം നഷ്ടമായി.
ഇതിനിടെ സമാജ് വാദി പാര്‍ട്ടി രൂപീകരിച്ചു. ദളിത് ഏകീകരണത്തിലൂടെ മാത്രമേ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാനാകൂവെന്ന് മനസിലാക്കിയ മുലായം സിംഗ് മായാവതിക്ക് കൈകൊടുത്ത് ഭരണം തിരിച്ചു പിടിച്ചു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ ശക്തമായി എതിര്‍ത്ത മുലായം സംഘപരിവാര്‍ രാഷ്ട്രീയത്തിന് അയോധ്യയെ അജണ്ടയാക്കാനാവില്ലെന്ന് തുറന്നടിച്ചു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷം പിന്നാക്ക ന്യൂനപക്ഷ വോട്ട് ബാങ്ക് പടുത്തുയര്‍ത്തി കടിഞ്ഞാണ്‍ കൈയിലെടുത്തു.1996 ആയപ്പോഴേക്കും ദേശീയ രാഷ്ട്രീയത്തിലും മുലായം നിറഞ്ഞു നിന്നു. തുടര്‍ന്നുള്ള രണ്ട് വര്‍ഷക്കാലം ദേവഗൗഡ മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായി. സംഭാല്‍, കനൗജ്,അസംഗഡ് കൗജ് മണ്ഡലങ്ങള്‍ പലപ്പോഴായി മുലായത്തിന്‍റെ തട്ടകങ്ങളായി.
മകന്‍ അഖിലേഷ് യാദവും, സഹോദരന്‍ ശിവപാല്‍ യാദവും തമ്മിലുള്ള പോര് മുലായത്തിന്‍റെ കണ്‍മുന്നില്‍ പാര്‍ട്ടിയുടെ പ്രഭാവം കെടുത്തി. ശിവപാല്‍യാദവിനൊപ്പം നിന്ന മുലായത്തിന് മകനയും മകന് തിരിച്ചും തള്ളിപ്പറയേണ്ടി വന്നു. മാഫിയ മേധാവിത്വവും, അഴിമതിയും, പാര്‍ട്ടിക്കെതിരെയും മുലായത്തിനെതിരെയും ആരോപണങ്ങളായി ഉയര്‍ന്നത് ഒടുവില്‍ തിരിച്ചടിയായി. അപ്പോഴും താന്‍ തുടക്കം കുറിച്ച രാഷ്ട്രീയം കാലഹരണപ്പെട്ടില്ലെന്ന് തെളിയിച്ചാണ് മുലായം സിംഗ് വിടവാങ്ങുന്നത്.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. മൃതദേഹം സായ് ഫായിലേക്ക് കൊണ്ടു പോകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. ഗുരു ഗ്രാം മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാവിലെയാണ് മുലായം സിംഗ് യാദവിന്റെ മരണം. ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെയാണ് മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന വാർത്തകൾക്കിടെയാണ് നിര്യാണം. മകൻ അഖിലേഷ് യാദവ് തന്നെയാണ് ട്വീറ്റിലൂടെ മരണവിവരം അറിയിച്ചത്.
തുടർച്ചയായ മൂന്ന് തവണ യു പി മുഖ്യമന്ത്രി, 1996ൽ പ്രതിരോധ മന്ത്രി എന്നീ പദവികൾ വഹിച്ചിരുന്നു. ഏഴു തവണ ലോക്സഭയിൽ എത്തിയ വ്യക്തി കൂടിയാണ് ഇദ്ദേഹം. രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. ഹിന്ദി ഹൃദയ ഭൂമിയുടെ നേതാജിയെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഒരു സാധാരണ കർഷക കുടുംബത്തിൽ നിന്നാണ് അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലെത്തുന്നത്. മുലായം സിംഗ് യാദവിന്റെ നിര്യാണത്തിൽ രാഷ്ട്രപതിയുൾപ്പെടെ നിരവധി പ്രമുഖർ അനുശോചനമറിയിച്ചു.
‘മുല്ല മുലായം’, ‘നേതാജി’; കൂർമ്മ ബുദ്ധികൊണ്ട് പ്രാദേശിക പാർട്ടികളുടെ തേർവാഴ്ചയ്ക്ക് വഴിയൊരുക്കിയ മുലായം
ദില്ലി : ഇന്ത്യ ഹൃദയഭൂമിയിലെ രാഷ്ട്രീയ തേരോട്ടം അവസാനിപ്പിച്ച് മുലായം സിങ് എന്ന അധികായൻ വിടവാങ്ങിയിരിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തന്നെ ഗതി നിശ്ചയിക്കാൻ പോന്ന ഉത്തർപ്രദേശിനെ കൈ വെള്ളയിൽ കൊണ്ടുനടന്ന രാഷ്ട്രീയ ചാണക്യൻ സംസ്ഥാനത്ത് പാർട്ടി നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷ ബാക്കി വച്ചാണ് മടങ്ങുന്നത്. കോൺഗ്രസ് പിടിമുറുക്കിയിരുന്ന ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ പ്രാദേശിക പാർട്ടികളുടെ തേർ വാഴ്ചയ്ക്ക് തുടക്കം കുറിക്കുന്നതായിരുന്നു മുലായത്തിന്റെ രാഷ്ട്രീയ പ്രവേശനം.
അച്ഛന്റെ ഇച്ഛ പ്രകാരം ഗോദയിലൊരു കൈ നോക്കാനിറങ്ങിയ മുലായം പക്ഷേ പയറ്റിത്തെളിഞ്ഞത് രാഷ്ട്രീയത്തിലാണ്. നട്ടു സിംഗ് എന്ന സോഷ്യലിസ്റ്റ് നേതാവിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. തന്റെ രാഷ്ട്രീയ ഗുരുവെന്ന് മുലായം വിശേഷിപ്പിക്കുന്നതും നട്ടു സിംഗിനെയാണ്. 1967-ൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ച മുലായം ആദ്യ വിജയത്തിലൂടെ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. പിന്നീട് രാജ് നരൈൻ നേതൃത്വം നൽകിയ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഭാഗമാവുകയും ഇത് 1974 ൽ പിന്നീട് ഭാരതീയ് ലോക് ദൾ എന്ന പുതിയ പാർട്ടിയായി മാറിയപ്പോൾ അതിനൊപ്പം നിൽക്കുകയും ചെയ്തു.
സോഷ്യലിസ്റ്റ് നേതാവ് ചരൺ സിംഗിന്റെ ആശയങ്ങളിൽ ആകൃഷ്ടനായ മുലായം 1977 ൽ ജനതാ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച് നിയമസഭയിലെത്തി. ആദ്യമായി മന്ത്രി പദവി ലഭിക്കുന്നതും ഈ തെരഞ്ഞെടുപ്പ് വിജയത്തോടെയാണ്. സഹകരണ മൃഗസംരക്ഷണ ഗ്രാമീണ വ്യവസായ വകുപ്പ് മന്ത്രിയായി മുലായം. എന്നാൽ ഇതിനിടെ അടിയന്തരാവസ്ഥ കാലത്ത് ജയിൽ വാസം അനുഭവിക്കുകയും ചെയ്തിരുന്നു ഇദ്ദേഹം.
1980-ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുലായം പക്ഷേ തന്റെ ജൈത്രയാത്രയിലെ ആദ്യ പടിയായി മാത്രമാണ് ആ തോൽവിയെ കണ്ടത്. പിന്നീട് ലോക് ദളിന്റെ ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. 1984-ൽ ചരൺ സിംഗ് പുതുതായി രൂപീകരിച്ച ദളിത് മസ്‌ദൂർ കിസാൻ പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടായി മുലായം.
1989 ൽ ആയിരുന്നു യുപി രാഷ്ട്രീയത്തിന്റെയും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തന്നെയും ഗതി മാറ്റാൻ പോന്ന നേതാവാണ് മുലായം എന്ന തിരിച്ചറിവ് കോൺഗ്രസിനടക്കം നൽകിക്കൊണ്ട് അദ്ദേഹത്തിന്റ വിജയവും യുപിയിലെ മുഖ്യമന്ത്രിയായുള്ള അവരോഹണവും. കഠിനാധ്വാനവും കൂർമ്മ ബുദ്ധിയും കൊണ്ട് ഈ കുറിയ മനുഷ്യൻ ഉത്തർപ്രദേശിലെ ജനങ്ങളുടെ മനസ്സിലേക്ക് കുടിയേറുകയായിരുന്നു. ഇതോടൊപ്പം ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പ്രാദേശിക പാർട്ടി നിർണ്ണായക ഘടകമായി മാറുക കൂടിയായിരുന്നു.
1991ൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കർസേവകർ അയോധ്യയിലെ തർക്ക ഭൂമിയായിരുന്ന ബാബറി മസ്ജിദിലേക്ക് മാർച്ച് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ, ”എന്റെ മൃതദേഹത്തിൽ ചവിട്ടിയെ പള്ളി ആക്രമിക്കാനാകൂ” എന്നായിരുന്നു ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ മുലായം പറഞ്ഞത്. അദ്ദേഹം കർസേവകർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിടുകയും ചെയ്തു. ഇതോടെ ‘മുല്ല മുലായം’ എന്ന വിളിപ്പേരും സ്വന്തമായി. അദ്ദേഹത്തിന്റെ പാർട്ടിക്കാർക്കും കുടുംബാംഗങ്ങൾക്ക് പോലും അദ്ദേഹം ‘നേതാജി’യായിരുന്നു മുലായം. ചില ഉദ്യോഗസ്ഥർ അദ്ദേഹത്തെ ‘നാനോ നെപ്പോളിയൻ’ എന്ന് വരെ വിളിച്ചു.
1990 നവംബറിൽ ദേശീയ രാഷ്ട്രീയത്തിൽ വി പി സിംഗ് സർക്കാരിന്റെ തകർച്ചയ്ക്ക് ശേഷം, മുലായം ചന്ദ്രശേഖറിന്റെ ജനതാദൾ (സോഷ്യലിസ്റ്റ്) പാർട്ടിയിൽ ചേരുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയായി അധികാരത്തിൽ തുടരുകയും ചെയ്തു. എന്നാൽ വീണ്ടുമുണ്ടായ ദേശീയ രാഷ്ടീയത്തിലെ അട്ടിമറിയിൽ മുലായത്തിന് മുഖ്യമന്ത്രി കസേര നഷ്ടമായി. ചന്ദ്രശേഖറിന്റെ സർക്കാരിനുള്ള പിന്തുണ 1991 ഏപ്രിലിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിൻവലിച്ചതോടെയാണ് യുപിയിൽ മുലായവും വീണത്.
ഇതിന് പിന്നാലെ 1991-ന്റെ മധ്യത്തിൽ യുപിയിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ മുലായത്തിന്റെ പാർട്ടി അടിപതറുകയും ബാബറി വിഷയത്തിലെ സംഘർഷങ്ങൾ വോട്ടാക്കി ആദ്യമായി ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. എന്നാൽ ഒരു വർഷത്തിനുള്ളിൽ അതേ ബാബറി മസ്ജിദ് വിഷയത്തെ തുടർന്ന് ബിജെപിക്ക് അധികാരം നഷ്ടമായി. ബാബറി മസ്ജിദ് തകർക്കപ്പെട്ട ഡിസംബർ ആറിന് വെറും 65 ദിവസം മുമ്പ് 1992 ഒക്ടോബർ നാലിനാണ് മുലായം സമാജ് വാദി പാർട്ടിക്ക് രൂപം നൽകിയത്. പിന്നീട് സമാജ്വാദി പാർട്ടിയുടെ തലവനായി യുപിയിലും ദേശീയ രാഷ്ട്രീയത്തിലും മുലായം എന്ന നേതാജി നിറഞ്ഞ് നിന്നു.