ചെന്നൈ: എതിർപ്പുകളെ തുടർന്നു മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്താൻ കോവിഡ് വാക്സിൻ നിർബന്ധമാക്കിയ നടപടി പിൻവലിച്ചു. കേരളം, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് ധാരാളം പേരാണ് ദിനംപ്രതി മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തുന്നത്.
കർണാടക, കേരളം എന്നിവിടങ്ങളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കുകയും കേരളത്തിൽ കോവിഡ് വ്യാപനം ഉയർന്നനിലയിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വാക്സിൻ നിർബന്ധമാക്കാൻ തീരുമാനിച്ചത് എന്ന് പറയപ്പെടുന്നു. തിങ്കളാഴ്ച മുതൽ രണ്ടുഡോസ് വാക്സിനും സ്വീകരിച്ചവരെ മാത്രമേ ദർശനത്തിന് അനുവദിക്കുള്ളൂവെന്ന് കഴിഞ്ഞദിവസം ക്ഷേത്രാധികൃതർ അറിയിച്ചിരുന്നു. എന്നാൽ വ്യാപക പ്രതിഷേധം ഇതിനെതിരെ ഉയർന്നതോടെ അറിയിപ്പ് പിൻവലിക്കുകയായിരുന്നു.