ബംഗളുരു: ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ യുവാവിന് ബംഗളുരുവിൽ എംപോക്സ് സ്ഥിരീകരിച്ചു. നിലവിൽ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാളെന്ന് റിപ്പോട്ടുകൾ പറയുന്നു. കൂടുതൽ വിശദമായ പരിശോധനകൾക്ക് രോഗിയെ വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. കർണാടകയിൽ ഈ വർഷം ഇതാദ്യമായി സ്ഥിരീകരിക്കുന്ന എംപോക്സ് കേസാണിത്. കഴിഞ്ഞ ഡിസംബറിലാണ് കേരളത്തിൽ അവസാനമായി ഒരു രോഗിക്ക് എംപോക്സ് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് എത്തിയ തലശ്ശേരി സ്വദേശിക്കായിരുന്നു അന്ന് രോഗം.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് എംപോക്സ് രോഗബാധയുടെ പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. അസുഖബാധിതരായ ആള്‍ക്കാരുമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്ന ആള്‍ക്കാര്‍ക്കാണ് എംപോക്‌സ് ഉണ്ടാകുക.
കൊവിഡോ എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക- വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.
ഒരു കട നടത്താനുള്ള ഫോണും ലാപ്‌ടോപ്പും; ഡൽഹി മെട്രോയിൽ 2024-ൽ മാത്രം മറന്നുവെച്ച സാമഗ്രികൾ
ന്യൂഡൽഹി: ഡൽഹി മെട്രോയിൽ ഒരു വർഷത്തിനിടെ യാത്രികർ ഉപേക്ഷിച്ചത് 193 മൊബൈൽ ഫോണുകളും 40 ലക്ഷത്തോളം രൂപയും. 89 ലാപ്ടോപ്പുകളും ഉപേക്ഷിച്ച കൂട്ടത്തിലുണ്ട്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരാണ് (സി.ഐ.എസ്.എഫ്.) ആളുകൾ മറന്നുവെച്ച സാധനങ്ങൾ ശേഖരിക്കുന്നതും യഥാർഥ ഉടമകൾക്ക് കൈമാറുന്നതും. 2024-ലെ കണക്കാണിത്.ഡൽഹിയിൽ 350 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന റെയിൽ ട്രാക്ക് ഉൾക്കൊള്ളുന്ന 250-ലധികം സ്റ്റേഷനുകളിൽ ഭീകരവിരുദ്ധ മുൻകരുതലിനായി നിയോഗിച്ചവരാണ് സി.ഐ.എസ്.എഫ്. വിഭാഗം. സ്റ്റേഷൻ ഏരിയയിലെ എക്സ്-റേ ബാഗേജ് സ്കാനറിന് സമീപം യാത്രക്കാർ പലതും മറന്നുവയ്ക്കാറുണ്ട്. ഇത് സി.ഐ.എസ്.എഫ്. വിഭാഗമാണ് എടുത്ത് സൂക്ഷിച്ചുവയ്ക്കുന്നത്.
40.74 ലക്ഷത്തിനടുത്ത് രൂപയും 89 ലാപ്ടോപ്പുകളും 40 വാച്ചുകളും 193 മൊബൈൽ ഫോണുകളും നിരവധി ആഭരണങ്ങളും ഇത്തരത്തിൽ ഇവർക്ക് ലഭിച്ചിട്ടുണ്ട്. യു.എസ്. ഡോളർ, സൗദി റിയാൽ പോലുള്ള വിദേശ കറൻസികളും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞവർഷം 59 ആത്മഹത്യാ ശ്രമങ്ങളും മെട്രോയിൽ നടന്നതായി സുരക്ഷാ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 23 പേർ മരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് കണക്ക്.
75 വെടിയുണ്ടകളും ഏഴ് തോക്കുകളും സി.ഐ.എസ്.എഫ്. കണ്ടെത്തിയതായി ഡേറ്റകൾ വ്യക്തമാക്കുന്നു. ഒറ്റയ്ക്കു യാത്ര ചെയ്ത 262 കുട്ടികളെ അവരുടെ മാതാപിതാക്കൾക്കോ പോലീസിനോ ചൈൽഡ്ലൈൻ വൊളന്റിയർമാർക്കോ കൈമാറി. 671 സ്ത്രീ യാത്രികർക്കും സി.ഐ.എസ്.എഫിന്റെ സഹായം ലഭിച്ചു. സ്ത്രീകളും പുരുഷന്മാരുമായി പതിമൂന്നായിരത്തോളം സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരെയാണ് മെട്രോയിൽ വിന്യസിച്ചിരിക്കുന്നത്.