ബെംഗളൂരു: മംഗളൂരുവിൽ ഓടിക്കൊണ്ടിരിക്കുന്ന ഒമ്നി വാനിന് തീപിടിച്ചു. കൊടേക്കറിലെ അഡ്കയിലാണ് സംഭവം. തലപ്പാടി സ്വദേശിയായ റിയാസ് അഡ്കയിലെ ഗാരേജിൽ അറ്റകുറ്റപ്പണി നടത്തിയശേഷം വാൻ പുറത്തെടുത്ത് ഇന്ധനം നിറച്ച് തലപ്പാടിയിലേക്ക് മടങ്ങുമ്പോൾ വാഹനത്തിൽനിന്ന് പുക ഉയരാൻ തുടങ്ങുകയായിരുന്നു. പിന്നിൽ സഞ്ചരിച്ചിരുന്ന മറ്റൊരു വാഹനത്തിലെ ഡ്രൈവർ തീ പടർന്നതായി മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് റിയാസ് കഷ്ടിച്ച് രക്ഷപ്പെട്ടത്. നിമിഷങ്ങൾക്കുള്ളിൽ വാൻ പൂർണ്ണമായും കത്തിനശിച്ചു.ഫയർ ആൻഡ് എമർജൻസി സർവീസസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് തീ അണച്ചത്.