തിരുവനന്തപുരം: ആറ് മാസത്തെ കോവിഡ് ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തിങ്കളാഴ്ച തുറക്കും. 50% സീറ്റുകളിലാകും പ്രവേശനം. ജീവനക്കാരടക്കം എല്ലാവരും 2 ഡോസ് കോവിഡ് വാക്‌സീന്‍ എടുത്തിരിക്കണം. 18 വയസ്സില്‍ താഴെയുള്ളവര്‍ക്കു പ്രവേശനമില്ല.
തിയറ്റര്‍ ഉടമകളും സിനിമാ സംഘടനകളും ഉന്നയിച്ച ആവശ്യങ്ങള്‍ മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരുമായി ആലോചിച്ചു തീരുമാനിക്കാമെന്നു മന്ത്രി സജി ചെറിയാന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. സിനിമാ ടിക്കറ്റുകള്‍ക്കു ജിഎസ്ടിക്കു പുറമേ ഏര്‍പ്പെടുത്തിയ 5% വിനോദനികുതി ഒഴിവാക്കുക, തിയറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ വൈദ്യുതി നിരക്കിലും കെട്ടിടനികുതിയിലും ഇളവു നല്‍കുക എന്നിവയാണു സംഘടനകള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍. ഇവ സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ സാംസ്‌കാരിക പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിനെ മന്ത്രി ചുമതലപ്പെടുത്തി.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, കേരള ഫിലിം ചേംബര്‍ പ്രസിഡന്റ് ജി.സുരേഷ് കുമാര്‍, സെക്രട്ടറി ബി.ആര്‍.ജേക്കബ്, ജോയിന്റ് സെക്രട്ടറി അനില്‍ വി.തോമസ്, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.രഞ്ജിത്ത്, ട്രഷറര്‍ ബി.രാകേഷ്, ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍, വര്‍ക്കിങ് സെക്രട്ടറി സോഹന്‍ സീനുലാല്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍, ഫിയോക് പ്രസിഡന്റ് വിജയകുമാര്‍, വൈസ് പ്രസിഡന്റ് സോണി തോമസ്, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികളായ നന്ദകുമാര്‍, ലിബര്‍ട്ടി ബഷീര്‍, എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷാജി വിശ്വനാഥ്, കെഎസ്‌എഫ്ഡിസി എംഡി എന്‍.മായ എന്നിവരാണു ചര്‍ച്ചയില്‍ പങ്കെടുത്തത്.