ബെംഗളൂരു∙ നവംബർ 17 മുതൽ സംസ്ഥാനത്തെ വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് (എച്ച്എസ്ആർപി) നിർബന്ധമാക്കി മോട്ടർ വാഹനവകുപ്പ്. 2019 ഏപ്രിൽ 1ന് മുൻപ് റജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങളുടെയും നമ്പർ പ്ലേറ്റ് മാറ്റണം. കേന്ദ്ര ഗതാഗതവകുപ്പിന്റെ നിർദേശപ്രകാരമാണ് സംസ്ഥാനത്തും എച്ച്എസ്ആർപി നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കിയത്. 2019ന് ഏപ്രിൽ 1ന് ശേഷം റജിസ്റ്റർ ചെയ്ത വാഹനങ്ങൾ നിലവിൽ എച്ച്എസ്ആർപി നമ്പർ പ്ലേറ്റുകളുമായാണ് പുറത്തിറങ്ങുന്നത്. കാർ ഉൾപ്പെടെയുള്ള നാലുചക്രവാഹനങ്ങൾക്കു പുതിയ നമ്പർ പ്ലേറ്റ് ഘടിപ്പിക്കാൻ പരമാവധി 500 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 300 രൂപയുമാണ് മോട്ടർ വാഹനവകുപ്പ് നിർദേശിച്ചിരിക്കുന്നത്.
മോഷണവും കുറ്റകൃത്യങ്ങളും തടയാം :സ്നാപ് ലോക്ക് രീതിയിൽ ഘടിപ്പിക്കുന്ന നമ്പർ പ്ലേറ്റുകൾ പെട്ടെന്ന് അഴിച്ചുമാറ്റാനോ ഘടിപ്പിക്കാനോ സാധിക്കില്ല. മോഷണം, അപകടം എന്നിവ ഉണ്ടായാൽ വാഹനം എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. നമ്പർ പ്ലേറ്റ് മാറ്റണമെങ്കിൽ ഉടമസ്ഥന്റെ സമ്മതപത്രം അടക്കം നിർബന്ധമാണ്.
പ്രതിഷേധം വ്യാപകമാകുന്നു:വേണ്ടത്ര മുന്നൊരുക്കമില്ലാതെ എച്ച്എസ്ആർപി നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കുന്നത് വാഹന ഉടമകളെ വെട്ടിലാക്കി. നിലവിൽ വാഹന നിർമാണ കമ്പനികൾ (ഒഇഎം), അപ്രൂവ്ഡ് നമ്പർ പ്ലേറ്റ് നിർമാണ കമ്പനികൾ എന്നിവർക്കാണ് എച്ച്എസ്ആർപി പ്ലേറ്റുകൾ നിർമിക്കാനുള്ള അധികാരമുള്ളത്. നമ്പർ പ്ലേറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള ഉത്തരവിൽ പല കാര്യങ്ങളിലും അവ്യക്തത നിലനിൽക്കുന്നതായി വാഹനഉടമകൾ ആരോപിക്കുന്നു. കർണാടകയിൽ 4 കമ്പനികൾക്കു മാത്രമാണ് പ്ലേറ്റ് നിർമിക്കുന്നതിന് അനുമതി.
എന്താണ് എച്ച്എസ്ആർപി നമ്പർ പ്ലേറ്റുകൾ :തുരുമ്പ് പിടിക്കാത്ത അലുമിനിയം ബേസ് പ്ലേറ്റുകളുപയോഗിച്ച് നിർമിക്കുന്ന നമ്പർ പ്ലേറ്റുകളുടെ വശങ്ങൾ അർധ വൃത്താകൃതിയിലാണ്. വശങ്ങളിൽ പ്രതിഫലിപ്പിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ഇന്ത്യ എന്ന് പ്രിന്റ് ചെയ്തിരിക്കും. എഐഎസ്: 159:2019 നിലവാരത്തിലാണ് നിർമിക്കുന്നത്. നാഷനൽ ഐഡി, ഹോളോഗ്രാം എന്നിവയും ഇന്ത്യൻ മുദ്രയോട് കൂടിയതാണ്. ട്രാക്കിങ്ങിനും ട്രേസിങ്ങിനും സഹായിക്കുന്ന ലേസർ ഐഡിയും മുന്നിലും പിന്നിലുമുള്ള പ്ലേറ്റുകളിൽ വ്യത്യസ്തമായി മുദ്രണം ചെയ്തിരിക്കും. രാത്രി കാലങ്ങളിൽ ഈ നമ്പർ പ്ലേറ്റുകൾ ദൂരെ നിന്ന് വ്യക്തമായി കാണാൻ കഴിയും. ഇടത് ഭാഗത്ത് താഴെയായാണ് 10 അക്ക ലേസർ ബ്രാൻഡ് ഐഡന്റിഫിക്കേഷൻ നമ്പർ നൽകിയിരിക്കുന്നത്.