കല്‍പറ്റ: ശനിയാഴ്ച ഗുണ്ടല്‍പേട്ടയില്‍ പിക്കപ്പ്വാനും പാല്‍ലോറിയും കൂട്ടിയിടിച്ച സ്ഥലത്തെത്തിയിട്ടും അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാതെ തിരിച്ചുപോയ ആംബുലന്‍സിന്‍റെ കഥ സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയാണ് പള്‍സ് എമര്‍ജന്‍സി ടീം സംസ്ഥാന ഭാരവാഹിയായ സലീം കല്‍പറ്റ. വയനാട്, കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ മരിച്ച അപകടസ്ഥലത്ത് വിവരമറിഞ്ഞയുടന്‍ ടോള്‍ പ്ലാസയില്‍ നിര്‍ത്തിയിടുന്ന ആംബുലന്‍സ് എത്തിയിരുന്നു.
എന്നാല്‍, പിക്കപ്പ് വാനിലുണ്ടായിരുന്നവര്‍ മരിച്ചെന്ന് അറിഞ്ഞപ്പോള്‍ ഇരുവരെയും റോഡില്‍തന്നെ ഉപേക്ഷിച്ച് ആംബുലന്‍സ് തിരികെപ്പോവുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇതിലും മോശമായ അനുഭവങ്ങളാണ് കര്‍ണാടകയടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ ഉണ്ടാവാറുള്ളതെന്നാണ് ഫേസ്ബുക്കിലെ ‘കല്‍പറ്റക്കാരുടെ ഗ്രൂപ്പി’ല്‍ പങ്കുവെച്ച പോസ്റ്റിനോട് നിരവധിപേര്‍ പ്രതികരിക്കുന്നത്. സലീമിന്‍റെ പോസ്റ്റിന്‍റെ പ്രസക്ത ഭാഗം:
ഞാനും സുഹൃത്തും ഗുണ്ടല്‍പേട്ടയില്‍ നിന്നും മടങ്ങും വഴിയാണ് കര്‍ണാടകയുടെ മില്‍ക്ക് ലോറിയും വയനാട്ടിലേക്ക് ഉള്ളിയും കയറ്റിവരുകയായിരുന്ന വാഹനവും അപകടത്തില്‍പെട്ടത് കാണുന്നത്. നാട്ടുകാരും യാത്രക്കാരും, മലയാളികളായ ഒരുപാട് ചരക്ക് വാഹന ഡ്രൈവര്‍മാരും അവിടെ ഉണ്ടായിരുന്നു. ഇവരെല്ലാം ഇടപെട്ട് വാഹനത്തിനകത്തു നിന്നും യുവാക്കളെ പുറത്തെടുത്തിരുന്നു. അപ്പോഴേക്കും അവര്‍ മരിച്ചിരുന്നു. ഞാന്‍ വന്ന് നോക്കുമ്ബോള്‍ കണ്ടത് റോഡില്‍ അവരെ കിടത്തിയതാണ്. മൃതദേഹം ആശുപത്രിയിലേക്ക് എന്താണ് മാറ്റാത്തത് എന്ന് അവിടെ ഉണ്ടായിരുന്ന ഒരാളോട് ചോദിച്ചു.
അതിന് കിട്ടിയ മറുപടി, ഹൈവേയില്‍ അപകടം നടന്നാല്‍ ഉടന്‍ വരുന്ന ടോള്‍ പ്ലാസയില്‍ നിര്‍ത്തിയിടുന്ന ആംബുലന്‍സ് ഇവിടെ വന്നിരുന്നു. പക്ഷേ, ഇവര്‍ മരിച്ചു എന്നറിഞ്ഞപ്പോള്‍ അവര്‍ തിരിച്ചുപോയി. മൃതദേഹം ആംബുലന്‍സില്‍ അവര്‍ കയറ്റില്ല. ഞാന്‍ അവിടെ ഉണ്ടായിരുന്ന പൊലീസുകാരനോട് കാര്യം അന്വേഷിച്ചു. അദ്ദേഹത്തോട് മൃതദേഹം ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും അപകടം നടന്ന് 20 മിനിറ്റ് ആയിരുന്നു. ആ സമയത്താണ് എനിക്ക് ഫോണ്‍കാള്‍ വരുന്നത്.
അപ്പോള്‍ പൊലീസുകാരന്‍ എന്നോട് ചോദിച്ചു അവരുടെ കുടുംബക്കാരാണോ വിളിക്കുന്നത് എന്ന്. ഞാന്‍ പറഞ്ഞു അല്ല, മീഡിയയില്‍ നിന്നാണ് എന്ന്. ഇത് കേട്ടയുടന്‍ ആ പൊലീസുകാരന്‍ അവിടെ ഉണ്ടായിരുന്ന സി.ഐ, എസ്.ഐ എന്നിവരോട് സംസാരിക്കുന്നതാണ് കണ്ടത്. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു അംബാസഡര്‍ കാര്‍ വന്ന് മരിച്ച രണ്ടാളെയും അതില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്‍റെ പ്രിയ സുഹൃത്തുക്കളെ ഒരു മൃതദേഹം കയറ്റാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്തിനാണ് ആംബുലന്‍സ്? അവിടെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിലൂടെ മനസ്സിലാവുന്നത്.
അവര്‍ നമ്മുടെ നാട്ടിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ കണ്ടുപഠിക്കട്ടെ. നമ്മുടെ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടുപഠിക്കട്ടെ. നമ്മുടെ ഭരണാധികാരികള്‍ ഇതില്‍ ഇടപെടണം. ഇനി ഒരാള്‍ക്കും ഈ അനുഭവം ഉണ്ടാകരുത്.