ബംഗളൂരു: പാർക്കില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ സംഭവം കണ്ടുവന്ന യുവതിയുടെ അമ്മ ഹോളോബ്രിക്കുവെച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി.വ്യാഴാഴ്ച വൈകുന്നേരം ജയനഗറിലെ സാരാക്കി പാർക്കിലാണ് സംഭവം നടന്നത്. 25-കാരിയായ അനുഷയും 45-കാരനായ ടി. സുരേഷുമാണ് കൊല്ലപ്പെട്ടത്. അനുഷയുടെ അമ്മ ഗീത(50)യെ പോലീസ് കസ്റ്റഡിയിലെടുത്തു.ജെ.പി. നഗറിലെ ഷകംബരി നഗർ സ്വദേശിയാണ് അനുഷ. ഗൊരഗുണ്ടെപാല്യ സ്വദേശിയാണ് സുരേഷ്. അനുഷയുടെ വീടിനടുത്തുള്ള സാരാക്കി പാർക്കില്‍ വൈകുന്നേരം 4.15-ഓടെയാണ് സംഭവം നടന്നത്. ഇതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് അനുഷ ജെ.പി. നഗർ പോലീസ് സ്റ്റേഷനിലെത്തി സുരേഷിനെതിരെ പരാതി നല്‍കിയിരുന്നു.പരാതിയെത്തുടർന്ന് പോലീസ് സുരേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് നല്കി.
മാത്രമല്ല, അനുഷയില്‍നിന്ന് അകലം പാലിക്കുമെന്ന് സത്യവാങ്മൂലം എഴുതിവാങ്ങുകയും ചെയ്തു. എന്നാല്‍, സ്റ്റേഷില്‍നിന്ന് ഇറങ്ങിയ ഉടൻ സുരേഷ് അനുഷയെ ഫോണില്‍ ബന്ധപ്പെടുകയും അവസാനമായി ഒന്നുകൂടി കാണണം എന്നാവശ്യപ്പെടുകയും ചെയ്തു.ഇതിനുപിന്നാലെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകങ്ങള്‍ നടന്നത്. സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അനുഷയും സുരേഷും കഴിഞ്ഞ അഞ്ചുവർഷമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരേ ഇവന്റ് മാനേജ്മെന്റ് കമ്ബനിയില്‍ ജോലിചെയ്തിരുന്ന സമയത്താണ് അടുപ്പത്തിലായത്. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു.
അവിവാഹിതനാണെന്നാണ് സുരേഷ് അനുഷയോടും വീട്ടുകാരോടും പറഞ്ഞിരുന്നത്.നിലവില്‍ പ്രായമായവരെ വീടുകളില്‍ ശുശ്രൂഷിക്കുന്ന ജോലിചെയ്തുവരികയാണ് അനുഷ. അനുഷയുടെ അമ്മയും ഇതേ ജോലിയാണ് ചെയ്യുന്നത്. എന്നാല്‍, സുരേഷ് വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണെന്ന് ഒരുവർഷം മുമ്ബാണ് അനുഷ അറിഞ്ഞത്. ഇതോടെ അനുഷ പ്രണയത്തില്‍നിന്ന് പിന്മാറുകയും സുരേഷില്‍നിന്ന് അകലം പാലിക്കുകയും ചെയ്തു. എന്നാല്‍, സുരേഷ് അനുഷയെ പിന്തുടരുകയും വിവാഹത്തിന് നിർബന്ധിക്കുന്നത് തുടരുകയും ചെയ്തു.ഫോണിലൂടെയും നേരിട്ടും നിരന്തരമായ മാനസിക പീഡനം തുടർന്നതോടെയാണ് അനുഷ സുരേഷിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
പ്രശ്നങ്ങള്‍ സംസാരിച്ചുതീർക്കാമെന്ന സുരേഷിന്റെ ഉറപ്പിന്മേലാണ് അനുഷ പാർക്കില്‍ പോകാൻ തയ്യാറായത്. എന്നാല്‍, ഇവിടെവെച്ചും സുരേഷ് അനുഷയെ പ്രണയം തുടരാനും വിവാഹം കഴിക്കാനും നിർബന്ധിച്ചു. എന്നാല്‍, സുരേഷുമായി ഒരു സൗഹൃദത്തിനും താല്പര്യമില്ലെന്ന നിലപാടിലായിരുന്നു അനുഷ.പാർക്കില്‍വെച്ച് ഇരുവരും കടുത്ത വാഗ്വാദത്തില്‍ ഏർപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. തർക്കത്തിനിടയില്‍ പെട്ടെന്ന് സുരേഷ് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് അനുഷയെ കുത്തുകയായിരുന്നു. സുരേഷും അനുഷയും തമ്മിലുള്ള പ്രശ്നങ്ങള്‍ അറിയാവുന്ന അമ്മ ഗീത അനുഷയ്ക്കൊപ്പം പാർക്കില്‍ എത്തിയിരുന്നു. സുരേഷും അനുഷയും സംസാരിക്കുമ്ബോള്‍ ഇവർ അല്പം മാറിനില്‍ക്കുകയായിരുന്നു.
അപ്രതീക്ഷിതമായി സുരേഷ് അനുഷയെ കുത്തുന്നത് കണ്ടതോടെ ഗീത നിലവിളിച്ചുകൊണ്ട് ഇവിടേക്ക് ഓടിയെത്തുകയും സമീപത്ത് കണ്ട ഹോളോബ്രിക്സ് കൊണ്ട് സുരേഷിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. നിലത്തുവീണ സുരേഷിന്റെ ദേഹത്ത് കയറിയിരുന്ന ഗീത കട്ടകൊണ്ട് തുടരെ അയാളുടെ തലയ്ക്കടിച്ചു.ശേഷം സംഭവം കണ്ടുനിന്ന കുറച്ചുപേരുടെ സഹായത്തോടെ ഗീത അനുഷയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഡോക്ടർ മരണം സ്ഥിരീകിച്ചു. നെഞ്ചിലും കഴുത്തിലും മാരകമായ മുറിവേറ്റ നിലയിലായിരുന്നു അനുഷ. വൈകാതെ ജെ.പി. നഗർ പോലീസ് സ്ഥലത്തെത്തി സുരേഷിനെയും ഇതേ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അയാളും മരിച്ചിരുന്നു.അനുഷയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കിംസ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ രണ്ട് എഫ്.ഐ.ആർ ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ (സൗത്ത്) ലോകേഷ് ഭരമപ്പ ജഗലാസർ പറഞ്ഞു. അനുഷയുടെ അമ്മയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദൃക്സാക്ഷികളെ ചോദ്യംചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.