
വാഷിങ്ടണ്‍: കോവിഡ് പോസിറ്റീവായ പതിമൂന്ന് വയസ്സുള്ള മകനെ കാറിന്റെ ഡിക്കിയില്‍ അടച്ച് പരിശോധനയ്ക്ക് കൊണ്ടുവന്ന അമേരിക്കന്‍ അദ്ധ്യാപിക അറസ്റ്റില്‍. കോവിഡ് ടെസ്റ്റ് ചെയ്യാന്‍ സമീപപ്രദേശത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുമ്ബോഴാണ് മകനെ ഇവര്‍ കാറിന്റെ ഡിക്കിയില്‍ അടച്ചത്. തനിക്ക് രോഗം പകരാതിരിക്കാനാണ് ഇങ്ങനെ ചെയ്തത് എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.
യു.എസിലെ ടെക്സസില്‍ അദ്ധ്യാപികയായ സാറാ ബീമി(41)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആദ്യം നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇത് സ്ഥിരീകരിക്കാനായി സാറ മറ്റൊരു ഡ്രൈവ് ത്രൂ പരിശോധന കേന്ദ്രത്തിലേക്ക് കുട്ടിയെ കാറിന്റെ ഡിക്കിയിലിട്ട് കൊണ്ടുപോവുകയായിരുന്നു.
ഹാരിസ് കൗണ്ടിയിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിലേക്ക് എത്തിയ കാറിലാണ് കുട്ടി ഉണ്ടായിരുന്നത്. ഇവിടെവെച്ച് ചിലര്‍ കാറിന്റെ ഡിക്കിയില്‍നിന്ന് കുട്ടിയുടെ ശബ്ദം കേട്ടു. കോവിഡ് പരിശോധനയ്ക്ക് വന്നു മടങ്ങുന്ന ഒരാളാണ്, കാറിന്റെ ഡിക്കിയില്‍ ആരോ ഉണ്ടെന്ന് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. കാറിന്റെ ഡിക്കി തുറക്കാന്‍ ആദ്യം അദ്ധ്യാപിക വിസമ്മതിച്ചുവെങ്കിലും പൊലീസ് നിര്‍ബന്ധിച്ച് തുറപ്പിക്കുകയായിരുന്നു.
അപ്പോഴാണ് ഡിക്കിക്കുള്ളില്‍ പനിച്ചു കിടക്കുന്ന 13 വയസ്സുകാരനെ കണ്ടെത്തിയത്. ഡിക്കിക്കകത്ത് ചെരിഞ്ഞു കിടക്കുകയായിരുന്നു കുട്ടി. എട്ടു കിലോ മീറ്ററോളം ഇങ്ങനെ യാത്ര ചെയ്തതായി പൊലീസ് അധികൃതര്‍ പറഞ്ഞു. തനിക്ക് അസുഖം പകരാതിരിക്കാനാണ് മകനെ കാറിന്റെ ഡിക്കിയില്‍ അടച്ചതെന്ന് 41-കാരിയായ അമ്മ സാറാ ബീം പറഞ്ഞു.
മകന്‍ കോവിഡ് പോസിറ്റീവ് ആണോ എന്നുറപ്പിക്കാനുള്ള രണ്ടാമത്തെ പരിശോധനയ്ക്കാണ് ഇവര്‍ ആരോഗ്യ കേന്ദ്രത്തിലെ കോവിഡ് ടെസ്റ്റ് സെന്ററില്‍ എത്തിയത്. മകനെ കാറില്‍ കയറ്റിയാല്‍ തനിക്ക് അസുഖം പകരുമെന്ന് ഭയന്നതായി അമ്മ പറഞ്ഞു. ദീര്‍ഘനേരം ഡിക്കിക്കകത്ത് കിടക്കേണ്ടി വന്നുവെങ്കിലും കുട്ടിയുടെ ആരോഗ്യ നില ഭദ്രമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
പരിശോധന നടത്തേണ്ട കുട്ടി ഡിക്കിക്കുള്ളിലാണെന്ന് പറഞ്ഞതോടെ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്താന്‍ തയ്യാറായില്ല. കുട്ടിയെ കാറിന്റെ പിന്‍സീറ്റിലിരുത്തി കൊണ്ടുപോവുമെന്ന് ഉറപ്പു നല്‍കിയാലേ, കോവിഡ് പരിശോധന നടത്തൂ എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
2011-മുതല്‍ സൈപ്രസ് ഫാള്‍സ് ഹൈ സ്‌കൂളിലെ ശാസ്ത്ര അദ്ധ്യാപികയാണ് അറസ്റ്റിലായ സാറാ ബീം. ഈയടുത്തായി ഇവര്‍ സ്‌കൂളിന്റെ അഡ്‌മിനിസ്ട്രേറ്റീവ് ചുമതലയിലാണ്. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണമാരംഭിച്ചതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. യാത്രയ്ക്കിടയില്‍ ഏതെങ്കിലും വാഹനം ഇടിച്ചിരുന്നുവെങ്കില്‍, ഡിക്കിക്കുള്ളില്‍ കിടക്കുന്ന കുട്ടിക്ക് ഗുരുതരമായി പരിക്ക് പറ്റുമായിരുന്നുവെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയെന്നും അതിനുശേഷമാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും പൊലീസ് അറിയിച്ചു. ഭാഗ്യവശാല്‍ കുട്ടിക്ക് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.