ബെംഗളൂരു: ഇസ്രായേല്‍-ഇറാന് സംഘര്‍ഷത്തെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, അബുദാബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേയ്സ് വിമാനം തിങ്കളാഴ്ച രാത്രി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങി.

വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് അബുദാബിയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് എയര്‍ലൈന്‍ അധികൃതര്‍ താമസസൗകര്യവും ഭക്ഷണവും ഉള്‍പ്പെടെയുള്ള മികച്ച സേവനങ്ങള്‍ നല്‍കിയതായി മടങ്ങിയെത്തിയ യാത്രക്കാര്‍ പറഞ്ഞു.ഞായറാഴ്ച വൈകുന്നേരവും അബുദാബിയില്‍ നിന്ന് നാല് പ്രത്യേക വിമാനങ്ങള്‍ ഇന്ത്യന്‍ യാത്രക്കാരുമായി വിവിധ നഗരങ്ങളിലെത്തിയിരുന്നു.യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി ഇത്തിഹാദ് എയര്‍വേയ്സ് തന്നെയാണ് ഈ പ്രത്യേക സര്‍വീസുകള്‍ നടത്തിയത്.ഞായറാഴ്ച രാത്രി 7:40-ന് ആദ്യ വിമാനം മുംബൈയിലെത്തി. രാത്രി 8 മണിയോടെ രണ്ടാമത്തെ വിമാനം ഡല്‍ഹിയില്‍ ഇറങ്ങി. രാത്രി 9:45-ഓടെ ബെംഗളൂരുവില്‍ വിമാനമെത്തി. രാത്രി 10:10-ഓടെ പ്രത്യേക വിമാനം നെടുമ്പാശ്ശേരിയില്‍ ഇറങ്ങി.പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍. വരും ദിവസങ്ങളിലും കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നാണ് സൂചന.