പാലക്കാട്: ‘കുറഞ്ഞ തുക നല്കി അംഗത്വമെടുക്കുേമ്ബാള് അതേ മൂല്യത്തിലുള്ള നിത്യോപയോഗ ഉല്പന്നങ്ങള് നിങ്ങള്‍ക്ക് ലഭിക്കും. പിന്നെ നിങ്ങള്‍ കൂടുതല്‍ ആളുകളെ ചേര്ക്കുേമ്ബാള് അതിനനുസരിച്ച് കമീഷന്, ടൂര്‍, കാര്‍…’ റിട്ടയേര്‍ഡ് അധ്യാപികയോട് ആദ്യം മാര്‍ക്കറ്റിങ്ങിനെത്തിയ പഴയ വിദ്യാര്‍ഥി പറഞ്ഞതിങ്ങനെയാണ്. മോശമല്ലാത്ത ഒരു തുക നല്കി അംഗത്വമെടുത്ത അധ്യാപികക്ക് സോപ്പും പൗഡറും സര്‍വരോഗ നിവാരിണികളായ സിദ്ധൗഷധങ്ങളുമടക്കം സഞ്ചിക്കണക്കിന് ഉല്പന്നങ്ങളും വന്നു. ഭൂരിഭാഗവും അടിസ്ഥാന നിലവാരം പോലുമില്ലാത്തവ. വാട്സ്ആപ് ഗ്രൂപ്പും മോട്ടിവേഷന്‍ ക്ലാസും പൊടിപൊടിക്കുന്നതിനിടെ കൂടുതല്‍ ആളെ ചേര്‍ക്കാനുള്ള സമ്മര്‍ദവും ഏറിവന്നു… ലോക്ഡൗണില്‍ പ്രതീക്ഷയറ്റ് ആളുകള്‍ വീട്ടിലിരുന്നപ്പോഴും മണിചെയിനും മാര്‍ക്കറ്റിങ് തട്ടിപ്പുകളും ജില്ലയില്‍ തഴച്ചുവളരുന്നതാണ് കണ്ടത്.
‘അല്പം പുല്ലും വെള്ളവും ഇടക്കല്പ്പം പിണ്ണാക്കും ഉണ്ടെങ്കില്‍ പാലിങ്ങനെ ശറ പറാന്ന് ഒഴുകി വരും’ നാടോടിക്കാറ്റിലെ ശങ്കരാടിയുടെ ഡയലോഗ് ആരും ഒാര്മിച്ചുപോകും, ഇത്തരക്കാരുടെ വാഗ്ദാനങ്ങള്‍ കേട്ടാല്‍. വീട്ടമ്മമാര്‍ മുതല്‍ പ്രഫഷനലുകള്‍ വരെ നീളുന്ന ചങ്ങലകള്‍. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ നിക്ഷേപമിരട്ടിക്കുന്നതിെന്റയും സര്‍വ അസുഖ സംഹാരികള്‍ വിറ്റ് കോടീശ്വരനാവുന്നതിെന്റയും സ്വപ്നങ്ങളില്‍ മയങ്ങി ഉണര്‍ന്നപ്പോഴേക്കും കൈയിലുണ്ടായിരുന്ന സമ്ബാദ്യത്തില്‍ വലിയപങ്കും നഷ്ടപ്പെട്ടവര്‍ ജില്ലയില്‍ നിരവധിയാണ്.
സോപ്പ്, ചീപ്പ്, കുപ്പി
നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ്ങാണ് കോവിഡില്‍ ജില്ലയില്‍ തഴച്ച മറ്റൊരു സംരംഭം. അംഗത്വമെടുത്താല്‍ നിത്യോപയോഗ സാധനങ്ങള്‍ ശറപറാന്ന് വരും. കൂടുതല്‍ ആളെ ചേര്‍ത്താല്‍ കമീഷന്, ഉല്പന്നങ്ങള് വിറ്റാല്‍ കമീഷന്… വാഗ്ദാനങ്ങളിങ്ങനെ പോകുന്നു. ഗ്രാമ-നഗര ഭേദമേന്യ ഒാഫിസുകള്‍ തുറന്നാണ് പ്രവര്‍ത്തനം.
ഗുണനിലവാര മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇക്കൂട്ടര്‍ ഉല്പന്നങ്ങള് നല്‍കുന്നത്. വിവിധ പഴങ്ങളുടെയും പച്ചക്കറികളുടെയും പേരില്‍ നിറമുള്ള ഒൗഷധങ്ങള്‍ സര്‍വരോഗ സംഹാരികളായി വിറ്റഴിക്കുന്നതിനൊപ്പം അനുഭവസ്ഥരുടെ സാക്ഷ്യം കൂടിയാവുേമ്ബാള് തട്ടിപ്പിന് കളമൊരുങ്ങുകയായി.
ഡയറക്ട് മാര്ക്കറ്റിങ്ങിെന്റ ചുവടുപിടിച്ച് മണിചെയിന്‍ മാതൃകയില്‍ ആരംഭിച്ച തട്ടിപ്പിലേറെയും ഗ്രാമീണരെ ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ചെറിയ അധ്വാനംകൊണ്ട് അതിവേഗം സമ്ബന്നരാകാമെന്ന് പറഞ്ഞ് വ്യക്തിത്വ വികസന ക്ലാസുകള്‍ നല്‍കിയും ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കിയുമാണ് തട്ടിപ്പുകാര്‍ ഇരകളെ വശീകരിക്കുന്നത്. നിലവിലുള്ള വരുമാനവും ജോലിയും കളയാതെ ഒഴിവുള്ള സമയം മാത്രം ചെലവഴിച്ച് വന്‍ സാമ്ബത്തിക അഭിവൃദ്ധി നേടാമെന്നും സമൂഹത്തില്‍ അറിയപ്പെടുന്നവനാകാമെന്നും മറ്റും പ്രലോഭിപ്പിച്ചാണ് തട്ടിപ്പുകാര്‍ കുരുക്ക് മുറുക്കുന്നത്.
വടിയെടുത്താല്‍ പൊടികാണില്ല
പണം പലിശക്കെടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയും നിരവധിയാളുകള്‍ ഇവയില്‍ ചേരുന്നതോടെ ഇവയുടെ ഉന്നതര്‍ മുങ്ങുന്നതാണ് പതിവ്.
തമിഴ്നാട് വിജിലന്‍സ് അടുത്തകാലത്ത് കോയമ്ബത്തൂര്‍, പൊള്ളാച്ചി, തിരുപ്പൂര്‍ എന്നിവടങ്ങളില്‍ ഇത്തരം സ്ഥാപനങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കിയതോടെ പലരുടെയും പണം വെള്ളത്തിലായെന്ന് പാലക്കാട്ട് നിന്നടക്കമുള്ള നിക്ഷേപകര്‍ രഹസ്യമായി സമ്മതിക്കുന്നു. സമാന സംഭവങ്ങള്‍ പൊലീസിലോ മറ്റിടങ്ങളിലോ പരാതിപ്പെടരുതെന്നും പരാതിപ്പെട്ട് തുടര്‍നടപടികള്‍ ഉണ്ടായാല്‍ നിക്ഷേപകരുടെ തുക ലഭിക്കിെല്ലന്നുമുള്ള ഭീഷണിയെ തുടര്‍ന്ന് പണം നിക്ഷേപിച്ച പലരും ആശങ്കയിലാണ്.
ചങ്ങലയില്‍ തളക്കുന്ന മാഫിയ
ഒരിടവേളക്ക് ശേഷം ജില്ലയില്‍ വീണ്ടും മണിചെയിന്‍ മാഫിയ പിടിമുറുക്കുകയാണെന്ന് പൊലീസും സമ്മതിക്കുന്നു. ചിട്ടി മുതല്‍ ഇരട്ടിപ്പ് വരെ തട്ടിപ്പിന് തലവെച്ച് കോടിക്കണക്കിനു രൂപയും സമ്ബത്തും നഷ്ടപ്പെട്ട മലയാളികളെ കുരുക്കാന്‍ കെട്ടിലും മട്ടിലും മാറ്റം വരുത്തിയാണ് വിരുതന്മാര് സജീവമാകുന്നത്. മിക്ക തട്ടിപ്പുകളിലും മാസതവണകളായോ, സ്ഥിരം നിക്ഷേപമായോ പണം അടച്ചാല്‍ ഏതാനും മാസത്തിലധികം ഇരട്ടിയിലധികം തിരികെ തരാമെന്നാണ് ഇരകളെ വിശ്വസിപ്പിക്കുക. പിരമിഡ് മാതൃകയിലുള്ള മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് നിരോധനമുള്ളതുകൊണ്ടുതന്നെ അന്തര്‍ സംസ്ഥാന അയല്‍ ജില്ലകളില്‍ ഓഫിസ് സ്ഥാപിച്ചാണ് ജില്ലയില്‍ തട്ടിപ്പ് വ്യാപിക്കുന്നത്. പാലക്കാട് നഗരത്തില്‍ അടുത്തിടെ തട്ടിപ്പിനിരയായവര്‍ മണിചെയിന്‍ പ്രധാന കണ്ണിയായ യുവതിയെ ദിവസം മുഴുവന്‍ ഉപരോധിച്ചിരുന്നു. നാണക്കേട് ഭയന്ന് തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും പരാതി നല്‍കാറില്ലെന്ന് പൊലീസ് പറയുന്നു.
ചിലരാകെട്ട പൊതുമേഖല സ്ഥാപനങ്ങളുടെ പേരിന് സമാനമായ പേരാണ് സ്വീകരിക്കുക.ഒറിജിനലിനെ വെല്ലുന്ന വ്യാജനെന്ന് അനുഭവസ്ഥര്‍ പറയും. ഒരുലക്ഷം രൂപ 150 ദിവസം കൊണ്ട് രണ്ട് ലക്ഷമാക്കി തിരികെ തരാമെന്നും 50,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ ആഴ്ചയില്‍ ഉയര്‍ന്ന തോതില്‍ പലിശ തരാമെന്ന വാഗ്ദാനത്തിലും കുടുക്കിയുമാണ് തട്ടിപ്പ് അരങ്ങേറുന്നത്.ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാകട്ടെ മുമ്ബ് പലവിധ തട്ടിപ്പിലൂടെ ഈ മേഖലയില്‍നിന്ന് കോടികള്‍ സമ്ബാദിച്ചവരുമാണ്.