മോഹൻലാലിന്റെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ് ‘സ്ഫടികം’. ഭദ്രൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. 1995 മാര്‍ച്ച് 30നാണ് ‘സ്ഫിടികം’ മലയാളികള്‍ക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ ‘സ്ഫടിക’മെന്ന ചിത്രം പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും വീണ്ടും റിലീസ് ചെയ്യുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാല്‍.
എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എന്റെ ‘ആടു തോമ’ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം ഒമ്പതിന് ‘സ്ഫടികം’ 4k അറ്റ്മോസില് എത്തുന്നു. ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്. ‘അപ്പോൾ എങ്ങനാ.. ഉറപ്പിക്കാവോ?’ എന്നുമാണ് മോഹൻലാല്‍ സമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.
‘സ്ഫടികം’ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചിത്രം റീ റിലീസ് ചെയ്യാനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍ കൊവിഡ് 19ന്റെ സാഹചര്യത്തില്‍ റീ റിലീസ് വൈകുകയായിരുന്നു. സിനിമയുടെ റീ റിലീസിനായി ജ്യോമെട്രിക്സ് എന്ന കമ്പനി രൂപീകരിച്ചതായും ഭദ്രൻ നേരത്തെ അറിയിച്ചിരുന്നു. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തുക. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മ്മിക്കുകയാണ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണ്ണായക രംഗങ്ങള്‍ക്കായി ക്യാമറ ചലിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്. സിനിമയ്ക്കുവേണ്ടി കെ എസ് ചിത്രയും മോഹന്‍ലാലും വീണ്ടും പാടുന്നുണ്ടെന്നും ഭദ്രൻ നേരത്തെ അറിയിച്ചിരുന്നു.
‘ആടു തോമ’ എന്ന കഥാപാത്രമായി മോഹൻലാല്‍ എത്തിയ ചിത്രം ഫാമിലി ആക്ഷൻ ഡ്രാമയായിരുന്നു. തിലകനും കെപിഎസി ലളിതയുമായിരുന്നു മോഹൻലാലിന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത്. തിലകന്റെ ‘ചാക്കോ മാഷ്’ എന്ന കഥാപാത്രത്തിന് ഏറെ അഭിനന്ദനം ലഭിച്ചിരുന്നു. ഭൂമിയുടെ സ്പന്ദനം മാത്തമാറ്റിക്സിലാണ് എന്ന ചിത്രത്തിലെ ഡയലോഗും ഹിറ്റായിരുന്നു.
ഗോളിന്റെ ഉടമസ്ഥതയില്‍ ആശയക്കുഴപ്പം! നേട്ടമാഘോഷിച്ച് റൊണാള്‍ഡോ; പിന്നാലെ ബ്രൂണോയുടേതെന്ന് സ്ഥിരീകരണം
ദോഹ: ഫിഫ ലോകകപ്പ് എച്ച് ഗ്രൂപ്പില്‍ ഉറുഗ്വെയെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ രണ്ട് ഗോളുകളാണ് പോര്‍ച്ചുഗലിന് ജയമൊരുക്കിയത്. ഒരു ഗോള്‍ ബോക്സിന് പുറത്ത് നിന്നായിരുന്നു. മറ്റൊന്ന് പെനാല്‍റ്റി കിക്കിലൂടേയും. ഖത്തര്‍ ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ബ്രൂണോ. ഘാനയ്ക്കെതിരായ ആദ്യ മത്സരത്തില്‍ രണ്ട് അസിസ്റ്റുകളും ബ്രൂണോ നേടിയിരുന്നു.
എന്നാല്‍ ബ്രൂണോയുടെ ആദ്യ ഗോളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അതിന്റെ കാരണക്കാരന്‍ മറ്റാരുമല്ല, ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്നെ. യഥാര്‍ത്ഥത്തില്‍ ബ്രൂണോ ക്രിസ്റ്റിയാനോയ്ക്ക് ഹെഡ് ചെയ്യാന്‍ പാകത്തില്‍ ക്രോസ് ചെയ്ത പന്തായിരുന്നു അത്. ഉയര്‍ന്നുചാടിയ ക്രിസ്റ്റ്യാനോ പന്ത് ഹെഡ് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ താരത്തിന് ശരിയായ രീതിയില്‍ കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. തലമുടിയില്‍ ഉരസിയാണ് പന്ത് ഗോള്‍വര കടന്നത്. ഒരുപക്ഷേ ക്രിസ്റ്റ്യാനോ ഹെഡ് ചെയ്യാന്‍ ശ്രമിച്ചതുകൊണ്ടാവാം ഉറുഗ്വെന്‍ ഗോള്‍ കീപ്പര്‍ക്ക് ആശയകുഴപ്പമായത്. എന്തായാലും ക്രിസ്റ്റ്യാനോ തന്റെ ഗോളെന്ന രീതിയില്‍ ആഘോഷവും തുടങ്ങി. എന്നാല്‍ നിമിഷങ്ങള്‍ക്കകം തിരുത്ത് വന്നു. ബ്രൂണോയ്ക്ക് അവകാശപ്പെട്ട ഗോളാണ് അതെന്ന് ഔദ്യോഗികമായി തെളിഞ്ഞു. വീഡിയോ കാണാം…
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു പറങ്കിപ്പടയുടെ വിജയം. രണ്ടാംപാതിയുടെ തുടക്കത്തില്‍ ബ്രൂണോയുടെ ഗോളിന് മറുപടി നല്കാന് ആവുംവിധം പൊരുതി നോക്കിയെങ്കിലും ലാറ്റിനമേരിക്കന്‍ ശക്തികള്‍ക്ക് മറുപടി നല്‍കാനായില്ല. പിന്നാലെ അവസാന നിമിഷം വന്ന പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ പോര്‍ച്ചുഗലിന്റെ വിജയം ഉറപ്പിച്ചു. ഗ്രൂപ്പ് എച്ചിലെ കരുത്തന്മാരുടെ പോരാട്ടത്തില്‍ വിജയം നേടി രാജകീയമായി തന്നെ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ചു. ഉറുഗ്വെയ്ക്ക് അവസാന മത്സരം ഇതോടെ നിര്‍ണായകമായി.