Home Featured രണ്ടാംഘട്ട വോട്ടെടുപ്പ് :കർണാടകയില്‍ അഞ്ചു റാലികളുമായി പ്രധാനമന്ത്രി

രണ്ടാംഘട്ട വോട്ടെടുപ്പ് :കർണാടകയില്‍ അഞ്ചു റാലികളുമായി പ്രധാനമന്ത്രി

ബംഗളൂരു: മേയ് ഏഴിന് കർണാടകയിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് രണ്ടുദിവസത്തിനിടെ അഞ്ചു റാലികളില്‍ പങ്കെടുക്കും.വടക്കൻ കർണാടകയില്‍ വോട്ട് ഏകോപിപ്പിക്കാൻ പാർട്ടി നടത്തുന്ന ശ്രമങ്ങള്‍ക്ക് ശക്തി പകരുകയാണ് ലക്ഷ്യം. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ മണ്ഡലങ്ങളിലാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലി നടത്തുന്നത്.

ശനിയാഴ്ച രാത്രി ബെളഗാവിയിലെത്തുന്ന പ്രധാനമന്ത്രി ഞായറാഴ്ച രാവിലെ ബെളഗാവിയില്‍ റാലി തുടങ്ങും. തുടർന്ന് ഉത്തര കന്നഡയിലെ സിർസിയിലും ദാവൻകരയിലും ബെള്ളാരിയിലും റാലി നടത്തിയശേഷം ഹൊസപേട്ടിലേക്ക് മടങ്ങും. തിങ്കളാഴ്ച ബാഗല്‍കോട്ടിലാണ് റാലി. സുരക്ഷ മുൻനിർത്തി താലൂക്കില്‍ മുഴുവനായും ഡ്രോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചതായി ഡെപ്യൂട്ടി കമീഷണർ നിതേഷ് പാട്ടീല്‍ ഉത്തരവിറക്കി.

ദക്ഷിണേന്ത്യയെ പ്രത്യേകരാഷ്ട്രമാക്കണമെന്ന് പറഞ്ഞ് അവര്‍ വോട്ടുപിടിക്കുന്നു- പ്രധാനമന്ത്രി മോദി

ഇന്ത്യ സഖ്യത്തിനെതിരെ ഗുരുതരപരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണേന്ത്യയെ വിഭജിച്ച്‌ പ്രത്യേകരാഷ്ട്രം ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ത്യ സഖ്യം കർണാടകയിലും തമിഴ്നാട്ടിലും പ്രസംഗിക്കുന്നതെന്ന് മോദി പറഞ്ഞു.അവർ ദേശവിരുദ്ധ അജൻഡകളും പ്രീണനവും മുന്നോട്ടുവെക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രയിലെ കൊല്‍ഹാപുരിലെ ബി.ജെ.പി. റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.’എൻ.ഡി.എയുടെ വികസനത്തിന്റെ ട്രാക്ക് റെക്കോർഡുമായി എതിരിടാൻ കഴിയില്ലെന്ന് മനസ്സിലായതോടെ കോണ്‍ഗ്രസും അവരുടെ സുഹൃത്തുക്കളും തന്ത്രങ്ങള്‍ മാറ്റുകയാണ്. അവർ ദേശവിരുദ്ധ അജൻഡകളും പ്രീണനവും മുന്നോട്ടുവെക്കുന്നു.

ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അജൻഡ കശ്മീരിന്റെ പ്രത്യേകപദവി പുനഃസ്ഥാപിക്കുമെന്നാണ്’, മോദി പറഞ്ഞു.ഇന്ത്യ മുന്നണി സർക്കാർ ഉണ്ടാക്കിയാല്‍ പൗരത്വനിയമം റദ്ദാക്കും. മൂന്നക്ക സംഖ്യയിലുള്ള സീറ്റുകള്‍ പോലും അവർക്ക് വിജയിക്കാൻ കഴിയില്ല. ഇന്ത്യ സഖ്യത്തിന് സർക്കാരുണ്ടാക്കാനുള്ള പടിവാതിലില്‍പോലും എത്താൻ കഴിയില്ല. ഒരു വർഷം, ഒരു പ്രധാനമന്ത്രി എന്നതാണ് അവരുടെ സമവാക്യം. അഞ്ചുവർഷം അധികാരത്തിലിരുന്നാല്‍ അഞ്ച് പ്രധാനമന്ത്രിമാർ ഉണ്ടാവുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന് ഏറെ പ്രിയപ്പെട്ട ഡി.എം.കെ. സനാതനത്തെ അധിക്ഷേപിക്കുകയാണ്. സാനതനം ഡെങ്കിയും മലേറിയയുമാണെന്നാണ് അവർ പറയുന്നത്. വ്യാജ ശിവസേന ഇത്തരക്കാരുടെ തോളോട് തോള്‍ ചേർന്ന് നടക്കുകയാണ്. എവിടെയായിരുന്നാലും ഇത് കാണുന്ന ബാലാസാഹേബ് താക്കറേയുടെ ആത്മാവ് വേദനിക്കുന്നുണ്ടാവുമെന്നും ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group