ബംഗളുരു:പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഏപ്രിൽ ആദ്യവാരം കർണാടക സന്ദർശിക്കുമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. എന്നാൽ ഇവരുടെ സന്ദർശന വേളയിൽ മന്ത്രി സഭാ വികസനത്തെ കുറിച്ചു ചർച്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ക്ഷീരാഭിവൃദ്ധി ബാങ്ക് പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാനാണ് ഏപ്രിൽ 1ന് അമിത് ഷാ എത്തുന്നത്.
പ്രധാന മന്ത്രി ഏപ്രിൽ 5ന് എത്തുമെന്നാണ് നിലവിലെ പ്രതീക്ഷ. എന്നാൽ, തീയതികൾ ചിലപ്പോൾ മാറിയേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.• മന്ത്രിസഭാ വികസനം എന്നുണ്ടാകുമെന്ന ചോദ്യത്തിന് ഇതു സംബന്ധിച്ച ചർച്ചയ്ക്ക് ഡൽഹിയിലേക്കു വിളിപ്പിക്കുമ്പോൾ താൻ പോകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
കന്നഡ പുതുവർഷപ്പിറവിയായ ഉഗാദിക്കു ശേഷം ഏപ്രിൽ ആദ്യവാരം മന്ത്രിസഭാ വികസനം നടക്കുമെന്ന് അഭ്യൂഹങ്ങൾ പടർന്നതിനെ തുടർന്ന്, ബിജെപിയിലെ ഒരു വിഭാഗം മുതിർന്ന നേതാക്കൾ കരുനീക്കങ്ങളുമായി രംഗത്തുണ്ട്. നിലവിൽ 4 മന്ത്രിസ്ഥാനങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നത്.