ചെന്നൈ: ഇറാനിലെ സംഘർഷം തമിഴ്നാട്ടില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ വിശദീകരിച്ചും, നനടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.സംഘർഷവുനായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ച ചെയ്യാൻ സ്റ്റാലിൻ ഒരു അവലോകനയോഗം വിളിച്ചു ചേർക്കുകയും ചെയ്തു. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയും, ചെയ്യാൻ സാധിക്കുന്ന കാര്യങ്ങള്‍ ആലോചിക്കുകയും ചെയ്തു.

“ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്ന തമിഴരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മേഖലയില്‍ നിലവില്‍ കുടുങ്ങിക്കിടക്കുന്ന തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചുകൊണ്ട് ഞാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്,” മുഖ്യമന്ത്രി എക്‌സ് പോസ്റ്റില്‍ പറഞ്ഞു. നിലവിലെ എല്‍പിജി ക്ഷാമം പൊതുജനങ്ങളെ ബാധിക്കാതിരിക്കാനുള്ള നടപടികളെടുക്കണമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. തമിഴ്നാട്ടിലെ വാണിജ്യപ്രവർത്തനങ്ങളെയും എംഎസ്‌എംഇകളെയും ഈ ക്ഷാമം ബാധിക്കാതിരിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.ഗ്യാസ് സിലിണ്ടറുകള്‍ ലഭ്യമല്ലാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിനാല്‍ കേന്ദ്ര സർക്കാർ അടിയന്തിരമായി ബദല്‍ മാർഗം കണ്ടെത്തണമെന്നും മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.അതെസമയം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഗ്യാസ് സിലിണ്ടർ ക്ഷാമം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ബെംഗളൂരുവില്‍ വാണിജ്യ സിലിണ്ടറുകളുടെ വിതരണം മുന്നറിയിപ്പില്ലാതെ നിർത്തിയതായി റിപ്പോർട്ടുണ്ട്. ഇതെത്തുടർന്ന് പല ഹോട്ടലുകളുടെയും പ്രവർത്തനം നിലച്ചിരിക്കുകയാണ്. വരുംദിവസങ്ങളില്‍ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ ഹോട്ടലുകള്‍ പ്രതിസന്ധിയിലാകും എന്നാണ് വിവരം.ഈ വിഷയത്തില്‍ ആശങ്കയറിയിച്ച് ഹോട്ടലുകളുടെ സംഘടന രംഗത്തുണ്ട്. അടിയന്തിരമാ.യി ഇടപെടണമെന്നും, എല്‍പിജി ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.ഹോർമുസ് കടലിടുക്കിലെ തടസ്സം അവസാനിക്കാതെ ഇന്ത്യക്ക് ആവശ്യമായ എല്‍പിജി ലഭ്യമാകുക പ്രയാസമായിരിക്കും. കടലിലെ ഈ മേഖല മുറിച്ചു കടക്കാൻ ശ്രമിച്ചാല്‍ ആക്രമിക്കപ്പെടുമെന്ന ഭീഷണിയുണ്ട്. കടലിടുക്ക് അടച്ചിട്ടില്ലെന്ന് ഇറാൻ പറയുന്നുണ്ടെങ്കിലും അനുമതിയില്ലാതെ കടന്നാല്‍ ആക്രമണം ഉറപ്പാണ്. ഇതിനിടെ ചൈനയുടെ ചില കപ്പലുകള്‍ മാത്രമാണ് ഹോർമുസ് കടലിടുക്ക് കടന്നത്. ഇതിന് പ്രത്യേക അനുമതി ഇറാൻ നല്‍കിയിരുന്നു. ഇന്ത്യക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുള്ള അനുമതി കഴിഞ്ഞ ദിവസം യുഎസ് നല്‍കിയിരുന്നു.
എന്നാല്‍ ഇതും പര്യാപ്തമായ തോതിലുള്ളതല്ല. ഇതിനകം ഇന്ത്യക്കു വേണ്ടി കപ്പലില്‍ സംഭരിക്കുകയും, യുഎസ്സുമായുള്ള പുതിയ കരാർ വന്നതിനാല്‍ ഉപേക്ഷിക്കേണ്ടി വരികയും ചെയ്ത എണ്ണ കൈമാറ്റം മാത്രമാണ് ഇപ്പോള്‍ കൈമാറാൻ യുഎസ് അനുവദിച്ചിട്ടുള്ളത്. ഇത് പരമാവധി നാലോ അഞ്ചോ ദിവസത്തേക്കുള്ളത് മാത്രമേ ആകുന്നുള്ളൂ എന്നാണ് റിപ്പോർട്ടുകള്‍.അറബ് – യൂറോപ്യൻ രാജ്യങ്ങള്‍ തങ്ങളുടെ യുഎസ് നയതന്ത്ര പ്രതിനിധികളെ രാജ്യത്തു നിന്ന് പുറത്താക്കിയാല്‍ എണ്ണ വിതരണത്തിന് അനുമതി നല്‍കാമെന്നാണ് ഇറാൻ ഇപ്പോള്‍ പറയുന്നത്.