ബെംഗളൂരു : ബെംഗളൂരുവിൽ കാണാതായ ഒൻപതാം ക്ലാസ് വിദ്യാർഥിയെ അഴുക്കുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി.സ്വകാര്യ സ്ഥാപനത്തിൽ ഹൗസ് കീപ്പിങ് ജീവനക്കാരനായ ചാമരാജനഗർ ജില്ലയിലെ രജനീകാന്തിൻ്റെ മകൻ പ്രീതം (14) ആണ് മരിച്ചത്. ബെംഗളൂരു സൗത്തിലെ തതാഗുനി ഗ്രാമത്തിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. വ്യാഴാഴ്ചയാണ് പ്രീതമിനെ കാണാതായത്. തുടർന്ന് മാതാപിതാക്കൾ കഗ്ഗലി പുര പോലീസിൽ പരാതി നൽകി. അന്നുമുതൽ പോലീസും നാട്ടുകാരും തിരച്ചിൽ നടത്തിവരുകയായിരുന്നു. ഞായറാഴ്ച രാവിലെ, ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോൾ കുട്ടിയുടെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തുകയായിരുന്നു. അബദ്ധത്തിൽ വീണതാകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം നടത്തി വരുകയാണ്.