കാസർഗോഡ് കാണാതായ പെൺകുട്ടിയേയും യുവാവിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 15 കാരിയും 42 കാരനായ പ്രദീപുമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ഗ്രൗണ്ടിലെ അക്വേഷ്യ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. 26 ദിവസങ്ങൾക്ക് മുൻപാണ് ഇരുവരേയും കാണാതായത്. പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഫെബ്രുവരി 12 നാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയത്. തൊട്ട് പിന്നാലെയാണ് അയൽവാസിയായ പ്രദീപിനേയും കാണാതായത്. തുടർന്ന് ഇരുവരുടേയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തിയിരുന്നു. രണ്ടുപേരുടേയും ഫോണുകൾ ഒരേ സ്ഥലത്ത് വെച്ചാണ് ഓഫായിരിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വീടിന് പരിസരത്ത് പരിശോധന നടത്തുകയായിരുന്നു.
പൈവളിഗ മണ്ടെക്കാപ്പ് ഗ്രൗണ്ടിന് സമീപത്തുള്ള തോട്ടം കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 17 ഏക്കറോളം വരുന്ന സ്ഥലമാണിത്. ഡ്രോൺ ഉപയോഗിച്ചായിരുന്നു ആദ്യം പരിശോധിച്ചത്. എന്നാൽ തോട്ടത്തിന്റെ ഉൾഭാഗത്തേക്ക് വിശദമായ പരിശോധന നടത്താൻ സാധിച്ചിരുന്നില്ല.ഇന്ന് രാവിലെ മുതൽ 52 അംഗ പൊലീസ് സംഘവും നാട്ടുകാരുമടക്കം വ്യാപക തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈൽ ഫോണും കത്തിയുമടക്കം കണ്ടെടുത്തു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.