ബംഗളൂരു : കർണാടകയിൽ പൂർണ ഗർഭിണിയായ പശുവിനെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് പരാതി. പശുവിനെ അറുത്ത ശേഷം മാംസം മുറിച്ചുകൊണ്ടു പോയെന്ന് പരാതിയിൽ പറയുന്നു. ഉത്തര കന്നഡ ജില്ലയിലെ ഹൊന്നാവർ താലൂക്കിലാണ് സംഭവം.മേയാൻ വിട്ട പശുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പശുവിന്റെ തലയും കൈകാലുകളും കാട്ടിൽ നിന്ന് കണ്ടെത്തിയത്. തലയും അകിടും ഭ്രൂണവും വേവ്വേറെ മുറിച്ചിരുന്നു. പൂർണ വളർച്ചയെത്തിയ ഭ്രൂണം ശരീരത്തിൽ നിന്നും വേർപ്പെടുത്തിയ നിലയിലായിരുന്നു. പശുവിന്റെ ഉടമ കൃഷ്ണ ആചാരിയുടെ പരാതിയിൽ ഹൊന്നാവർ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം ശിവമോഗ ജില്ലയിലെ ഭദ്രാവതി നദിക്കരയിൽ നിന്ന് വൻ തോതിൽ പശുവിന്റെ മാംസാവശിഷ്ടങ്ങൾ കണ്ടെത്തി. പ്രദേശത്തു ഗോവധം നടക്കുന്നതായി ബിജെപി പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ആഴ്ചയായിരുന്നു ബെംഗളൂരുവിലെ ചാമ്രാജ്പേട്ടിൽ മൂന്നു പശുക്കളുടെ അകിട് അറുത്ത സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
എയ്‌റോഷോ: ബെംഗളൂരുവിലെ യെലഹങ്കയിൽ ഇറച്ചി, മീൻ വിൽപ്പനയ്ക്ക് ഒരുമാസം വിലക്ക്, കാരണം ഇതാണ്…
ബെംഗളൂരു: കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിലെ യെലഹങ്കയിൽ ഇറച്ചിയും മീനും ഉൾപ്പെടെയുള്ള സസ്യേതര ആഹാരങ്ങൾ വിൽക്കുന്നതിന് വിലക്കേർപ്പെടുത്തി ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി). യെഹലങ്കയിലെ വ്യോമസേനാ താവളത്തിന്റെ 13 കിലോമീറ്റർ ചുറ്റളവിലാണ് ഇറച്ചിയും മീനും വിൽക്കുന്നതിന് നിരോധനമേർപ്പെടുത്തിയത്. ജനുവരി 23 മുതൽ ഫെബ്രുവരി 17 വരെയാണ് വിലക്ക്. യെഹലങ്ക വ്യോമസേനാ താവളത്തിൽ ഫെബ്രുവരി 10 മുതൽ 14 വരെ എയ്റോ ഇന്ത്യ-2025 ഷോ നടക്കുന്നതിനാലാണ് വിലക്കെന്ന് ബി.ബി.എം.പി. പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
സുരക്ഷാകാരണങ്ങളാലാണ് ഇറച്ചിയുടേയും മീനിന്റേയും വിൽപ്പന നിരോധിച്ചിരിക്കുന്നത്. എയ്റോ ഷോയുടെ ഭാഗമായി വിമാനങ്ങൾ പരിശീലനപ്പറക്കൽ നടക്കുമ്പോൾ പക്ഷിയിടിച്ച് അപകടമുണ്ടാകുന്നത് ഒഴിവാക്കാനാണ് തീരുമാനം. മീനിന്റേയും ഇറച്ചിയുടേയും മാലിന്യം ഭക്ഷണമാക്കാനായി പരുന്ത് ഉൾപ്പെടെയുള്ള പക്ഷികൾ എത്തുന്നത് പതിവാണ്. എയ്റോഷോയ്ക്ക് മുമ്പുള്ള ഒരുമാസക്കാലം ഈ പക്ഷികളെ വ്യോമസേനാതാവള പരിസരത്തെ ആകാശത്തുനിന്ന് ഒഴിവാക്കാനാണ് നടപടി.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ബി.ബി.എം.പി. ഉത്തരവിൽ പറയുന്നു. നിയമലംഘകർക്കെതിരെ 2020-ലെ ബി.ബി.എം.പി. നിയമപ്രകാരവും 1937-ലെ എയർക്രാഫ്റ്റ് റൂൾസിലെ ചട്ടം 91 പ്രകാരവുമാണ് നടപടിയെടുക്കുകയെന്ന് ബി.ബി.എം.പി. വ്യക്തമാക്കി.
നേരത്തേ യെഹലങ്ക വ്യോമസേനാ താവളത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ നിർമ്മാണ പ്രവൃത്തികൾക്കായി ക്രെയിനുകൾ ഉപയോഗിക്കുന്നതിന് ബി.ബി.എം.പി. നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഫെബ്രുവരി ഒന്ന് മുതൽ 14 വരെ ക്രെയിനുകൾ ഉപയോഗിക്കുന്നതിന് സമ്പൂർണ നിരോധനവുമുണ്ട്