ബംഗളൂരു: രാമനഗര ജില്ലയില്‍ ഫാം ഉടമ സൂക്ഷിച്ച തോക്കെടുത്ത് കളിക്കുന്നതിനിടെ 15കാരന്റെ വെടിയേറ്റ് സഹോദരന് മരിച്ചു.ഉത്തര്‍പ്രദേശ് സ്വദേശിയുടെ ഏഴുവയസ്സുകാരനായ മകനാണ് മരിച്ചത്. സ്ഥലമുടമയായ മല്ലേഷിന്റെ ഫാംഹൗസിലാണ് ഇവര്‍ താമസിച്ചിരുന്നത്.മല്ലേഷിനും 15കാരനുമെതിരെ കൊടിഹള്ളി പൊലീസ് കേസെടുത്തു.
മല്ലേഷിനെ അറസ്റ്റു ചെയ്തു.ആറു മാസം മുമ്ബാണ് ഭാര്യക്കും ആറു മക്കള്‍ക്കുമൊപ്പം ഉത്തര്‍പ്രദേശ് സ്വദേശി ഇവിടെയെത്തിയത്. കഴിഞ്ഞദിവസം രാവിലെ ഭാര്യക്കും നാല് മക്കള്‍ക്കുമൊപ്പം സുഹൃത്തിനെ കാണാന്‍ അയല്‍ഗ്രാമത്തില്‍ പോയപ്പോഴായിരുന്നു സംഭവം. 15 കാരനായ മകനും സഹോദരനും മാത്രമായിരുന്നു വീട്ടില്‍.
ഫാം ഹൗസില്‍ സൂക്ഷിച്ച തോക്ക് കളിത്തോക്കാണെന്ന് കരുതി 15കാരന് എടുത്തപ്പോള്‍ സമീപത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുട്ടിക്ക് വെടിയേല്‍ക്കുകയായിരുന്നു. രക്ഷിതാക്കള്‍ എത്തിയപ്പോഴേക്കും കുട്ടി മരിച്ചു. തോക്ക് അനധികൃതമായി കൈവശംവെച്ചതിനെ കുറിച്ച് അന്വേഷിക്കുന്നതായി എസ്.പി സന്തോഷ് കുമാര്‍ പറഞ്ഞു.
അധ്യാപകന്റെ ഇരുമ്ബ് വടികൊണ്ടുള്ള അടിയേറ്റ് നാലാം ക്ലാസുകാരന് മരിച്ചു
ബംഗളൂരു: സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകന്റെ ഇരുമ്ബ് വടികൊണ്ടുള്ള അടിയേറ്റ് ഒമ്ബതുകാരനായ വിദ്യാര്‍ഥി മരിച്ചു.വടക്കന്‍ കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ ഹഗ്ലി ഗ്രാമത്തിലെ ഗവ. മോഡല്‍ പ്രൈമറി സ്കൂളില്‍ ശനിയാഴ്ചയാണ് സംഭവം. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന മുത്തു ഹദലിയാണ് നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഭരതിനെ മര്‍ദിച്ചത്.ഭരതിന്റെ മാതാവ് ഗിത ബര്‍ക്കറും ഈ സ്കൂളില്‍ അധ്യാപികയാണ്.
കൊലപാതക കാരണം വ്യക്തമല്ലെങ്കിലും കുട്ടിയുടെ മാതാവിനോടുള്ള വൈരാഗ്യം മൂലമാണ് കൊലയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കൂട്ടുകാരോട് സംസാരിച്ചുനില്‍ക്കുകയായിരുന്ന ഭരതിനെ അധ്യാപകന് മര്‍ദിച്ചപ്പോള്‍ കുട്ടി അമ്മക്കരികിലേക്കോടി. മകനെ രക്ഷിക്കാന്‍ ശ്രമിച്ച ഗിതയെയും ഇയാള്‍ മര്‍ദിച്ചു.
കുട്ടിയെ ഗുരുതര പരിക്കുകളോടെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും പിന്നീട് മരിച്ചു. മര്‍ദനമേറ്റ ഗിത ബര്‍ക്കറും ചികിത്സയിലാണ്. അധ്യാപകന് ഒളിവിലാണ്. നരഗുന്ഡ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെ സ്കൂളിലും സമാനസംഭവം നടന്നിരുന്നു.