ബെംഗളൂരു : കര്‍ണാടകയില്‍ ആപ്പ് അധിഷ്‌ഠിത ടാക്‌സി സര്‍വീസായ ഊബറിന്‍റെ ‘ഊബര്‍ ഗ്രീന്‍’ സേവനം ആരംഭിച്ചു. ബെംഗളൂരുവിലെ ടെക് സമ്മിറ്റില്‍ വച്ച് കര്‍ണാടക ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ നഗരത്തിലെ ആദ്യ ഊബര്‍ ഗ്രീന്‍ ടാക്‌സിയുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. ആപ്പിലൂടെ സുസ്ഥിരവും പരിസ്ഥിതി സൗഹാര്‍ദവുമായി സേവനം ഉറപ്പ് നല്‍കാനാകുമെന്ന് മന്ത്രി പറഞ്ഞു.രാജ്യത്തെ മുന്‍നിര ആപ്പ് അധിഷ്‌ഠിത സര്‍വീസായ ഊബര്‍ ഗ്രീന്‍ സര്‍വീസിനായി ഉപയോഗിക്കുന്നത് ഇലക്‌ട്രിക് വാഹനങ്ങള്‍ മാത്രമാണ്. ‘ബെംഗളൂരുവിലെ വായു മലിനീകരണം നിയന്ത്രിക്കുകയും വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്.
അതിന്‍റെയെല്ലാം ഭാഗമായാണ് ഊബര്‍ ഗ്രീന്‍ സേവനം ലഭ്യമാക്കുന്നത്.ഇന്ന് മുതല്‍ നഗരത്തിന്‍റെ പല ഭാഗങ്ങളിലുമുള്ള യാത്രികര്‍ക്ക് അവരുടെ യാത്രകള്‍ ബുക്ക് ചെയ്യാനും ഊബര്‍ ആപ്പില്‍ തന്നെ ഊബര്‍ ഗ്രീന്‍ ഓപ്‌ഷനുകള്‍ തെരഞ്ഞെടുക്കാനും സാധിക്കു’മെന്നും കമ്പനി പ്രതിനിധികള്‍ പറഞ്ഞു. പരിസ്ഥിതി സൗഹാര്‍ദവും സുരക്ഷിതവുമായ യാത്ര സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിയതിന് കമ്പനി അധികൃതര്‍ക്ക് മന്ത്രി നന്ദി അറിയിച്ചു.
ഇനി മുതല്‍ ഊബര്‍ ആപ്പില്‍ ഊബര്‍ ഗ്രീന്‍ ഒപ്‌ഷന്‍ കൂടി കാണാനാകുമെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു. സെന്‍ട്രല്‍ ബെംഗളൂരു അടക്കം നഗരത്തിന്‍റെ പല ഭാഗങ്ങളിലും ഊബര്‍ ഗ്രീന്‍ സേവനം ലഭ്യമാണ്. നഗരത്തിലെ ജിയോ ലൊക്കേഷനുകളിലേക്ക് കൂടുതല്‍ സേവനം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി