ഒരാള്‍ക്ക് എത്ര ദിവസം വെള്ളം മാത്രം കുടിച്ച് ജീവിക്കാനാകും? നമ്മുടെ ഉത്തരം ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം എന്നാകും.
എന്നാല്‍ ലോകത്തെ തന്നെ ഞെട്ടിക്കുന്ന സംഭവമാണിപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ 620 അടി താഴ്ചയില്‍ മണ്ണിനടിയില്‍ കുടുങ്ങിയ രണ്ട് ഖനി തൊഴിലാളികളെ ഒമ്ബത് ദിവസത്തിന് ശേഷം രക്ഷിച്ച കഥ കേട്ട് അമ്ബരക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍ പോലും.
തെക്കുകിഴക്കന്‍ പട്ടണമായ ബോങ്വായില്‍ കഴിഞ്ഞ ഒക്ടോബര്‍ 26-നാണ് സിങ്ക് ഖനി തകര്‍ന്നത്. ഖനിയ്ക്കുള്ളില്‍ 62-ഉം 56-ഉം പ്രായമുള്ള രണ്ട് പേര് കുടുങ്ങുകയായിരുന്നു. ഭൂമിക്കടിയില്‍ 190 മീറ്റര്‍ (620 അടി) ലംബമായ ഷാഫ്റ്റിലാണ് ഇരുവരും കുടുങ്ങിയത്. ഒഴുക്ക് നിയന്ത്രിക്കുന്ന സംവിധാനമാണ് വെര്‍ട്ടിക്കല്‍ ഷാഫ്റ്റ്. കടുത്ത തണുപ്പും വിശപ്പും കൊണ്ട് തങ്ങള്‍ മരണത്തിലേക്ക് പോവുകയാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിലാണ് ദൈവദൂതന്റെ രൂപത്തില്‍ ഷാഫ്റ്റില്‍ നിന്നും കാപ്പിപ്പൊടിയും വെള്ളവും ഒലിച്ചിറങ്ങുന്നത്.
അങ്ങനെ ഒലിച്ചിറങ്ങിയ കാപ്പിപ്പൊടിയും വെള്ളവും രക്ഷിച്ചത് രണ്ട് ജീവനാണ്. ഒമ്ബത് ദിവസം കൊണ്ട് ഇന്‍സ്റ്റന്റ് കോഫിയുടെ 30 സ്റ്റിക്കുകള്‍ ഇരുവരും പങ്കിട്ടു. തണുപ്പില്‍ നിന്ന് രക്ഷനേടുന്നതിനായി ഖനിക്കുള്ളില്‍ ഇടുങ്ങിയ ടെന്‍ഡ് നിര്‍മ്മിച്ചു.
പിന്നീടാണ് ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിയ വിവരം അധികൃതര്‍ക്ക് ലഭിക്കുന്നത്. പ്രസിഡന്റ് യൂന്‍ സുൂക്-യോളിന്റെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് രണ്ട് പേരെയും രക്ഷിച്ചത്. ഇത്രയും ദിവസം ജീവന് നിലനിറുത്താനായത് വളരെ വലിയ കാര്യമാണെന്നും തന്നെ അതിശയിപ്പിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു. ഉരുക്ക് മനുഷ്യന്റെ കരുത്താണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെ വളരെ പേടിയോടെയാണ് ഇരുവരും വിവരിച്ചത്. തിരികെ ജീവിതത്തിലേക്ക് വരുമെന്നോ പ്രിയപ്പെട്ടവരെ നേരില്‍ കാണാന്‍ കഴിയുമെന്ന് കരുതിയില്ലെന്നും ഇരുവരും പറഞ്ഞു.
സിനിമാക്കഥകളെ വെല്ലും വിധമാണ് തൊഴിലാളികള്‍ പക്ഷേ മണ്ണിനടിയില്‍ കഴിഞ്ഞത്. 620 അടി താഴ്ചയില്‍ ഖനി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഇവര്‍ ഒമ്പത് ദിവസങ്ങള്‍ എങ്ങനെ പിടിച്ചുനിന്നുവെന്നാണ് ഏവര്‍ക്കും അത്ഭുതം. അതും അറുപത്തിരണ്ടും അമ്പത്തിയാറും വയസുള്ളവര്‍. എങ്ങനെയോ കയ്യില്‍ തടഞ്ഞ മുപ്പത് ചെറിയ കാപ്പിപ്പൊടി സ്റ്റിക്കുകളാണ് ഇവര്‍ക്ക് ആകെ ലഭിച്ചിരുന്ന ഭക്ഷണസാധനം. വെള്ളം പോലും നേരാം വണ്ണം കിട്ടാൻ മാര്‍ഗമില്ല.
അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കിനിഞ്ഞിറങ്ങുന്ന വെള്ളം കുറെശ്ശെയായി എടുത്ത് കുടിച്ചു. കാപ്പിപ്പൊടിയും കഴിക്കും. അങ്ങനെ ഒമ്പത് ദിവസങ്ങള്‍. ഇതിനിടയില്‍ മണ്ണിനടിയിലെ തണുപ്പില്‍ ശരീരം അസാധാരണമായി തണുത്തുപോകുന്ന ‘ഹൈപ്പോതെര്‍മിയ’ എന്ന അവസ്ഥയിലേക്ക് ഇരുവരും കടന്നിരുന്നു.
ഇതിനെ ചെറുക്കാൻ ഇരുവരും ചേര്‍ന്ന് കുടുങ്ങിയ സ്ഥലത്ത് തന്നെ കയ്യില്‍ കിട്ടിയ സാധനങ്ങളെല്ലാം ഉപയോഗിച്ച് ടെന്റ് നിര്‍മ്മിച്ചു. ഇതിനകത്ത് കഴിഞ്ഞു.ആരെങ്കിലും തങ്ങളെ രക്ഷപ്പെടുത്താനെത്തുമെന്ന പ്രതീക്ഷ മാത്രമായിരുന്നു ഇവര്‍ക്ക് കൂട്ട്. ആ പ്രതീക്ഷ വെളിച്ചം കണ്ടു.
‘അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതകരം’ എന്നാണ് സൗത്ത് കൊറിയ പ്രസിഡന്റ് യൂൻ സുക്-യ്വേള്‍ തൊഴിലാളികള്‍ രക്ഷപ്പെട്ട സംഭവത്തോട് സന്തോഷപൂര്‍വം പ്രതികരിച്ചത്. മരണത്തിന്റെ തുമ്പത്ത് നിന്ന് ജീവിതത്തിലേക്ക് മടങ്ങിവന്നതിന് ഇരുവര്‍ക്കും നന്ദിയെന്നാണ് അദ്ദേഹം പിന്നീട് പ്രതികരിച്ചത്.
ഇരുവര്‍ക്കും മറ്റ് കാര്യമായ പരുക്കുകളൊന്നുമില്ല. വീഴ്ചയില്‍ സംഭവിച്ച ചതവുകളില്‍ ശരീരവേദനയുണ്ട്. അതുപോലെ തണുപ്പ് ശരീരത്തെ ബാധിച്ചതിന്റേതായ ചില പ്രശ്നങ്ങളും. എങ്കിലും ഇരുവരും വൈകാതെ തന്നെ ആശുപത്രി വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
തങ്ങള്‍ക്ക് ലഭിച്ച കാപ്പിപ്പൊടിയും വെള്ളവും വച്ച് ജീവൻ പിടിച്ചുനിര്‍ത്തുകയും ടെന്റുണ്ടാക്കി ശരീരത്തില്‍ ജീവനെ നിലനിര്‍ത്തുകയും ചെയ്ത ആത്മവിശ്വാസത്തിനും ബുദ്ധിക്കുമെല്ലാം ഖനി തൊഴിലാളികള്‍ക്ക് അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. അത്യത്ഭുതകരമായ സംഭവം വലിയ രീതിയിലാണ് വാര്‍ത്തകളിലും ഇടം നേടിയിരിക്കുന്നത്. പ്രതീക്ഷയുടെ പ്രതീകങ്ങളാണ് ഇരുവരെയും ഏവരും വിശേഷിപ്പിക്കുന്നത് തന്നെ.