ബെംഗളൂരു: മേട്രോ യാത്രക്കാർക്ക് ക്യൂ.ആർ. ഗ്രൂപ്പ് ടിക്കറ്റെടുക്കാനുള്ള സംവിധാനം 16 മുതൽ നിലവിൽ വരുമെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. ഒന്നിച്ചു യാത്രചെയ്യുന്ന കുടുംബാംഗങ്ങൾക്കും യാത്രാസംഘങ്ങൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം.പരമാവധി ആറുയാത്രക്കാർക്കുവരെ ഗ്രൂപ്പ് ക്യു.ആർ. ടിക്കറ്റെടുക്കാൻ സൗകര്യമുണ്ടാകും. ഇത്തരം സംവിധാനങ്ങൾക്ക് അഞ്ചുശതമാനം ഇളവു നൽകും.വ്യക്തിഗത ക്യു.ആർ. ടിക്കറ്റ് എടുക്കാനുള്ള സംവിധാനം നിലവിലുണ്ട്.
ഇതേ മാതൃകയിലാണ് ഗ്രൂപ്പ് ക്യു.ആർ. ടിക്കറ്റെടുക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. നമ്മ മെട്രോ, പേടിഎം, യാത്ര തുടങ്ങിയ ആപ്പിലൂടെ ക്യു.ആർ. ടിക്കറ്റെടുക്കാം.
കാറ്റ് ആഞ്ഞുവീശി; കൊച്ചിയില്‍ ബെവ്കോ ഔട്ട്ലെറ്റില് 1000ത്തോളം മദ്യക്കുപ്പികള്‍ വീണുടഞ്ഞു, വലിയ നഷ്ടം
കനത്ത മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റില്‍ ബെവ്കോ ഔട്ട്ലെറ്റില് വലിയ നാശനഷ്ടം. കാക്കനാട് ഇൻഫോപാര്‍ക്കിലെ ബെവ്കോ ഔട്ട്ലെറ്റിന്റെ പ്രീമിയം കൗണ്ടറിലാണ് നാശനഷ്ടമുണ്ടായത്.ആഞ്ഞുവീശിയ കാറ്റില്‍ ബെവ്കോ ഔട്ട്ലെറ്റിന്റെ അലമാരയില്‍ സൂക്ഷിച്ച ആയിരത്തോളം മദ്യക്കുപ്പികള്‍ താഴെ വീഴുകയായിരുന്നു. കാറ്റിനിടെ ജനലിന്റെ ചില്ലുകള്‍ തകര്‍ന്ന് മദ്യം സൂക്ഷിച്ചിരുന്ന റാക്കിലേക്ക് വീഴുകയായിരുന്നു. ഇതിന് പിന്നാലെ റാക്കിലുണ്ടായിരുന്ന കുപ്പികള്‍ ഒന്നൊന്നായി താഴെ വീണു. ഇന്ന് വൈകിട്ട് കനത്ത മഴയും കാറ്റുമാണ് പ്രദേശത്ത് ഉണ്ടായത്. നിരവധി മരങ്ങള്‍ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകള്‍ പലയിടത്തും തകര്‍ന്നത് വൈദ്യുതി തടസപ്പെടാൻ കാരണമായി.
ഇൻഫോപാര്‍ക്കിന് സമീപം എക്സ്പ്രസ് വേയിലും സമീപ റോഡുകളിലുമാണ് മരങ്ങള്‍ ഒടിഞ്ഞുവീണത്. ചില വാഹനങ്ങള്‍ക്ക് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റുകള്‍ അടക്കം മറിഞ്ഞു. നിലവില്‍ ആര്‍ക്കും പരിക്കില്ല.സംസ്ഥാനത്തു ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഏറ്റവും ഒടുവില്‍ അറിയിച്ച മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്.
എറണാകുളം അടക്കം എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം നാളെ മുതല്‍ മഴ ദുര്‍ബലമാകുമെന്നാണ് കരുതുന്നത്. നാളെ ഒരു ജില്ലയിലും അലര്‍ട്ട് പുറപ്പെടുവിച്ചിട്ടില്ല.