ബെംഗളൂരു∙ മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള തുടർ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനു ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ (എആർഡിയു) മെട്രോ മിത്ര ആപ് 6ന് പ്രവർത്തനം ആരംഭിക്കും. മെട്രോ സ്റ്റേഷനുകളുടെ 5 കിലോമീറ്റർ പരിധിയിലാണു മെട്രോ മിത്രയുടെ സേവനങ്ങൾ ലഭ്യമാകുക. സർക്കാർ നിശ്ചയിച്ച 2 കിലോമീറ്ററിനു 30 രൂപയെന്ന മിനിമം നിരക്കിനൊപ്പം ആപ്പിന്റെ സർവീസ് ചാർജായി 10 രൂപയും നൽകണം.
പർപ്പിൾ ലൈനിൽ ബയ്യപ്പനഹള്ളി–കെആർപുരം, കെങ്കേരി–ചല്ലഘട്ട പാതകൾ ഈ മാസം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാനിരിക്കെ നമ്മ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 8 ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച നമ്മ യാത്രി ആപ് വിജയകരമായതോടെയാണ് എആർഡിയുവിന്റെ നേതൃത്വത്തിൽ പുതിയ ആപ് പുറത്തിറക്കുന്നത്. കേന്ദ്ര സർക്കാർ പുതുതായി ആവിഷ്കരിച്ച ഓപ്പൺ നെറ്റ് വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി) പ്ലാറ്റ്ഫോമിലാണു മെട്രോ മിത്ര ആപ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്കാൻ ചെയ്യണം ക്യുആർ കോഡ്:മെട്രോ മിത്ര ഉപയോഗിച്ചു യാത്ര ചെയ്യാൻ ആപ്പിന്റെ ബീറ്റാ വേർഷൻ ഡൗൺലോഡ് ചെയ്യേണ്ടതില്ല. സേവനങ്ങൾ ലഭ്യമാകാൻ മെട്രോ സ്റ്റേഷനുകളിലെ മെട്രോ മിത്ര ക്യുആർ കോഡ് മൊബൈൽ ഫോണിലൂടെ സ്കാൻ ചെയ്യുകയാണു വേണ്ടത്. ഇങ്ങനെ ഓപ്പൺ ചെയ്യുന്ന ലിങ്കിലൂടെ സ്റ്റേഷന്റെ 5 കിലോമീറ്റർ പരിധിയിൽ ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കാം. റൈഡ് ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഒടിപി നമ്പർ നൽകുന്നതോടെ ഡ്രൈവറെയും വാഹനത്തെയുംക്കുറിച്ചുള്ള വിവരങ്ങൾ യാത്രക്കാർക്ക് അറിയാനാകും.എന്നാൽ സർവീസ് നടത്താൻ ഡ്രൈവർമാർ ആപ് ഉപയോഗിക്കേണ്ടി വരും. ആദ്യ ഘട്ടത്തിൽ മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള യാത്രകൾ മാത്രമാകും ഉണ്ടാകുക.
സ്റ്റേഷനുകളുടെ 5 കിലോമീറ്റർ പരിധിയിലെ പ്രധാന കേന്ദ്രങ്ങളിൽ മെട്രോ മിത്ര ക്യുആർ കോഡുകൾ സ്ഥാപിച്ച് തിരിച്ചുള്ള യാത്രയും സാധ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി എആർഡിയു പ്രതിനിധികൾ വ്യക്തമാക്കി. ഒപ്പം ഭാവിയിൽ ബിഎംആർസിയുടെ വാട്സാപ് ചാറ്റ്ബോട്ടിലൂടെയും മെട്രോ മിത്രയിലെ സേവനങ്ങൾ ലഭ്യമായേക്കും. 91,729 ഡ്രൈവർമാരാണ് എആർഡിയുവിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഫീഡർ ബസിനോട് മുഖം തിരിച്ച് ഐടി കമ്പനികൾ:ബെംഗളൂരു∙ ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഫീഡർ ബസുകൾ ഏർപ്പെടുത്താനുള്ള നടപടിയോടു മുഖം തിരിച്ച് ഐടി കമ്പനികൾ. ബസ് ടെർമിനലുകൾ മെട്രോ സ്റ്റേഷനുകൾ എന്നിവുമായി ബന്ധിപ്പിച്ചാണു ഫീഡർ ബസുകൾ ആരംഭിക്കാൻ 3 മാസം മുൻപ് ഔട്ടർ റിങ് റോഡ് കമ്പനീസ് അസോസിയേഷൻ ട്രാഫിക് പൊലീസ്, നമ്മ മെട്രോ, ബിഎംടിസി അധികൃതരുമായി നടത്തിയ ചർച്ചയിൽ സന്നദ്ധത അറിയിച്ചത്. ബിഎംടിസി ബസുകൾ വാടകയ്ക്കെടുത്തോ കമ്പനികൾക്കു സ്വന്തം നിലയ്ക്കോ ബസ് സർവീസുകൾ ഏർപ്പെടുത്താൻ അനുമതി നൽകിയിരുന്നു.
സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ ലക്ഷ്യമിട്ടാണു ഫീഡർ സർവീസുകൾ പ്രോത്സാഹിപ്പിച്ചത്. എംബസി ഗ്രൂപ്പ് മാന്യത ടെക്പാർക്കിൽ നിന്ന് വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷൻ വരെ നടത്തിയിരുന്ന ഫീഡർ സർവീസ് കഴിഞ്ഞ ദിവസം നിർത്തി.യാത്രക്കാർ കുറഞ്ഞതാണു സർവീസ് നിർത്താൻ കാരണമായി പറയുന്നത്. കെആർ പുരം–വൈറ്റ്ഫീൽഡ് പാത കൂടി തുറന്നതോടെ ഇവിടുത്തെ സ്റ്റേഷനുകളിൽ നിന്ന് ഔട്ടർ റിങ് റോഡിലെ കമ്പനികളിലേക്കു ബിഎംടിസി ഫീഡർ സർവീസ് ആരംഭിച്ചിരുന്നു. ഫീഡർ സർവീസുകളെക്കുറിച്ചുള്ള അറിയിപ്പ് മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും ആരംഭിക്കണമെന്ന ആവശ്യവും നടപ്പിലായിട്ടില്ല.