ബെംഗളൂരു: സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനില്‍, യെല്ലോ, ബ്ലൂ ലൈന്‍ മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഉയര നടപ്പാത യാഥാര്‍ഥ്യമാക്കാന്‍ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (BMRCL).നടപ്പാതയുടെ സിവില്‍, ഫിനിഷിങ് പ്രവൃത്തികള്‍ക്കായി ബിഎംആര്‍സിഎല്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.59 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ നടപ്പാതയില്‍ ഒരു ട്രാവലേറ്ററും ഉള്‍പ്പെടും. ബെംഗളൂരു നമ്മ മെട്രോ ശൃംഖലയില്‍ ഇത് ആദ്യത്തേതാണ്. വിമാനത്താവളങ്ങളിലാണ് സാധാരണ ട്രാവലേറ്ററുകള്‍ ഉള്‍പ്പെടുത്താറ്.ട്രാന്‍സിറ്റ് ഹബ്ബുകളില്‍ ഹ്രസ്വ-ഇടത്തരം ദൂരങ്ങളില്‍ ആളുകളെ കൊണ്ടുപോകുന്നതിനായി രൂപകല്‍പ്പന ചെയ്ത സംവിധാനമാണ് ട്രാവലേറ്റര്‍. ഇത് സാവധാനത്തില്‍ നീങ്ങുന്ന, കണ്‍വെയര്‍ ശൈലിയിലുള്ള കാല്‍നട പ്ലാറ്റ്‌ഫോമാണ്.ഏകദേശം 250 മീറ്റര്‍ നീളമുള്ള ഈ നടപ്പാത, ബൊമ്മസാന്ദ്രയെ ആര്‍വി റോഡുമായി ബന്ധിപ്പിക്കുന്ന BMRCLന്റെ യെല്ലോ ലൈനില്‍ ഇതിനകം പ്രവര്‍ത്തനക്ഷമമായ മെട്രോ സ്റ്റേഷനെയും ഔട്ടര്‍ റിംഗ് റോഡിലൂടെ കടന്നുപോകുന്ന വരാനിരിക്കുന്ന ബ്ലൂ ലൈനിനെയും ബന്ധിപ്പിക്കും.നടപ്പാതയുടെ സൗന്ദര്യാത്മക ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നതിനായി സിവില്‍, സ്ട്രക്ചറല്‍ ജോലികള്‍, വാസ്തുവിദ്യാ ഫിനിഷിങ് ജോലികള്‍ എന്നിവ കരാറില്‍ ഉള്‍പ്പെടും.
മെജസ്റ്റിക്, എംജി റോഡ് തുടങ്ങി, നഗരത്തിലെ മറ്റ് ഇന്റര്‍ചേഞ്ചുകളിലേത് പോലെ, സില്‍ക്ക് ബോര്‍ഡ് സ്‌റ്റേഷനില്‍ മറ്റ് ലൈനുകളുമായി സംയോജനമില്ല.ഇതിനാലാണ് നടപ്പാതയുടെ ആവശ്യകത അനിവാര്യമായി വന്നിരിക്കുന്നത്. 2026 ഡിസംബറോടെ സില്‍ക്ക് ബോര്‍ഡ് സ്‌റ്റേഷന്റെ പണി പൂര്‍ത്തീകരിക്കപ്പെടും. 2027ലാണ് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി ബ്ലൂ ലൈന്‍ ബന്ധിപ്പിക്കപ്പെടുക.ടെന്‍ഡര്‍ കാലയളവ് പൂര്‍ത്തിയായാല്‍ ഒന്ന് രണ്ട് മാസത്തിനകം യോഗ്യമായ കമ്പനിയെ തിരഞ്ഞെടുക്കും. 9 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനുള്ള വ്യവസ്ഥയോടെയാണ് കരാറുണ്ടാക്കുക.ടെന്‍ഡറില്‍ പങ്കെടുക്കാന്‍ 58 ലക്ഷം രൂപ മുന്‍കൂര്‍ നിക്ഷേപിക്കേണ്ടതുണ്ട്. താത്പര്യമുള്ള കമ്പനികള്‍ക്ക് മെയ് 5 വരെ BMRCLനെ സമീപിക്കാം.റെയില്‍വേ ബോര്‍ഡിന്റെ അനുമതിനമ്മ മെട്രോയുടെ പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകളിലേക്കായി പുതിയ ട്രെയിനുകള്‍ക്ക് റെയില്‍വേ ബോര്‍ഡിന്റെ താത്കാലിക അനുമതി. മെയ്-ജൂണ്‍ മാസങ്ങളോടെ പ്രസ്തുത ലൈനുകളിലെ തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ ട്രെയിന്‍ സെറ്റുകള്‍ ലഭ്യമാകുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.ഈ ലൈനുകളിലെ തിരക്കേറിയ സമയങ്ങളിലെ യാത്രയെ ‘സാൻഡ്‌വിച്ച്’ യാത്രയെന്ന ഓമനപ്പേരില്‍ ബെംഗളൂരുവിലെ ടെക്കികള്‍ വിശേഷിപ്പിക്കാറുണ്ട്. തിങ്ങി ഞെരുങ്ങി ‘സാൻഡ്‌വിച്ച്’ പരുവം ആകുമെന്നതാണ് അവരുടെ ആശങ്ക. പുതിയ ട്രെയിനുകള്‍ വരുന്നതോടെ ഈ ദുരവസ്ഥ മാറും.
ഏപ്രില്‍ ഒന്നിന് അയച്ച കത്തിലൂടെയാണ് റെയില്‍വേ ബോര്‍ഡ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന് (BMRCL) പുതിയ ട്രെയിനുകള്‍ക്ക് വ്യവസ്ഥകളോടെയുള്ള അനുമതി നല്‍കിയിരിക്കുന്നത്.പുതിയ ട്രെയിനുകളുടെ പരമാവധി വേഗത ഫുള്ളി ഇന്‍ഫ്‌ളേറ്റഡ് മോഡില്‍ മണിക്കൂറില്‍ 80 കിലോമീറ്ററായിരിക്കണം. ഡിഫ്‌ളേറ്റഡ് മോഡില്‍ ഇത് മണിക്കൂറില്‍ 25 കിലോമീറ്ററുമാണ്. ഇതാണ് റെയില്‍വേ ബോര്‍ഡ് മുന്നോട്ടുവച്ചിരിക്കുന്ന വ്യവസ്ഥകള്‍.പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകളില്‍, ഡയറക്‌ട് ടു ഗോ (DTG) സിഗ്‌നലിങ്, ട്രെയിന്‍ നിയന്ത്രണ സംവിധാനം എന്നിവയുടെ സംയോജനം, പ്രവര്‍ത്തനം, അനുയോജ്യത തുടങ്ങിയവയുമായി ബന്ധപ്പെട്ട് BMRCLന് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ (CMRS) പ്രത്യേക അനുമതി ആവശ്യമാണ്.പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകള്‍ക്കായി 2025 ജനുവരിയില്‍ വിതരണം ചെയ്ത ഒരു പ്രോട്ടോടൈപ്പ് ട്രെയിന്‍ ഉള്‍പ്പടെ മൂന്ന് ഡിടിജി ട്രെയിനുകള്‍ BMRCLന് ഇതിനകം ലഭിച്ചിട്ടുണ്ട്. എന്നാല്‍ യാത്രാ സര്‍വീസ് ആരംഭിക്കും മുന്‍പ് ട്രെയിനുകള്‍ 37 നിയമപരമായ അനുമതികള്‍ നേടേണ്ടതുണ്ട്.ട്രെയിനുകളുടെ ഓസിലേഷന്‍, ബ്രേക്കിങ്, വേഗത, സിസ്റ്റം ഇന്റഗ്രേഷന്‍ പരിശോധനകള്‍ എന്നിവയുമായി ബന്ധപ്പെട്ട ട്രയലുകള്‍ നടത്തുന്നതിനായി BMRCL റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷനെ (ആര്‍ഡിഎസ്‌ഒ) സമീപിച്ചിരുന്നു. ISA സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം CMRS അന്തിമ അനുമതി നല്‍കും.