കര്‍ണാടകയില്‍ ഹോട്ടല്‍ മുറിയില്‍ കയറി മിശ്രവിവാഹിതരായ ദമ്ബതികളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് ബലാത്സംഗത്തിനും കേസെടുത്തു.യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുറിയില്‍ നിന്ന് തന്നെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി അക്രമികള്‍ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹോട്ടല്‍ മുറിയില്‍ തന്നെ ബലമായി കാറില്‍ കയറ്റി കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതി പുറത്തുവിട്ട വിഡിയോയില്‍ പറയുന്നത്.
വണ്ടിയുടെ ഡ്രൈവറും ബലാത്സംഗത്തിനിരയാക്കി. അതിനു ശേഷം ബസ്‍സ്റ്റോപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. കുറ്റവാളികളെ ശിക്ഷിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.ആദ്യം ബലാത്സംഗത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും യുവതിയുടെ വിഡിയോ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് ഇക്കാര്യം മനസിലായതെന്നും പൊലീസ് പ്രതികരിച്ചു. മുസ്‍ലിം യുവതി മറ്റൊരു മതത്തില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഹാവേരി ജില്ലയിലെ ഹനഗല്‍ താലൂക്കിലാണ് സംഭവം. യുവാവും യുവതിയും താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെത്തിയായിരുന്നു ആറംഗസംഘം അക്രമം നടത്തിയത്. ഇതിന്റെ വിഡിയോ പുറത്തുവന്നിരുന്നു.വാതിലില്‍ മുട്ടിയ ശേഷം ആറുപേര്‍ ഹോട്ടല്‍മുറിയുടെ പുറത്ത് കാത്തുനില്‍ക്കുന്നത് വിഡിയോയില്‍ കാണാം. ഉടൻ തന്നെ ഒരു യുവാവ് വാതില്‍ തുറന്നു. അകത്തിരുന്ന യുവതി ശിരോവസ്ത്രം കൊണ്ട് തലമറക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. അക്രമികള്‍ യുവതിയെ അടിച്ചു താഴെയിട്ടു. രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ അക്രമികള്‍ വളഞ്ഞിട്ട് പൊതിരെ തല്ലുകയും ചെയ്തു. അക്രമികളിലൊരാള്‍ യുവതിയെ കട്ടിലില്‍ നിന്ന് താഴേക്ക് വലിച്ചിഴച്ചു. യുവതി തലമറക്കാൻ ശ്രമിച്ചപ്പോള്‍ അക്രമികള്‍ അത് വലിച്ചൂരിയെറിയുകയും ചെയ്തു.