ബെംഗളൂരു: പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയ്ക്ക് വൻ തുക നികുതി അടയ്ക്കാൻ നിർദ്ദേശിച്ച് ആദായനികുതി വകുപ്പിന്റെ നോട്ടീസ്.2023-24 സാമ്പത്തിക വർഷത്തെ നികുതി ഇനത്തില്‍ പലിശയടക്കം 1,499.73 കോടി രൂപ അടയ്ക്കാനാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ നടപടിക്കെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്ന് മീഷോ അധികൃതർ വ്യക്തമാക്കി.

ആദായനികുതി നിയമത്തിലെ സെക്ഷൻ 143(3), 156 എന്നിവ പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വകുപ്പിന്റെ കണ്ടെത്തലുകള്‍ തെറ്റാണെന്നും തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ കൃത്യമായ തെളിവുകളുണ്ടെന്നും കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. 2022-23 വർഷത്തിലും സമാനമായ രീതിയില്‍ മീഷോയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നു. ആ കേസ് നിലവില്‍ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി മുൻപ് ഈ നടപടികള്‍ സ്റ്റേ ചെയ്തിരുന്നു. വരുമാനത്തില്‍ 32 ശതമാനം വർദ്ധനവ് (3,517.6 കോടി രൂപ) രേഖപ്പെടുത്തിയെങ്കിലും കമ്പനിയുടെ അറ്റനഷ്ടം 491 കോടി രൂപയായി ഉയർന്നു. ചെലവുകള്‍ വർദ്ധിച്ചതാണ് നഷ്ടം കൂടാൻ കാരണമായത്.നികുതി നോട്ടീസ് ലഭിച്ചെങ്കിലും കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ഇത് ബാധിക്കില്ലെന്ന് മീഷോ ഉറപ്പുനല്‍കുന്നു. ചെറുകിട വ്യാപാരികളെയും ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിക്ക് ഓർഡറുകളുടെ എണ്ണത്തില്‍ 36 ശതമാനം വളർച്ചയുണ്ട്. നിയമപരമായ വഴികളിലൂടെ ഈ പ്രതിസന്ധി മറികടക്കാനാണ് വിദിത് ആത്രേയും സഞ്ജീവ് ബർണ്വാളും നേതൃത്വം നല്കുന്ന മീഷോയുടെ തീരുമാനം.