ന്യൂഡെല്‍ഹി: മീഡിയ വണിന് കേന്ദ്ര സര്‍കാര്‍ ഏര്‍പെടുത്തിയ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു.അടുത്ത ഉത്തരവ് വരെ പ്രവര്‍ത്തനം തുടരാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.നേരത്തെ പ്രവര്‍ത്തിച്ചിരുന്ന രീതിയില്‍ പ്രവര്‍ത്തനം തുടരാമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. മാധ്യമ സ്ഥാപനമെന്ന നിലക്ക് പരിരക്ഷയുണ്ടെന്നും കോടതി നിരീക്ഷിച്ചു.മീഡിയവണ്‍ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈകോടതി വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിക്ക് പുറമെ കേരള പത്രപ്രവര്‍ത്തക യൂനിയനുവേണ്ടി ജനറല്‍ സെക്രടറി ഇ എസ് സുഭാഷും ചാനലിലെ ജീവനക്കാര്‍ക്കുവേണ്ടി എഡിറ്റര്‍ പ്രമോദ് രാമനും കോടതിയില്‍ അപീല്‍ നല്‍കിയിരുന്നു.കേന്ദ്രസര്‍കാര്‍ തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ചാനല്‍ ഉടമകളെയും ജീവനക്കാരെയും കേള്‍ക്കാതെ സംപ്രേഷണം അവസാനിപ്പിക്കുന്നത് സ്വാഭാവികനീതിയുടെ ലംഘനമാണെന്നും ഹര്‍ജികളില്‍ പറയുന്നു.മീഡിയവണ്‍ ചാനല്‍ ഉടമകളോ 320ലധികം വരുന്ന ജീവനക്കാരോ ഒരുഘട്ടത്തിലും രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. മീഡിയ വണിന് കേന്ദ്ര സര്‍കാര്‍ ഏര്‍പെടുത്തിയ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു; അടുത്ത ഉത്തരവ് വരെ പ്രവര്‍ത്തനം തുടരാം.മീഡിയവണിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോഹ്തഗിയും ദുശ്യന്ത് ദവെയുമാണ് സുപ്രീകോടതിയില്‍ ഹാജരാകുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്ര സര്‍കാറിന്റെ അഭിഭാഷകന്‍ ഹാജരായിരുന്നില്ല.ജനുവരി 31ന് കേന്ദ്ര സര്‍കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഫെബ്രുവരി എട്ടിനാണ് ഹൈകോടതി സിംഗിള്‍ ബെഞ്ച് തള്ളിയത്.