സാങ്കേതിക തകരാർ മൂലം ലോകമെമ്പാടുമുള്ള തങ്ങളുടെ പല ഔട്ട്‌ലെറ്റുകളുടെയും പ്രവർത്തനം തടസ്സപ്പെട്ടതായി ഫാസ്റ്റ് ഫുഡ് രംഗത്തെ ആഗോള ഭീമൻ മക്‌ഡൊണാൾഡ്. നിരവധി സ്‌റ്റോറുകൾ ഓർഡറുകൾ നേരിട്ടും മൊബൈൽ ഫോൺ വഴിയും എടുക്കുന്നത് നിർത്തിയിട്ടുണ്ടെന്നും അവർ ഉടൻ പ്രവർത്തനം പുനരാരംഭിക്കാൻ ശ്രമിക്കുകയാണെന്നും മക്‌ഡൊണാൾഡ് അറിയിച്ചു. ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, സിഡ്‌നി മുതലായ സ്ഥലങ്ങളിലെ മക്‌ഡൊണാൾഡിന്റെ റെസ്റ്റോറൻറുകളെല്ലാം അടച്ചു. സ്വയം പ്രവർത്തിക്കുന്ന കിയോസ്‌കുകളിലെ സേവനങ്ങളും തടസപ്പെട്ടു .
ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, സിഡ്‌നി, ഫിലിപ്പീൻസ്, തായ്‌വാൻ, സിംഗപ്പൂർ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും ഈ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മക്‌ഡൊണാൾഡിന്റെ റെസ്റ്റോറന്റ് ശൃംഖലകൾ ചൈനയിലും സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ടു. മക്‌ഡൊണാൾഡ്‌സിലെ സേവനങ്ങൾ നിർത്തിയതിൽ നിരാശ പ്രകടിപ്പിച്ച്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ പലരും പോസ്റ്റുകൾ ഷെയർ ചെയ്തു. സാങ്കേതിക തകരാർ ആഗോളതലത്തിൽ എത്ര സ്റ്റോറുകളെ ബാധിച്ചുവെന്നത് വ്യക്തമല്ല.ഷിക്കാഗോ ആസ്ഥാനമായുള്ള മക്‌ഡൊണാൾഡ്‌സ് കോർപ്പറേഷൻ, പ്രശ്‌നങ്ങൾ സൈബർ സുരക്ഷാ ആക്രമണവുമായി ബന്ധപ്പെട്ടതല്ലെന്ന് അറിയിച്ചു. എന്നാൽ യഥാർത്ഥ കാരണമെന്തെന്ന് മക്‌ഡൊണാൾഡ്‌സ് വ്യക്തമാക്കിയിട്ടില്ല.
അതേ സമയം സാങ്കേതിക തകരാറിനെ തുടർന്ന് പ്രവർത്തനം നിർത്തിയ യുകെയിലെയും അയർലൻഡിലെയും ഔട്ട്‌ലെറ്റുകളിൽ സേവനം പുനരാരംഭിച്ചതായി കമ്പനി അറിയിച്ചു. തങ്ങളുടെ മിക്ക റെസ്റ്റോറൻറുകളും വീണ്ടും തുറന്നതായി മക്ഡൊണാൾഡ്സ് ഓസ്‌ട്രേലിയയും അറിയിച്ചു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ കമ്പനികളിലൊന്നായ മക്‌ഡൊണാൾഡിന് ലോകമെമ്പാടും ഏകദേശം 40,000 റെസ്റ്റോറൻറുകളുണ്ട്. അമേരിക്കയിൽ മാത്രം 14,000 സ്റ്റോറുകൾ ഉണ്ട്. മക്ഡൊണാൾഡിന് ജപ്പാനിലുടനീളം ഏകദേശം 3,000 സ്റ്റോറുകളും ഓസ്‌ട്രേലിയയിൽ ഏകദേശം 1,000 സ്റ്റോറുകളും ഉണ്ട്.