വിവാഹവുമായി ബന്ധപ്പെട്ട് ഓരോ നാട്ടിലും സവിശേഷമായ ആചാരങ്ങളും വിശ്വാസങ്ങളുമാണ് ( Wedding Ceremony ) ഉള്ളത്. മതപരമായതും സാമുദായികപരമായതുമായ വ്യത്യാസങ്ങളും വിവാഹത്തില്‍ സര്‍വസാധാരണമാണ്. എന്നാല്‍ ഇത് ഇക്കൂട്ടത്തിലൊന്നും പെടുത്താൻ സാധിക്കാത്തൊരു സവിശേഷത തന്നെയാണ്. മരിച്ചുപോയവരുടെ വിവാഹം…
അതെ, കേള്‍ക്കുമ്പോള്‍ ഇതെന്ത് ഭ്രാന്ത് എന്നൊക്കെ ആദ്യം തോന്നാമെങ്കിലും സംഗതി സത്യമാണ്. കര്‍ണാടകത്തിലാണ് ഇത്തരമൊരു ആചാരം നിലനില്‍ക്കുന്നത്. അടുത്തിടെ നടന്ന ഇങ്ങനെയൊരു വിവാഹത്തിന്റെ വീഡിയോകള്‍ ( Wedding Video ) ഇപ്പോള്‍ ട്വിറ്ററില്‍ ഏറെ പേര് കണ്ടുകഴിഞ്ഞിരിക്കുന്നു.
അന്നി അരുണ്‍ എന്ന യുവാവാണ് മംഗലാപുരത്ത് വച്ച് നടന്ന സവിശേഷമായ ഈ വിവാഹത്തിന്റെ ( Wedding Ceremony ) വീഡിയോകള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇതിന്റെ വിശദാംശങ്ങളും ഇദ്ദേഹം തന്നെയാണ് വീഡിയോകള്‍ക്കൊപ്പം കുറിച്ചത്.
പ്രസവസമയത്ത് മരിക്കുന്ന കുഞ്ഞുങ്ങളെയാണ് മുപ്പത് വര്‍ഷത്തിന് ശേഷം പരസ്പരം വിവാഹം കഴിപ്പിക്കുന്നത്. ജീവനുള്ള രണ്ട് പരുടെ വിവാഹം എങ്ങനെയാണോ നടക്കുക, അതുപോലെ തന്നെയാണ് ഇതും. വീട്ടുകാര്‍ ഇഷ്ടപ്പെടുന്നതിന് അനുസരിച്ച് വിവാഹമാലോചിക്കും. നിശ്ചയിച്ചുകഴിഞ്ഞാല്‍ ചടങ്ങുകള്‍ക്ക് പരസ്പരം വീടുകളില്‍ പോകും. പിന്നെ വിവാഹച്ചടങ്ങുകളും കെങ്കേമം.
മരിച്ചവരുടെ വിവാഹമാണെന്നോര്ത്ത് ചടങ്ങ് നടക്കുന്ന വീട് മരണവീട് പോലെയാകുമെന്നൊന്നും വിചാരിക്കരുത്. ഏറെ സന്തോഷത്തോടെ ആഘോഷമായാണ് വീട്ടുകാര്‍ വിവാഹം നടത്തുന്നത്. മണ്ഡപത്തില്‍ വധൂവരന്മാര്ക്കുള്ള ഇരിപ്പിടങ്ങളില്‍ അവര്‍ കാണില്ലെന്ന് മാത്രം.
വരന് വീട്ടുകാര്‍ വധുവിന് പുടവ നല്‍കുന്നതും, താലികെട്ടിന് മുമ്പ് മണ്ഡപം വലംവയ്ക്കുന്നതും എല്ലാം ചടങ്ങുകളില്‍ ഉള്‍പ്പെടും. മംഗലാപുരത്തെ വിവാഹത്തിന്റെ കൂടുതല്‍ വീഡിയോകള്‍ ( Wedding Video ) കാണാം…
ഒരു യഥാർത്ഥ വിവാഹത്തിൽ കാണുന്ന എല്ലാ ചടങ്ങുകളും ഈ പ്രേത വിവാഹത്തിലും കാണും. മരിച്ച കുട്ടികളുടെ വിവാഹം നടത്തുന്നത് അവരുടെ വീട്ടുകാർ തന്നെയാണ്. വരന്റെ മാതാപിതാക്കളാണ് വധുവിന്റെ വീട്ടുകാർക്ക് പുടവ കൈമാറുന്നത്. സാധാരണ വിവാഹങ്ങളിൽ കാണുന്ന പോലെ വീഡിയോയും, ക്യാമറയും, സദ്യയും എല്ലാം ഇതിലും ഉണ്ടാകും. കൂടാതെ, വിവാഹാഘോഷയാത്രകളും ഉണ്ടാകും. ഒരേയൊരു വ്യത്യാസം യഥാർത്ഥ വധൂ വരന്മാർക്ക് പകരം അവരുടെ പ്രതിമകളായിരിക്കും.
ആനി അരുൺ എന്ന യൂട്യൂബറാണ് ഈ വിചിത്രമായ വിവാഹത്തിന്റെ വിശദാംശങ്ങൾ ട്വിറ്ററിൽ പങ്കു വച്ചത്. “ഞാൻ ഇന്ന് ഒരു വിവാഹത്തിൽ പങ്കെടുത്തു. എന്തുകൊണ്ടാണ് ഇത് ട്വീറ്റ് ചെയ്യാൻ കാരണമെന്ന് നിങ്ങൾ ചോദിച്ചേക്കാം. കാരണം ഇതിൽ വരൻ മരിച്ചു. വധുവും മരിച്ചു. ഏകദേശം 30 വർഷം മുമ്പ്. എന്നാൽ അവരുടെ വിവാഹം ഇന്നാണ്” ആനി അരുൺ ട്വീറ്റ് ചെയ്തു. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും, സംഭവം അത്ര സിമ്പിൾ അല്ല എന്നദ്ദേഹം പറയുന്നു. വരനേക്കാൾ വധുവിന് വയസ്സ് കൂടുതലായതിന്റെ പേരിൽ വരന്റെ കുടുംബം വധുവിനെ നിരസിച്ച ഒരു സംഭവം അടുത്തിടെ ഉണ്ടായി എന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.
മരിച്ചവരുടെ വിവാഹമായത് കൊണ്ട് തന്നെ ആകെ ശോകമൂകമാകും അന്തരീക്ഷം എന്ന് ധരിക്കരുതെന്നും അദ്ദേഹം പറയുന്നു. മറ്റേതൊരു വിവാഹത്തേയും പോലെ അത് സന്തോഷകരമാണ്. എല്ലാവരും തമാശകൾ പറഞ്ഞ് ചിരിച്ച് ഉല്ലസിച്ചാണ് അത് ആഘോഷിക്കുന്നതെന്ന് അരുൺ പറയുന്നു. ഒടുവിൽ വിവാഹശേഷം കുടുംബത്തിലെ എല്ലാവരും വന്ന് നവദമ്പതികളെ ആശീർവദിക്കുന്നു. അതേസമയം, കുട്ടികൾക്കും അവിവാഹിതർക്കും വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ അനുവാദമില്ല.