ബെംഗളൂരു: മലബാറിൽ നിന്നുള്ളവർക്ക് രാമേശ്വരത്തേക്കും പഴനിയിലേക്കും എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്നതിനായി നേരിട്ടുള്ള മംഗളൂരു സെൻട്രൽ- രാമേശ്വരം ട്രെയിൻ സർവീസ് ആരംഭിച്ചെങ്കിലും കേരളത്തിൽ ആകെ പാലക്കാട് മാത്രം സ്റ്റോപ്പ് അനുവദിച്ച റെയിൽവേയുടെ നടപടി യാത്രക്കാർക്ക് തിരിച്ചടിയായി.

മംഗളൂരു സെൻട്രൽ – രാമേശ്വരം(16622) പ്രതിവാര ട്രെയിൻ പാലക്കാട്, ദിണ്ടിഗൽ, മധുര, മാനാമധുര എന്നിങ്ങനെയുള്ള പ്രധാന സ്റ്റേഷനുകളിലൂടെ മാത്രമാണ് കടന്നു പോകുന്നത്. അതായത് മംഗളൂരു സെൻട്രൽ സ്റ്റേഷൻ കഴിഞ്ഞാൽ അടുത്ത സ്റ്റോപ്പ് 351 കിലോമീറ്റർ കഴിഞ്ഞ് പാലക്കാട് ജംക്ഷനിൽ മാത്രം. അതേസമയം തമിഴ്‌നാട്ടിൽ മൂന്നു സ്റ്റോപ്പുകൾ ആണ് ഉള്ളത്.16621/16622 എന്ന നമ്പറിലുള്ള ട്രെയിൻ ആണ് രാമേശ്വരം-മംഗളൂരു റൂട്ടിൽ സർവീസ് നടത്തുക. എല്ലാ ഞായറാഴ്‌ചയും വൈകിട്ട് 7.30ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 10.50ന് രാമേശ്വരത്ത് എത്തും.
അന്ന് ഉച്ചയ്ക്ക് ശേഷം 3.30ന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6.55ന് മംഗളൂരു സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ എത്തും വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ട്രെയിൻ കടന്നു പോകുന്ന കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷോർണൂർ എന്നി പ്രധാന സ്റ്റേഷനുകളിളൊന്നും സ്റ്റോപ്പുകൾ ഇല്ല.മാർച്ച് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തത് 2024ൽ പ്രഖ്യാപിച്ച മംഗളുരു -രാമേശ്വരം ട്രെയിൻ സർവീസാണ് ഇത്. പല കാരണങ്ങളാൽ സർവീസ് നീളുകയായിരുന്നു.ഇതിനിടയിൽ പഴയ പാമ്പൻ റെയിൽവേ പാലം പഴക്കം കണക്കിലെടുത്ത് ഡീ കമ്മീഷൻ ചെയ്‌തതും തടസമായി.പുതിയ പാമ്പൻ പാലം പണികഴിച്ച് കഴിഞ്ഞ ഏപ്രിൽ ആറിന് തുറന്നു കൊടുത്തു.