ബെംഗളൂരു: മംഗളൂരുവിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തലപ്പാടി സ്വദേശി ടാബ്ലറ്റ് ആരിഫ് എന്നറിയപ്പെടുന്ന ആരിഫ് (46) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തൊക്കോട്ട് ളൈഓവറിൽ ബൈക്ക് തടഞ്ഞുനിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്.പുലർച്ചെ 3.30 ഓടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആരിഫ് തൻ്റെ ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ മംഗളൂരുവിലേക്ക് മീൻ കച്ചവടത്തിനായി പോകുകയായിരുന്നു. കാറിൽ പിന്തുടർന്നെത്തിയ ഒരു സംഘം ആരിഫിൻ്റെ ബൈക്ക് ഫ്ലൈഓവറിൽ തടഞ്ഞുനിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തി. തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
മംഗളൂരു, ബന്തർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആരിഫ്. നേരത്തെയും ആരിഫിന് നേരെ വധശ്രമം ഉണ്ടായിരുന്നു. സംഭവത്തിൽ നിർണായക വഴിത്തിരിവായി കുറ്റകൃത്യത്തിന് ഉപയോഗിച്ച കാർ പോലീസ് കണ്ടെത്തി. അക്രമികൾ ഉപയോഗിച്ചതായി പറയപ്പെടുന്ന വാഹനം വിട്ടൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ബുഡോളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് പോലീസ് കണ്ടെത്തിയത് പിടിച്ചെടുത്തു. ആരിഫിനെ ബൈക്കിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം പ്രതികൾ ഇതേ കാറിൽ തന്നെ രക്ഷപ്പെട്ടതായാണ് സൂചന. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.