മംഗളൂരു റെയില്‍വേ വികസനത്തില്‍ കേരളവും കര്‍ണാടകവും നടത്താന്‍ തീരുമാനിച്ച മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് കര്‍ണാടകം. തലശേരി–- മൈസൂരു, നിലമ്ബൂര്‍–-നഞ്ചങ്കോട് റെയില്‍പ്പാത വികസനത്തോടൊപ്പം നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതി മംഗളൂരുവരെ നീട്ടുന്നതും ചര്‍ച്ചയാവുന്നതിനെ ഏറെ ആഹ്ലാദത്തോടെയാണ് ജനങ്ങള്‍ കാണുന്നത്.
തിരുവനന്തപുരത്ത് നടന്ന ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ സതേണ്‍ കൗണ്‍സില്‍ യോഗത്തിലാണ് റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് ഇരുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിന് ധാരണയായത്. തിരുവനന്തപുരം–-കാസര്‍കോട് യാത്രയ്ക്ക് നാല് മണിക്കൂര്‍മാത്രം മതിയാകുന്ന സില്‍വര്‍ ലൈന്‍ മംഗളൂരുവരെ നീട്ടുന്നത് വ്യാപാര, വിനോദസഞ്ചാര മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. പദ്ധതി യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍നിന്ന് ഗോവ, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്കും തിരിച്ചുമുള്ള യാത്രാസമയം വന്‍തോതില്‍ കുറയും.
ദക്ഷിണകന്നടയിലെ എട്ട് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള നിരവധി പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൂരിപക്ഷം വിദ്യാര്‍ഥികളും കേരളീയരാണ്. മലബാറില്‍നിന്ന് ദിവസവും വന്നുപോകുന്ന വ്യാപാരികളും നിരവധി. സില്‍വര്‍ ലൈന്‍ മംഗളൂരുവിലേക്കു നീട്ടിയാല്‍ കൊല്ലൂര്‍ മുകാംബിക, ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം, ധര്‍മസ്ഥല മഞ്ജുനാഥേശ്വര ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള തീര്‍ഥാടകര്‍ക്കും മംഗളൂരുവില്‍നിന്ന് ശബരിമല, ഗുരുവായൂര്‍, പത്മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള തീര്‍ഥാടകര്‍ക്കും യാത്ര സുഗമമാകും. ഒഎന്‍ജിസി, ന്യൂ മംഗളൂരു പോര്‍ട്ട് അതോറിറ്റി, മംഗളൂരു റിഫൈനറീസ് ആന്‍ഡ് പെട്രോ കെമിക്കല്‍സ് തുടങ്ങി നിരവധി വ്യവസായ സ്ഥാപനങ്ങളില്‍നിന്നുള്ളതും തിരിച്ചുമുള്ള ചരക്കുഗതാഗതവും വേഗത്തിലാകും.
ഉയരും, വികസനത്തിന്റെ ചൂളംവിളി
കര്‍ണാടകത്തെയും കേരളത്തെയും കോര്‍ത്തിണക്കി റെയില്‍വേ ഇടനാഴി വരുന്നത് ഇരുസംസ്ഥാനത്തിനും നേട്ടമാകും. കുറഞ്ഞ ചെലവിലുള്ള ചരക്കുനീക്കവും ചുരുങ്ങിയ സമയത്തില്‍ മംഗളുരുവില്‍നിന്ന് തിരുവന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രയും സാധ്യമാകും. തമിഴ്നാടിനെയും കര്‍ണാടകത്തെയും ബന്ധിപ്പിക്കുന്ന അതിവേഗ പാതയും ചര്‍ച്ചയിലുണ്ട്. ഇതോടെ ദക്ഷിണേന്ത്യയിലെ മൂന്ന് പ്രധാന സംസ്ഥാനങ്ങള്‍ തമ്മിലുള്ള വ്യാപാര, സാംസ്കാരിക ബന്ധത്തിന് കുതിപ്പാകും.
മംഗളൂരു–-തിരുവനന്തപുരം യാത്രാസമയം കുറയുന്നത് ഏറ്റവുമധികം പ്രയോജനപ്പെടുക ചരക്ക് നീക്കത്തിനാകും. നിലവില്‍ ട്രെയിന്‍, റോഡ് മാര്‍ഗം മണിക്കൂറുകളെടുത്ത് ചരക്ക് കൊണ്ടുവരുന്നതില്‍ സാമ്ബത്തിക ബാധ്യതയേറെയാണ്. പദ്ധതിവഴി ഇരുസംസ്ഥാനത്തും വ്യാപാര മേഖലയ്ക്ക് പുത്തനുണര്‍വാകും. നിലവില്‍ റെയില്‍പ്പാതയുള്ളതിനാല്‍ പുതിയ ട്രാക്ക് നിര്‍മാണമടക്കം പ്രയാസമില്ലാതെ പൂര്‍ത്തീകരിക്കാനാകും. മംഗളൂരു ആശുപത്രികളെ ആശ്രയിക്കുന്ന നിരവധിപേര്‍ വടക്കന്‍ കേരളത്തിലുണ്ട്. റോഡ് മാര്‍ഗത്തേക്കാള്‍ എളുപ്പത്തില്‍ എത്തിച്ചേരാനായാല്‍ ചികിത്സാരംഗത്തും മുന്നേറ്റമാകും. തലശേരി –- മൈസുരു, നഞ്ചന്‍കോട് –- നിലമ്ബൂര്‍ റെയില്‍പ്പാത വികസനത്തില്‍ ഇരുസംസ്ഥാനവും കൈകോര്‍ത്താല്‍ വടക്കന്‍ കേരളത്തില്‍ വികസനത്തിന്റെ പുതിയ ചൂളംവിളി ഉയരും. റെയില്‍പ്പാത വേണമെന്ന വയനാടിന്റെ സ്വപ്നസാക്ഷാത്കാരത്തിനും ചിറക് മുളക്കും.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് കെ.സി. വേണുഗോപാല്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നും ആരെയും ഔദ്യോഗിക സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിട്ടില്ലെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ശശി തരൂര്‍ മത്സരിച്ചാല്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ വോട്ടര്‍പട്ടിക വിവാദം അനാവശ്യമെന്ന് വേണുഗോപാല്‍ പറഞ്ഞു. പട്ടിക പി.സി.സികളുടെ കൈവശമുണ്ടാകും. സാധാരണ നടപടികള്‍ പാലിച്ച് സുതാര്യമായാവും തെരഞ്ഞെടുപ്പ് നടക്കുക.
രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകണമെന്നാണ് ബഹു ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. എന്നാല്‍, അധ്യക്ഷനാകില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം. കുടുംബത്തില്‍ നിന്ന് ആരും ഉണ്ടാവില്ലെന്നും അറിയിച്ചിട്ടുണ്ട്.
ഭാരത് ജോഡോ യാത്ര നയിക്കാന്‍ കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയെ പോലെ യോഗ്യനായ ആരുമില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് പുതിയ ശക്തി പകരും. 18 സ്ഥിരം പ്രതിനിധികള്‍ രാഹുലിനൊപ്പം യാത്രയില്‍ ഉണ്ടാകുമെന്നും കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.