മംഗളൂരു:കൊലപാതകങ്ങളെ തുടര്‍ന്ന് മംഗളൂരുവില്‍ പൊലീസ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി മുസ്ളീംനേതാക്കളോട് പ്രാര്‍ത്ഥന വീടുകളിലാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സുരക്ഷ മുന്‍നിറുത്തിയാണ് ഈ നിര്‍ദ്ദേശം. ഇതിനൊപ്പം മംഗളൂരു പൊലീസ് കമ്മീഷണറുടെ അധികാര പരിധിയിലുള്ള എല്ലാ മദ്യക്കടകളും ഇന്ന് അടച്ചിടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുതെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സുരക്ഷ ശക്തമാക്കാനും അക്രമം അമര്‍ച്ചചെയ്യാനും പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ ഒരാള്‍ കൂടി കൊല്ലപ്പെട്ടതോടെയാണ് ദക്ഷിണ കന്നഡയില്‍ സംഘര്‍ഷം കനത്തത്. മംഗളൂരു സൂറത്കല്‍ മംഗള്‍പേട്ടെ സ്വദേശി ഫാസിലാണ് രാത്രി വെട്ടേറ്റ് മരിച്ചത്. സുള്ള്യയില്‍ നേരത്തെ നടന്ന രണ്ട് കൊലപാതകങ്ങളുടെ തുടര്‍ച്ചയാണോ ഇതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. റെഡിമെയ്ഡ് കടയുടെ മുന്നില്‍ നില്‍ക്കുമ്ബോള്‍ വാഹനത്തിലെത്തിയ അക്രമികള്‍ ഫാസിലിനെ വെട്ടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനില്ല. കൊലപാതകത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കൊലപാതകം നടത്തിയവരെക്കുറിച്ച് വ്യക്തമായ സൂചനകള്‍ പൊലീസിന് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ട്. കൊലപാതകങ്ങള്‍ക്ക് പിന്നാലെ വടക്കന്‍ കേരളത്തിലും കനത്ത ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലെ ചെക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കി.
അതേസമയം, യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തില്‍ 21 പേരെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരള അതിര്‍ത്തിയില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലാണ് അക്രമികള്‍ എത്തിയത്. ഈ കേസില്‍ അന്വേഷണം നടത്തുന്നതിനായി കേരളത്തിന്റെ സഹായം കര്‍ണാടക പൊലീസ് തേടിയിരുന്നു.