മംഗളൂരു: മംഗളൂരുവില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ഓട്ടോറിക്ഷ സ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പുതിയ തീവ്രവാദ സംഘടനയുടെ പേരില്‍ കത്ത്.
ഇസ്‍ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍ എന്ന സംഘടനയുടെ പേരിലാണ് പൊലീസിന് കത്ത് ലഭിച്ചത്. എന്നാല്‍, ഈ കത്ത് യഥാര്‍ഥമാണോ എന്നതിനെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനം നടത്തിയത് പ്രശസ്തമായ മഞ്ജുനാഥ് ക്ഷേത്രം ലക്ഷ്യമിട്ടാണെന്ന് ഇതില്‍ അവകാശപ്പെടുന്നതായും ഇത്തരമൊരു സംഘടനയെ കുറിച്ച് ഇതുവരെ അറിവില്ലെന്നും പൊലീസ് പറയുന്നു.
തീവ്രവാദ ആക്രമണമായാണ് സ്ഫോടനത്തെ പൊലീസ് നോക്കിക്കാണുന്നത്. സംഭവത്തില്‍ പ്രതിയായ ഓട്ടോയാത്രികന്‍ ഷെരീഖ് ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച കത്തില്‍ മുതിര്‍ന്ന പൊലീസ് ഓഫിസര്‍ അലോക് കുമാറിന് ഭീഷണിയുമുണ്ട്. എവിടെ നിന്നാണ് കത്തയച്ചതെന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.
ഷെരീഖിന്റെ ഫോട്ടോസഹിതം ഇംഗ്ലീഷില്‍ അച്ചടിച്ചതാണ് കത്ത്. കാവി തീവ്രവാദികളുടെ താളവമായ കദ്രിയിലെ ക്ഷേത്രം ആക്രമിക്കാനുള്ള ശ്രമമായിരുന്നു. ഞങ്ങള്‍ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചതുകൊണ്ടാണ് പ്രതികാരം ചെയ്യുന്നത്. ആള്‍ക്കൂട്ട കൊലപാതകം, അടിച്ചമര്‍ത്തുന്ന നിയമങ്ങള്‍, മതത്തിലുള്ള ഇടപെടല്‍, നിരപരാധികള്‍ ജയിലുകളില്‍ കഴിയേണ്ടി വരുന്നത് തുടങ്ങിയവ കൂടാതെ, ഇന്ന് പൊതു ഇടങ്ങളില്‍ നമ്മുടെ വംശഹത്യക്കു വേണ്ടിയുള്ള ആഹ്വാനങ്ങളും പ്രതിധ്വനിക്കുന്നു. മുസ്ലിംകള്‍ എന്ന നിലയില്‍ അടിച്ചമര്‍ത്തലുകള്‍ നേരിടുമ്ബോള്‍ ജിഹാദ് ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. – എന്നാണ് കത്തില്‍ കുറിച്ചിരുന്നത്.