ചെന്നൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ നിരവധി ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ആദ്യമായാണ് ഒരാൾ സ്കൂട്ടർ നടുറോഡിൽ ഇട്ട് കത്തിക്കുന്നത്.
സ്കൂട്ടറിന്റെ ബാറ്ററി ചാർജ് തീർന്നതിനെ തുടർന്നുണ്ടായ പ്രകോപനത്തലാണ് യുവാവ് ഇ-ബൈക്ക് കത്തിച്ചത്.മഹാരാഷ്ട്രയിൽ പ്രതിഷേധത്തിന്റെ ഭാഗമായി യുവാവ് ഒല സ്കൂട്ടർ കഴുതയെ കൊണ്ട് കെട്ടിവലിച്ച സംഭവത്തിന് പിന്നാലെയാണ് ഇത്.
തമിഴ്നാട്ടിലെ അമ്പൂരിന് സമീപമാണ് പൃഥ്വിരാജ് ഗോപിനാഥൻ എന്ന യുവാവ് തന്റെ ഒല എസ് 1 പ്രോ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.181 കിലോമീറ്റർ ഫുൾ ചാർജിൽ തങ്ങളുടെ സ്കൂട്ടർ ഓടുമെന്നാണ് കമ്പനിയുടെ അവകാശവാദം.
എന്നാൽ 50 മുതൽ 60 കിലോമീറ്റർ ദൂരം ഓടിയ ശേഷം സ്കൂട്ടറിന്റെ ബാറ്ററി തീർന്നതിനെ തുടർന്നാണ് യുവാവ് കടുത്ത നടപടി സ്വീകരിച്ചത്. കൂടാതെ, സഹായം ആവശ്യപ്പെട്ടപ്പോൾ വൈകിട്ട് അഞ്ച് മണിക്ക് ശേഷം മാത്രമെ കമ്പനിക്ക് ആളെ അയയ്ക്കാൻ സാധിക്കുകയുള്ളൂവെന്നും നിർമ്മാതാക്കൾ പറഞ്ഞുവെന്നും ആരോപണമുണ്ട്.
നടുറോഡിൽ സ്കൂട്ടർ നിന്ന് പോയതിനെ തുടർന്ന് ഇയാൾ കൂടെയുണ്ടായിരുന്ന ആളിനോട് രണ്ട് ലിറ്റർ പെട്രോൾ വാങ്ങാൻ ആവശ്യപ്പെടുകയും അത് സ്കൂട്ടറിൽ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.