വിവാഹം കഴിക്കുന്നില്ലേ എന്ന് നിരന്തരം ചോദിച്ച് ശല്യപ്പെടുത്തിയിരുന്ന അയല്‍ക്കാരനെ യുവാവ് കൊലപ്പെടുത്തി. ഇന്തോനേഷ്യയിലാണ് സംഭവം.ദി സ്ട്രെയിറ്റ്സ് ടൈസ് ആണ് വിവരം പുറത്തുവിട്ടത്. വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി റീജൻസിയില്‍ ജൂലായ് 29നാണ് സംഭവമുണ്ടായത്. 45കാരനായ പർലിന്ദുംഗൻ സിരേഗർ ആണ് അയല്‍ക്കാരനും റിട്ടയേർഡ് സിവില്‍ സർവീസ് ഉദ്യോഗസ്ഥനുമായ അസ്ഗിം ഇരിയാന്റോ (60) യുടെ വീട്ടില്‍ കയറി കൊലപ്പെടുത്തിയത്. രാത്രി എട്ട് മണിയോടെ ഇരിയാന്റോയുടെ വീട്ടിലെത്തിയ പ്രതി ഇയാളെ മരക്കഷ്ണം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തെ തുടർന്ന് ഇരിയാന്റോ വീട്ടില്‍ നിന്നും ഇറങ്ങി ഓടി. എന്നാല്‍, പ്രതി ഇയാളുടെ പിന്നാലെ ഓടി. റോഡിലേക്ക് വീണ ഇരിയാന്റോയുടെ തലയില്‍ സിരേഗർ മരകഷ്ണം ഉപയോഗിച്ച് ശക്തമായി അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സമീപവാസികള്‍ ഓടിയെത്തി പ്രതിയെ പിടിച്ചുമാറ്റിയ ശേഷം ഇരിയാന്റോയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇരിയാന്റോയുടെ ഭാര്യ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
അറസ്റ്റിലായ പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ മരിയ മാർപാംഗ് മാധ്യമങ്ങളോട് പറഞ്ഞു. വിവാഹം നടക്കാത്തതിന്റെ പേരില്‍ 60കാരൻ പല തവണ പരിഹസിക്കുകയും വിവാഹം കഴിക്കാത്തതിന്റെ കാരണം നിരന്തരം തിരക്കുകയും ചെയ്തതായും സിരേഗർ പൊലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞിട്ടുള്ളത്. ഇതിന്റെ വാശിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.