Home തിരഞ്ഞെടുത്ത വാർത്തകൾ വിമാനത്താവളത്തില്‍ പൊട്ടിക്കരഞ്ഞ് 35 -കാരൻ, വിസയും പാസ്പോര്‍ട്ടും സകലതും വ്യാജം, പറ്റിക്കപ്പെട്ടത് പല തവണ

വിമാനത്താവളത്തില്‍ പൊട്ടിക്കരഞ്ഞ് 35 -കാരൻ, വിസയും പാസ്പോര്‍ട്ടും സകലതും വ്യാജം, പറ്റിക്കപ്പെട്ടത് പല തവണ

by ടാർസ്യുസ്

മെച്ചപ്പെട്ടൊരു ജീവിതം സ്വപ്നം കണ്ടാണ് പലരും കടം വാങ്ങിയും മറ്റും വിദേശത്തേക്ക് പോകുന്നത്. എന്നാല്‍, അങ്ങനെ വിദേശത്തുപോയി രക്ഷപ്പെടാം എന്ന് സ്വപ്നം കണ്ട ഒരു സാധാരണക്കാരന്റെ ദയനീയാവസ്ഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.ബംഗ്ലാദേശിലെ മണിക്ഗഞ്ച് സ്വദേശിയായ മുഹമ്മദ് ബാബുല്‍ ഹൊസൈൻ എന്ന 35 -കാരനായ തയ്യല്‍ക്കാരനാണ് വീഡിയോയില്‍ ഉള്ളത്.

വിമാനത്താവളത്തില്‍ വെച്ച്‌ താൻ ചതിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞ് വിങ്ങിപ്പൊട്ടുന്ന യുവാവിനെയാണ് വീഡിയോയില്‍ കാണുന്നത്. തായ്‌ലൻഡിലേക്കുള്ള വിസയും വിമാന ടിക്കറ്റും വ്യാജമാണെന്ന് എമിഗ്രേഷൻ ഉദ്യോഗസ്ഥർ അറിയിച്ചതോടെ ബാബുല്‍ തകർന്നു പോവുകയായിരുന്നു.തന്റെ ചെറിയ തയ്യല്‍ക്കടയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ബാബുല്‍ കുടുംബം പുലർത്തിയിരുന്നത്. എന്നാല്‍, വലിയ ബുദ്ധിമുട്ടായതോടെ 2020 മുതല്‍ വിദേശത്ത് പോകാനുള്ള ശ്രമം ആരംഭിച്ചു. പക്ഷേ, പലരും ബാബുലിനെ ചതിച്ചു. 2021-ല്‍ ഒരാള്‍ക്ക് 2.5 ലക്ഷം ടാക്ക (ഏകദേശം 1.8 ലക്ഷം ഇന്ത്യൻ രൂപ) നല്‍കിയെങ്കിലും വിദേശയാത്ര നടന്നില്ല, ആ പണം പോയി. പിന്നീട് സൗദി അറേബ്യയിലേക്ക് പോകാനായി 50,000 ടാക്ക മറ്റൊരാള്‍ക്ക് നല്‍കി. അവിടെയും വിസ ലഭിച്ചില്ല. 2024-ല്‍ ബെലാറൂസിലേക്ക് പോകാനായി ഒരു ഏജൻസിയുമായി 7.5 ലക്ഷം ടാക്കയുടെ കരാറില്‍ ഏർപ്പെട്ടു. മുപ്പതിനായിരത്തോളം ടാക്ക മുൻകൂർ നല്‍കുകയും ചെയ്തു. അതും തട്ടിപ്പായിരുന്നു.

ഇത്തവണ യൂട്യൂബ് ചാനല്‍ വഴിയാണ് സൊഹേല്‍ എന്നൊരാളെ ബാബുല്‍ പരിചയപ്പെടുന്നത്. തായ്‌ലൻഡിലെ ‘ബിഡി ഫുഡ്’ എന്ന കമ്പനിയില്‍ മാസം 50,000 ടാക്ക ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് സൊഹേലും അഫ്രീദി എന്നൊരാളും ബാബുലിനെ സമീപിച്ചത്. ഇവരെ വിശ്വസിച്ച്‌ 3.6 ലക്ഷം ടാക്ക (ഏകദേശം 2.7 ലക്ഷം ഇന്ത്യൻ രൂപ) പല ഘട്ടങ്ങളിലായി അയച്ചുനല്‍കുകയും ചെയ്തു. തന്റെ തയ്യല്‍ക്കടയിലെ സാധനങ്ങള്‍ വിറ്റും നാട്ടുകാരില്‍ നിന്നും കടം വാങ്ങിയുമൊക്കെയാണ് പണം ഒപ്പിച്ചത്. ഞായറാഴ്ച പുലർച്ചെ വിമാനത്തില്‍ കയറാൻ ധാക്ക വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് തനിക്ക് ലഭിച്ച രേഖകളെല്ലാം വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ‘ഈ കടം ഞാൻ എങ്ങനെ വീട്ടുമെന്ന് എനിക്കറിയില്ല. ഞാൻ വിദേശത്തു പോകുകയാണെന്ന് നാട്ടിലെല്ലാവർക്കും അറിയാം. ഇനി വീട്ടിലേക്ക് തിരിച്ചുപോകാൻ പോലും എനിക്ക് ധൈര്യമില്ല’ എന്നാണ് ബാബുല്‍ പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group