Home Featured കർണാടകയിൽ കുറുപ്പ് സ്റ്റൈൽ;’ആത്മഹത്യയെന്ന് വരുത്താന്‍ മറ്റൊരാളെ സ്വന്തം കാറില്‍ മയക്കിക്കിടത്തി കത്തിച്ചു; പ്രതിയും 3 സഹായികളും അറസ്റ്റില്‍

കർണാടകയിൽ കുറുപ്പ് സ്റ്റൈൽ;’ആത്മഹത്യയെന്ന് വരുത്താന്‍ മറ്റൊരാളെ സ്വന്തം കാറില്‍ മയക്കിക്കിടത്തി കത്തിച്ചു; പ്രതിയും 3 സഹായികളും അറസ്റ്റില്‍

മംഗ്‌ളുറു: ബൈന്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹനെ ബെരുവില്‍ വിജന സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാറിനകത്തെ മൃതദേഹം കാര്‍ക്കളയിലെ കല്പണിക്കാരന്‍ ആനന്ദ ദേവഡിഗയുടേതാണെന്ന് (55) തിരിച്ചറിഞ്ഞു.ദേവഡിഗയെ തന്റെ കാറില്‍ മയക്കിക്കിടത്തി സര്‍വേയറും ഉഡുപി ജില്ലക്കാരനുമായ സദാനന്ദ ഷെറിഗാര്‍ (54) ആണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് അന്വേഷണത്തില്‍ അറിവായതായി ബൈന്തൂര്‍ സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് കൈകിണി പറഞ്ഞു. ഇയാളേയും സഹായികളായി പ്രവര്‍ത്തിച്ച ശില്‍പ(34), സതീഷ് ആര്‍ ദേവഡിഗ(40), നിതിന്‍ എന്ന നിത്യാനന്ദ ദേവഡിഗ (40) എന്നിവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

സംഭവം സംബന്ധിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: ‘ചൊവ്വാഴ്ച രാത്രിയാണ് വിജന സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ ചാരമായ കാറും അതിനകത്ത് കരിഞ്ഞ മൃതദേഹവും കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയെത്തുടര്‍ന്ന് കാറിന്റെ ഉടമ സദാനന്ദയാണെന്ന് മനസിലായി. താന്‍ മരിച്ചു എന്ന് വരുത്തി സാമ്ബത്തിക ഇടപാടുകളില്‍ നിന്ന് തലയൂരാന്‍ ആസൂത്രണം ചെയ്തതാണ് കൊലപാതകം. തന്റെ സുഹൃത്ത് ശില്‍പ, അവരുടെ സുഹൃത്തുക്കളായ മറ്റു രണ്ട് പ്രതികള്‍ എന്നിവരാണ് കൃത്യത്തിന്റെ സഹായികള്‍. ചൊവ്വാഴ്ച പകല്‍ കല്പണിക്കാരനെ ബാറില്‍ നിന്ന് മൂക്കറ്റം മദ്യം കുടിപ്പിച്ച ശേഷം വീട്ടില്‍ കിടത്തി. രാത്രി ഉറക്ക ഗുളിക നല്‍കി മയക്കി കാറില്‍ കയറ്റി ഓടിച്ചുപോയി. വിജനസ്ഥലത്ത് നിറുത്തി നാലുപേരും ഇറങ്ങി കല്പണിക്കാരനെ കാറിനൊപ്പം പച്ചക്ക് കത്തിച്ചു.

സസ്താന്‍ ടോള്‍ ബൂതിലെ സിസിടിവി ദൃശ്യങ്ങളാണ് അക്രമികളെ കുടുക്കാന്‍ പൊലീസിന് സഹായകമായത്. ചൊവ്വാഴ്ച സംഭവസ്ഥലത്തേക്കുള്ള യാത്രയില്‍ രാത്രി 12.30ന് കാറില്‍ നിന്നിറങ്ങി ചുങ്കം തുക അടച്ച സ്ത്രീ ശില്‍പയാണെന്ന് തിരിച്ചറിഞ്ഞു. കൃത്യനിര്‍വഹണത്തിന് ശേഷം സദാനന്ദയും ശില്‍പയും ബെംഗ്‌ളൂറിലേക്കുള്ള ബസില്‍ കയറുന്ന രംഗം മറ്റൊരു നിരീക്ഷണ ക്യാമറയിലും പതിഞ്ഞു. വ്യാഴാഴ്ച ഇരുവരും ബസില്‍ കാര്‍ക്കളയില്‍ വന്നിറങ്ങിയ ഉടന്‍ പൊലീസിന്റെ പിടി വീണു. കോടതിയില്‍ ഹാജരാക്കിയ നാല് പ്രതികളേയും ഈ മാസം 18 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു’.

You may also like

error: Content is protected !!
Join Our WhatsApp Group