Home Featured മുംബൈ, ചെന്നൈ, ബം​ഗളൂരു; കേരളത്തിന് പുറത്ത് വന്‍ റിലീസുമായി ‘മാളികപ്പുറം

മുംബൈ, ചെന്നൈ, ബം​ഗളൂരു; കേരളത്തിന് പുറത്ത് വന്‍ റിലീസുമായി ‘മാളികപ്പുറം

സമീപകാല മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്റര്‍ ചിത്രങ്ങളില്‍ ഒന്നാവുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം. ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യം കേരളത്തില്‍ മാത്രമായിരുന്നു എത്തിയത്. ആദ്യദിനം മുതല്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് എത്തുകയാണ്. യുഎഇ/ ജിസിസി മേഖലകളില്‍ ഇന്ന് മുതല്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രത്തിന്‍റെ ഇതര സംസ്ഥാനങ്ങളിലെ റിലീസ് നാളെയാണ്. വന്‍ സ്ക്രീന്‍ കൌണ്ടോടെയാണ് ചിത്രം മറുനാടുകളിലേക്ക് എത്തുന്നത്.

മുംബൈ, പൂനെ, ​ഗോവ, ​ഗുജറാത്ത്, മധ്യപ്രദേശ്, ഒഡിഷ, ബം​ഗളൂരു, ചെന്നൈ, വെല്ലൂര്‍, പോണ്ടിച്ചേരി, സേലം, ട്രിച്ചി, തിരുനല്‍വേലി, മധുരൈ, തിരുപ്പൂര്‍, കോയമ്പത്തൂര്‍, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി 130 സ്ക്രീനുകളിലാണ് ചിത്രം എത്തുക. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് വലിയ സ്ക്രീന്‍ കൌണ്ട് ആണ് ഇത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷാ പതിപ്പുകളും പ്രദര്‍ശനത്തിന് ഉണ്ടാവും.

നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്‍റര്‍ടെയ്നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് വിഷ്ണു ശശിശങ്കര്‍. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group