ബെംഗളൂരു: മണ്ഡ്യയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പുൽപ്പള്ളി പാടിച്ചിറ സ്വദേശിയായ മഞ്ഞളിയിൽ എം.വി ജെറിൻ (34) ആണ് മരിച്ചത്. മാനന്തവാടി പായോട് വയനാട് ഡീസൽ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.ബെംഗളൂരുവിൽ താമസിക്കുന്ന സഹോദരിയെ സന്ദർശിച്ച് ഇന്ന് പുലർച്ചെ വയനാട്ടിലേക്ക് തിരികെ വരികയായിരുന്ന ബൊലേറൊയാണ് അപകടത്തിൽപെട്ടത്.
ലോറിക്ക് പിന്നിൽ കാറ് ഇടിക്കുകയായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. അപകടത്തിൽ വാഹനം ഏകദേശം പൂർണമായും തകർന്നു.ഗുരുതരമായി പരിക്കേറ്റ ജെറിൻ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ജെറിന്റെ അച്ചൻ വർഗീസ്, അമ്മ മേഴ്സി എന്നിവർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. മൃതദേഹം മാണ്ഡ്യ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കോളജ് പരിസരത്ത് വാടക വീട്ടില്‍ കഞ്ചാവ് കൃഷിയും വില്‍പനയും: മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ശിവമൊഗ്ഗ നഗരത്തില്‍ കുറുപുരയില്‍ സുബ്ബയ്യ മെഡിക്കല്‍ കോളജ് പരിസരത്ത് വീട് വാടകക്കെടുത്ത് കഞ്ചാവ് കൃഷിയും വില്‍പനയും നടത്തി വന്ന മലയാളി ഉള്‍പ്പെടെ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.ഇടുക്കി സ്വദേശി കെ. വിനോദ് കുമാര്‍ (27), തമിഴ്നാട്ടുകാരായ കൃഷ്ണഗിരിയിലെ വിഘിനരാജ് (28), ധര്‍മപുരിയിലെ പാണ്ടിദൊരൈ (27) എന്നിവരാണ് അറസ്റ്റിലായത്.വെബ്സൈറ്റില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ചാണ് മൂവരും വീടിനകത്ത് കഞ്ചാവ് കൃഷി ചെയ്യുന്ന രീതി പരീക്ഷിച്ചതെന്ന് ഷിവമൊഗ്ഗ ജില്ല പൊലീസ് സൂപ്രണ്ട് ജി.കെ. മിഥുൻ കുമാര്‍ പറഞ്ഞു.
227 ഗ്രാം ഉണങ്ങിയ കഞ്ചാവ്, 1.5 കിലോഗ്രാം പച്ചില കഞ്ചാവ്, 10 ഗ്രാം ചരസ്, കഞ്ചാവ് വിത്തുകള്‍, ആറ് ടേബിള്‍ ഫാനുകള്‍, രണ്ട് സ്റ്റെബ്ലൈസറുകള്‍, മൂന്ന് എല്‍.ഇ.ഡി ട്യൂബ് ലൈറ്റുകള്‍, ഹുക പൈപ്പുകള്‍, പുകപാത്രങ്ങള്‍, 19,000 രൂപ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.ഓണ്‍ലൈനായി കഞ്ചാവ് വിത്തുകള്‍ വാങ്ങി വീടിന്റെ ഒരു മുറിയില്‍ ടെന്റ് കെട്ടി ഹൈടെക് രീതിയില്‍ കൃത്രിമ സൂര്യപ്രകാശം കൊണ്ടുവന്ന് ലൈറ്റുകളും സ്ഥാപിച്ച് കഞ്ചാവ് ചെടികള്‍ വളര്‍ത്തുകയായിരുന്നു.
കൃത്രിമ വായുവിനായി ആറിലധികം ഫാനുകള്‍ സ്ഥാപിച്ചിരുന്നു. മൂന്നര മാസമായി ഇവര്‍ വീട്ടില്‍ കഞ്ചാവ് വളര്‍ത്തുകയും സഹപാഠികള്‍ വഴി പുറത്ത് വില്‍പന നടത്തുകയും ചെയ്തുവരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി.