Home Featured മലയാളി ബ്ലോഗർ കാനഡയിൽ മരിച്ച നിലയിൽ

മലയാളി ബ്ലോഗർ കാനഡയിൽ മരിച്ച നിലയിൽ

മലയാളി ബ്ലോഗർ കാനഡയിൽ മരിച്ച നിലയിൽ.തിരുവമ്പാടി സ്വദേശിയായ കാളിയാംപുഴ പാണ്ടിക്കുന്നേൽ ബേബിയുടെ മകൻ രാജേഷ് ജോൺ (35) ആണ് മരിച്ചത്. കാനഡയിലെ ആൽബർട്ടലെത്ത്ബ്രിഡ്ജിനു സമീപമുള്ള പർവതത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഫിഷിങ് വ്ളോഗറായിരുന്നു രാജേഷ്.ബ്ലോഗിങ്ങിനായി വീട്ടിൽ നിന്നു പുറപ്പെട്ട രാജേഷ് തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ആഗസ്ത് മൂന്നിനാണ് മത്സ്യബന്ധനത്തിനും വീഡിയോ പകർത്താനുമായി വീട്ടിൽ നിന്നു പുറപ്പെട്ടത്.

ലിൻക്സ് ക്രീക്കിനു സമീപം ഫിഷിങ്ങിനു പോവുകയാണെന്നും പിറ്റേന്ന് മടങ്ങിയെ ത്തുമെന്നുമാണ് വീട്ടുകാരെ അറിയിച്ചത്. രാവിലെ ഏഴു മണിക്ക് അദ്ദേഹം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് വിവരമൊന്നുമുണ്ടായില്ല. തിരിച്ചുവരാത്തതിനെ തുടർന്ന് ഭാര്യ അനു പനങ്ങാടൻ പൊലീസിൽ അറിയിക്കുകയായിരുന്നു.

മെഡിസിൻ ഹാറ്റ് പൊലീസിന്റെ അഭ്യർത്ഥനയെ തുടർന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസും (ആർ.സി.എം.പി) വൈൽഡ് ലൈഫ് ഏജൻസിയും തെരച്ചിൽ നടത്തി. ആഗസ്ത് അഞ്ച് വൈകുന്നേരം രാജേഷ് ഉപയോഗിച്ച കാർ ലിൻക്സ് ക്രീക്ക് കണ്ടെത്തി.

ഞായറാഴ്ച ഉച്ചയോടെയാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരു വെള്ളച്ചാട്ടത്തിന്റെ അടി ഭാഗത്തായിരുന്നു മൃതദേഹം. കൈയിൽ നിന്നു വീണ ഫിഷിങ് ബാഗ് ചൂണ്ട ഉപയോഗിച്ച് എടുക്കാനുള്ള ശ്രമത്തിനിടെ രാജേഷ് ഉയരത്തിൽനിന്ന് കാൽ വഴുതി വീഴുകയായിരുന്നു എന്നാണ് കരുതുന്നത്.

കലാ സാംസ്കാരിക കായിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന രാജേഷ് ‘വ്ളോഗർ ജോൺ എന്ന പേരിലുള്ള യൂട്യൂബ് ചാനലിലാണ് വീഡിയോകൾ പ്രസിദ്ധീകരിച്ചിരുന്നത്. മെഡിസിൻ ഹാറ്റ് ക്രിക്കറ്റ് അസോസിയേഷൻ പി.ആർ.ഒ ആയിരുന്നു. വത്സമ്മ വാളിപ്ലാക്കൽ ആണ് മാതാവ്. മകൻ: ഏദൻ. രാജേഷ് ജോണിന്റെ സംസ്കാരം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ പിന്നീട് നടത്തും.

You may also like

error: Content is protected !!
Join Our WhatsApp Group