ബെംഗളൂരു: മുൻ മന്ത്രിയും മലയാളിയുമായ യു.ടി ഖാദർ കർണാടകയിൽ കോൺഗ്രസിന്റെ സ്പീക്കർ സ്ഥാനാർഥി ആകും. ഇതുസംബന്ധിച്ച് കോൺഗ്രസ് ചുമതലയുള്ള രൺദീപ് സുർജേവാല , കെ.സി വേണുഗോപാൽ എന്നിവർ യു.ടി ഖാദറുമായി ചർച്ച നടത്തി. ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രതിനിധിയെ സുപ്രധാന സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.ആർ.വി ദേശ്പാണ്ഡെ, ടി.ബി ജയചന്ദ്ര, എച്ച്.കെ പാട്ടീൽ എന്നിവരുടെ പേരുകളാണ് ആദ്യഘട്ടത്തിൽ സ്പീക്കർ സ്ഥാനത്തേക്ക് ചർച്ചയിലുണ്ടായിരുന്നത്.
യു.ടി ഖാദറിന് മന്ത്രി സ്ഥാനം നൽകുമെന്നും റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ കർണാടക നിയമസഭാ ചരിത്രത്തിലെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ആദ്യ സ്പീക്കർ ആയിരിക്കും യു.ടി ഖാദർ.ഉള്ളാള്‍ മണ്ഡലം എം.എൽ.എയായിരുന്ന യു.ടി ഫരീദ് നിര്യാതനായതിനെ തുടർന്ന് 2007 ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മകനായ യു.ടി ഖാദർ മത്സരിക്കുന്നത്. തുടർന്ന് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച ഖാദർ 2013 ലും സിദ്ധരാമയ്യ സർക്കാരിൽ അംഗമായിരുന്നു.
ശനിയാഴ്ചയാണ് സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റത്. ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ പ്രധാനപ്പെട്ട അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ തത്വത്തിൽ തീരുമാനമെടുത്തിരുന്നു. കുടുംബനാഥരായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, ബി.പി.എൽ കുടുംബങ്ങൾക്ക് 10 കിലോ സൗജന്യ അരി, തൊഴിൽരഹിതരായ യുവാക്കൾക്ക് സാമ്പത്തിക സഹായം തുടങ്ങിയ വാഗ്ദാനങ്ങളാണ് നടപ്പാക്കാൻ തീരുമാനിച്ചത്.
എട്ട് മന്ത്രിമാരാണ് ശനിയാഴ്ച സിദ്ധരാമയ്യക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭാ വിപുലീകരണ ചർച്ചകൾ പാർട്ടിയിൽ പുരോഗമിക്കുകയാണ്. 23 മന്ത്രിമാർ പുതുതായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഈ ആഴ്ച അവസാനത്തോടെ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകും
അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങി യുവതി മരിച്ചു; എഞ്ചിനീയര്‍മാര്‍ക്കെതിരെ കേസെടുത്തു
ബംഗളൂരുവിലെ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടില്‍ കുടുങ്ങി യുവതി മരിക്കുകയും, യുവതിയുടെ കുടുംബാംഗങ്ങളുടെ ജീവന് അപകടത്തിലാകുകയും ചെയ്ത സംഭവത്തില്‍ ബെംഗളൂരു സിവിക് ഏജന്‍സി എൻജിനീയര്‍മാര്‍ക്കെതിരേ കേസെടുത്തു.വെള്ളക്കെട്ടുള്ള അടിപ്പാതയിലേക്ക് വാഹനമിറക്കി അതില്‍ ഉണ്ടായിരുന്നവരെ അപകടത്തില്‍പ്പെടുത്തിയ കാര്‍ഡ്രൈവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപകടത്തില്‍ മരിച്ച ഐടി കമ്ബനി ജീവനക്കാരിയായ ബി. ഭാനുരേഖയുടെ ബന്ധു നല്കിയ പരാതിയിലാണ് നടപടി.
സിറ്റി മുന്‍സിപ്പല്‍ കോര്പറേഷന് ഓഫീസ് വഴി ഹോസുര്‍ റോഡിലേക്ക് പോകുമ്ബോഴായിരുന്നു കാര്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയത്. ഒരു ഓട്ടോറിക്ഷയും കാറും അതുവഴി കടന്നുപോയത് കണ്ടാണ് താന്‍ കാര്‍ അടിപ്പാതയിലിറക്കിയതെന്നും മുന്നോട്ടുപോകാന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ നിര്‍ദേശിച്ചതായും കാര്‍ ഡ്രൈവര്‍ ഹരീഷ് പറഞ്ഞു. എന്നാല്‍ രണ്ട് മിനിറ്റിനുള്ളില്‍ അടിപ്പാതയില്‍ വെള്ളം നിറഞ്ഞ് കാറിന്റെ എന്ജിന് നിന്നുപോയി.അപകടത്തില്‍പ്പെട്ടവരെ പ്രവേശിപ്പിച്ച സെന്റ് മാര്‍ത്ത ആശുപത്രിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദര്‍ശിച്ചു.
ഭാനുരേഖയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അപകടത്തിനുശേഷം അടിപ്പാതയിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. നഗരത്തിലെ എല്ലാ അടിപ്പാതകളുടേയും സ്ഥിതിഗതികള്‍ വിലയിരുത്താനുള്ള നടപടികള്‍ ബൃഹത് ബെംഗളൂരു മഹാനഗര പാലിക തുടങ്ങിയിട്ടുണ്ട്