ബംഗളൂരു: സ്കൂള്‍ കെട്ടിടത്തില്‍നിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരിയായ മലയാളി പെണ്‍കുട്ടി മരിച്ചു.ബംഗളൂരുവില്‍ ഐ.ടി ജീവനക്കാരായ കോട്ടയം മണിമല കുറുപ്പൻ പറമ്ബില്‍ ജിറ്റോ ടോമി ജോസഫ്- ബിനീറ്റ തോമസ് ദമ്ബതികളുടെ മകള്‍ ജിയന ആൻ ജിറ്റോ ആണ് വ്യാഴാഴ്ച മരിച്ചത്. ക്ല്യാണ് നഗർ ഹെന്നൂർ ചെല്ലികരെയിലെ ഡല്‍ഹി പ്രീ സ്കൂളിലെ കെട്ടിടത്തില്‍നിന്ന് വീണ് പരിക്കേറ്റ നിലയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹെബ്ബാളിലെ ആസ്റ്റർ സി.എം.ഐ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെയാണ് മരണം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ വ്യാഴാഴ്ച ഹെന്നൂർ പൊലീസിനും മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്കും പരാതി നല്‍കിയിരുന്നു.
ഏഴു മാസം മുമ്ബാണ് കുടുംബം മണിമലയില്‍നിന്ന് ബംഗളൂരുവിലേക്ക് മാറിത്താമസിച്ചത്.തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. ഉച്ചക്ക് 12.30ന് ഉച്ചഭക്ഷണ സമയത്ത് മാതാപിതാക്കള്‍ കുഞ്ഞിനെ കണ്ടിരുന്നു. പിന്നീട് 2.40 ഓടെയാണ് കുഞ്ഞിന് അപകടം പറ്റിയതായി ഫോണ്‍വിളി വരുന്നത്. കളിക്കുന്നതിനിടെ കുട്ടി ചുമരില്‍ തലയിടിച്ച് വീണെന്നും ഛർദിച്ചെന്നുമാണ് സ്കൂള്‍ അധികൃതർ മാതാപിതാക്കളെ അറിയിച്ചത്. മാതാപിതാക്കള്‍ സ്കൂളില്‍ എത്തിയപ്പോഴേക്കും കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ആദ്യം സമീപത്തെ രണ്ടു ആശുപത്രികളില്‍ കുട്ടിയെ കാണിച്ചെങ്കിലും പരിക്ക് ഗുരുതരമാണെന്ന് കണ്ടതോടെ ആസ്റ്റർ സി.എം.ഐ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. കുട്ടി പ്രീ-സ്കൂള്‍ കെട്ടിടത്തിന്റെ ടെറസില്‍നിന്ന് താഴേക്ക് വീണതാണെന്ന് മാതാപിതാക്കള്‍ കണ്ടെത്തി. ഉയരത്തില്‍നിന്ന് വീണപ്പോള്‍ തലക്ക് മാരകമായ പരിക്കേറ്റതോടെ കുട്ടി അബോധാവസ്ഥയിലായിരുന്നു. സംഭവം നടക്കുമ്ബോള്‍ മൂന്നു കുട്ടികള്‍ മാത്രമാണ് ഡേ-കെയറില്‍ ഉണ്ടായിരുന്നത്.
സി.സി.ടി.വി കാമറകള്‍ അന്നേദിവസം പ്രവർത്തിച്ചിരുന്നില്ലെന്ന സ്കൂള്‍ അധികൃതരുടെ വാദം സംശയത്തിനിടയാക്കുന്നതാണെന്ന് കുട്ടിയുടെ ബന്ധു ചൂണ്ടിക്കാട്ടി. സ്കൂള്‍ പ്രിൻസിപ്പലും മലയാളിയുമായ ചങ്ങനാശ്ശേരി സ്വദേശി തോമസിനെതിരെ പൊലീസ് ഐ.പി.സി 337, 338 വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മരണപ്പെട്ട കുഞ്ഞിന് ഒന്നരവയസ്സുള്ള സഹോദരിയുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സ്വദേശമായ മണിമലയിലേക്ക് കൊണ്ടുപോകും.
ജയ്യ്പൂരിന്റെ സ്പെഷ്യല്‍ ചായ നുണഞ്ഞു, പണമിടപാടുകള്‍ യുപിഐ സംവിധാനം വഴി; പ്രധാനമന്ത്രിയില്‍ നിന്നും രാമക്ഷേത്രത്തിന്റെ മാകൃക ഏറ്റുവാങ്ങി മാക്രോണ്‍
ന്യൂഡല്‍ഹി: ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃക നല്കി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.രാജസ്ഥാനിലെ ജയ്പൂരിലെത്തിയ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പ്രശസ്ത സൗരോർജ്ജ നിരീക്ഷണ കേന്ദ്രമായ ജന്തർമന്തറും, ഹവാ മഹലുമടക്കമുള്ള വിനോദ- സാംസ്കാരിക കേന്ദ്രങ്ങള്‍ സന്ദർശിച്ചു.രാജസ്ഥാനിലെ പൈതൃകം തൊട്ടറിയാൻ പ്രധാനമന്ത്രിക്കൊപ്പം മാക്രോണ്‍ നടത്തിയ യാത്രയില്‍ ജയ്പൂരിലെ ചായകള്‍ക്ക് പേര് കേട്ട കുല്‍ഹാദ് വാലി ചായയുടെ രുചിയും അദ്ദേഹം അറിഞ്ഞിരുന്നു. ഇന്ത്യയുടെ സ്വന്തം യുപിഐ സംവിധാനം ഉപയോഗിച്ചാണ് ഫ്രഞ്ച് പ്രസിഡന്റ് ജയ്പൂരില്‍ പണമിടപാടുകള്‍ നടത്തിയത്.
യുപിഐ സംവിധാനം വഴി പണമിടപാടുകള്‍ നടത്തുന്നത് തികച്ചും സൗകര്യപ്രദമാണെന്നും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ ഇത്തരം സംവിധാനങ്ങള്‍ സഹായകരമാണെന്നും മാക്രോണ്‍ പറഞ്ഞു. ജയ്പൂരിന്റെ പൈതൃകവും സംസ്കാരവും പ്രധാനമന്ത്രിക്കൊപ്പം ആസ്വദിച്ച മാക്രോണ്‍ 6 മണിക്കൂറോളം രാജസ്ഥാനില്‍ ചെലവഴിച്ചിരുന്നു. ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിലും അദ്ദേഹം പങ്കെടുക്കും.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഫ്രഞ്ച് പ്രസിഡന്റ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നത്. ഇന്നലെ ജയ്പൂരിലെത്തിയ അദ്ദേഹം റോഡ് ഷോയിലും പങ്കുചേർന്നിരുന്നു. ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തില്‍ സന്തോഷവും നന്ദിയും അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ പോസ്റ്റ് പങ്കിട്ടിരുന്നു.