Home Featured ബെംഗളൂരു :യുവതിയുടെ കുളിമുറിദൃശ്യം പകർത്തി ; മലയാളി ജിം പരിശീലകൻ അറസ്റ്റിൽ.

ബെംഗളൂരു :യുവതിയുടെ കുളിമുറിദൃശ്യം പകർത്തി ; മലയാളി ജിം പരിശീലകൻ അറസ്റ്റിൽ.

ബെംഗളൂരു : യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ മലയാളി ജിം പരിശീലകൻ അറസ്റ്റിൽ. രാമമൂർത്തി നഗറിൽ താമസിക്കുന്ന എച്ച്.എസ്. സിബിച്ചനാണ് അറസ്റ്റിലായത്. എൻ.ആർ.ഐ. ലേഔട്ടിൽ പ്രവർത്തിക്കുന്ന ജിമ്മിൽ നീന്തൽ പരിശീലനത്തിനെത്തിയ യുവതിയുടെ ദൃശ്യമാണ് ഇയാൾ പകർത്തിയത്. ഇതു ശ്രദ്ധയിൽപെട്ട യുവതി പോലീസിൽ പരാതിനൽകുകയായിരുന്നു.കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

ഐ.ടി. ജീവനക്കാരിയായ യുവതി ജിമ്മിന്റെ ഭാഗമായ നീന്തൽക്കുളത്തിലെ പരിശീലനത്തിനുശേഷം സമീപത്തെ കുളിമുറിയിൽ കയറി. ഇതിനിടെ ജനലിൽ ഒരു മൊബൈൽ ഫോൺ കണ്ടതോടെ യുവതി പുറത്തിറങ്ങുകയും സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയുമായിരുന്നു.ദൃശ്യങ്ങളിൽനിന്ന് സിബിച്ചനാണ് മൊബൈൽ ഫോൺ ഉപയോഗിച്ചതെന്നു കണ്ടെത്തി. കഴിഞ്ഞദിവസമാണ് യുവതി കുടുംബത്തോടൊപ്പമെത്തി രാമമൂർത്തി നഗർ പോലീസിൽ പരാതിനൽകിയത്.സിബിച്ചന്റെ മൊബൈൽ ഫോൺ ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

പ്രതീക്ഷയുടെ പൊൻ കിരണം; ലോകത്ത് ആദ്യമായി പൂര്‍ണമായി കണ്ണ് മാറ്റിവച്ചു; വൈദ്യശാസ്ത്രത്തിലെ പുത്തൻ നാഴികകല്ല്

കണ്ണിന്റെ അനുബന്ധ ഘടനകളില്‍ നടത്തുന്ന ശസ്ത്രക്രിയകളെയാണ് വൈദ്യശാസ്ത്ര ലോകം ‘നേത്ര ശസ്ത്രക്രിയ’ എന്ന് പറയുന്നത്.വളരെ ദുര്‍ബലമായ അവയവമാണ് കണ്ണ്. അതുകൊണ്ട് തന്നെ ശസ്ത്രക്രിയക്ക് മുൻപും പിൻപും അതീവ പരിചരണം ആവശ്യമാണ്. ലേസര്‍ ശസ്ത്രക്രിയ, തിമിര ശസ്ത്രക്രിയ, ഗ്ലോക്കോമ ശസ്ത്രക്രിയ. റിഫ്രാക്റ്റീവ് ശസ്ത്രക്രിയ, കോര്‍ണിയ ശസ്ത്രക്രിയ, വിട്രിയോറെറ്റിനല്‍ ശസ്ത്രക്രിയ തുടങ്ങയ ശസ്ത്രക്രിയകള്‍ നമുക്ക് സുപരിചിതമാണ്. കണ്ണിനുള്ളിലെ വിവിധ ഭാഗങ്ങളിലാണ് ഈ ശസ്ത്രക്രിയകള്‍ നടത്തുന്നത്.എന്നാല്‍ ലോകത്ത് ആദ്യമായി കണ്ണ് പൂര്‍ണമായി മാറ്റി വെച്ചിരിക്കുന്ന ശസ്ത്രക്രിയ (Whole Eye Transplant) നടത്തിയിരിക്കുകയാണ് അമേരിക്കൻ ഡോക്ടര്‍മാര്‍. ദാതാവിന്റെ മുഖത്തിന്റെ ഭാഗവും ഇടതുകണ്ണ് മുഴുവനായും നീക്കം ചെയ്ത് സ്വീകര്‍ത്താവില്‍ വെച്ച്‌ പിടിപ്പിക്കുന്നതായിരുന്നു ശസ്ത്രക്രിയ.

വൈദ്യുതാഘാതത്തെ അതിജീവിച്ച 46-കാരനായ ആരോണ്‍ ജെയിംസിനാണ് ശസ്ത്രക്രിയ നടത്തിയത്. അമേരിക്കയിലെ NYU ലാങ്കോണ്‍ ഹെല്‍ത്ത് സെൻ്ററാണ് നേട്ടം കൈവരിച്ചത്.ലൈൻമാൻ ആയി ജോലി ചെയ്തിരുന്ന ആളായിരുന്നു ആരോണ്‍. 2021 ജൂണില്‍ ജോലി ചെയ്യുന്നതിനിടെ വൈദ്യുത ലൈനില്‍ തട്ടി തെറിച്ച്‌ വീണ ആരോണിന്റെ ഇടത് കണ്ണ് പൂര്‍ണമായി നഷ്ടപ്പെട്ടു. ഇടത് കൈമുട്ട്, മൂക്ക്, ചുണ്ട്, മുൻ പല്ലുകള്‍, കവിള്‍ ഭാഗവും കീഴ് താടിയിലെ അസ്ഥി എന്നിവയ്‌ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ജീവിതത്തെയും മണത്തെയും മുഖാമുഖം നേരിട്ട് ആരോണ്‍ മാസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞു.എന്നാല്‍ കണ്ണ് പൂര്‍ണമായും നഷ്ടപ്പെട്ടതിനാല്‍ ഡോക്ടര്‍മാരും ആശയക്കുഴപ്പത്തിലായി. എലികളില്‍ മാത്രം പരീക്ഷിച്ചിട്ടുള്ള കണ്ണ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആദ്യമായി ആരോണില്‍ നടത്താൻ തീരുമാനിക്കുകയായിരുന്നു.

എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ അവയ്‌ക്ക് ഭാഗികമായി കാഴ്ചശക്തി ലഭിച്ചിരുന്നു. മനുഷ്യനില്‍ എത്രമാത്രം ഫലപ്രദമാകുമെന്ന് ഇനിയും അറിയില്ല.ആരോഗ്യരംഗത്തെ ബൃഹത്തായ നേട്ടമാണ് കൈവരിച്ചതെന്ന് ശസ്ത്രക്രിയ നടത്തിയ പ്രമുഖ മെഡിക്കല്‍ സെന്ററായ NYU ലാങ്കോണ്‍ ഹെല്‍ത്ത് വ്യക്തമാക്കി. 21 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തീകരിച്ചതെന്ന് ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കിയ എഡ്വാര്‍ഡോ റോഡ്രിഗസ് പറഞ്ഞു.മാറ്റിവെച്ച ഇടതുകണ്ണിലെ റെറ്റിനയില്‍ രക്തപ്രവാഹം നടക്കുന്നുണ്ടെന്നും ആരോഗ്യം വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറ‍ഞ്ഞു.

എന്നാല്‍ തലച്ചോറിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ എപ്രകാരമായിരിക്കുമെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്നും കാഴ്ച ലഭിക്കാൻ പകുതി സാധ്യത മാത്രമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാഴ്ചശക്തി തിരിച്ച്‌ ലഭിച്ചാല്‍ ആരോഗ്യരംഗത്തെ വൻ നേട്ടത്തിനാകും ലോകം സാക്ഷ്യം വഹിക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group