മംഗളൂരുവിലെ അറിയപ്പെടുന്ന വ്യവസായിയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ ബി.എം.മുംതാസ് അലി(52)യുടെ ആത്മഹത്യയില്‍ മലയാളികളായ ദമ്ബതികള്‍ അറസ്റ്റില്‍.മുംതാസ് അലിയുടെ സഹോദരന്‍ ഹൈദര്‍ അലി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മലയാളി യുവതിയെയും ഭര്‍ത്താവിനെയും കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മലയാളികളായ റഹ്‌മത്ത്, ഭര്‍ത്താവ് ഷുഹൈബ് എന്നിവരാണ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളില്‍ നിന്ന് അറസ്റ്റിലായത്. ഇരുവരും ചേര്‍ന്ന് മുംതാസ് അലിയെ ഹണി ട്രാപ്പില്‍ കുടുക്കിയതായാണ് സൂചന. ഇവരുള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ഷാഫി, മുസ്തഫ, അബ്ദുല്‍ സത്താര്‍, ഇയാളുടെ ഡ്രൈവര്‍ സിറാജ് എന്നിവരാണ് പൊലീസ് തിരയുന്ന മറ്റ് പ്രതികള്‍. ഇവര്‍ നഗ്‌നദൃശ്യങ്ങള്‍ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും 50 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായും റിപ്പോര്‍ട്ട് ഉണ്ട്. ഇരുവരും ചേര്‍ന്ന് വീണ്ടും പണം തട്ടാന്‍ ശ്രമം നടത്തിയതായും പറയുന്നു. അതേസമയം കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മുംതാസ് അലിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഘം വീണ്ടും പണം ആവശ്യപ്പെട്ടെതായും സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സംഘം ഭീഷണിപ്പെുത്തി വീണ്ടും പണം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട് ഉണ്ട്. ഇതോടെയാണ് മുംതാസ് അലി ജീവനൊടുക്കാന്‍ തീരുമാനിച്ചത്. ബൈക്കംപാടിയിലെ വീട്ടില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ പുറപ്പെട്ട മുംതാസ് അലി കുടുംബാംഗങ്ങള്‍ക്ക് തന്റെ മരണത്തിന് കാരണം ഈ 6 പേരാണെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ വാട്‌സാപ് സന്ദേശം അയച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ദേശീയപാത 66ല്‍ കുളൂര്‍ പാലത്തിന് സമീപം കാര്‍ കണ്ടെത്തിയത്. കാറിന്റെ മുന്‍വശത്ത് മറ്റൊരു വാഹനത്തില്‍ ഇടിച്ചതിന്റെ പാടുകളും ഉണ്ട്. മംഗളൂരു നോര്‍ത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ മൊഹിയുദീന്‍ ബാവയുടെയും ജനതാദള്‍ (എസ്) മുന്‍ എംഎല്‍സി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ് മുംതാസ്.