ബെംഗളൂരു: മലയാളികളുടേത് ഉൾപ്പെടെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുള്ള കലാശിപാളയയിൽ നിന്ന് കേരള ആർടിസി സർവീസുകൾ നിർത്തിയിട്ട് 3 വർഷത്തിലേറെയായി.മലബാർ മേഖലയിലേക്ക് 8 സർവീസുകളാണ് കലാശിപാളയയിൽ നിന്ന് നേരത്തേയുണ്ടായിരുന്നത്.
കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾ പുറപ്പെടുന്ന കലാശിപാളയ വ്യാപാരികൾക്കൊപ്പം വിദ്യാർഥികളും ജോലിക്കാരും കൂടുതലായി ആശ്രയിച്ചിരുന്നു.കലാശിപാളയയിലെ ബിഎംടിസി ബസ് ടെർമിനൽ പൊളിച്ചതോടെയാണ് കേരള ആർടിസിയുടെ റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തനം നിർത്തിയത്.
പുതിയ ബസ് ടെർമിനൽ നിർമാണം നീണ്ടുപോയതോടെ കൗണ്ടർ പുനഃസ്ഥാപിക്കുന്നതും വൈകുകയാണ്. റിസർവേഷൻ കൗണ്ടർ ആരംഭിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ പിക്കപ് പോയിന്റെങ്കിലും ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.മജസ്റ്റിക് കെംപഗൗഡ ബസ് ടെർമിനലിലുണ്ടായിരുന്ന കൗണ്ടർ നേരത്തെ പ്രവർത്തനം നിർത്തിയിരുന്നു.
കേരള ആർടിസിക്ക് നിലവിൽ മജസ്റ്റിക്കിൽ നിന്ന് ബസ് സർവീസുകളില്ലാത്ത സാഹചര്യത്തിലാണ് കൗണ്ടർ നിർത്തിയത്.