ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക 2021 ലെ ചാപ്റ്റർ തല പ്രവേശനോത്സവങ്ങളുടെ ഉദ്ഘാടനം ബെംഗളൂരു വെസ്റ്റ് മേഖലാ പ്രവേശനോത്സവത്തോടുകൂടി ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഓൺലൈനായി നടന്നു. മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

അക്കാദമിക് കോ ഓർഡിനേറ്റർ സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. ചാപ്റ്റർ പ്രസിഡന്റ് ദാമോദരൻ മാഷ് പുതിയ കുട്ടികൾക്കായി കണിക്കൊന്ന പാഠ പുസ്തകത്തെ ആസ്പദമാക്കി ആദ്യ ക്ലാസ് എടുത്തു. നോർക്ക ഡെവലപ്മെന്റ് ഓഫീസർ രജിത്, മലയാളം മിഷൻ കർണാടക ചാപ്റ്റർ കോഓർഡിനേറ്റർ ബിലു സി നാരായണൻ, ഷാഹിയ ലത്തീഫ്, ജെയ്സൺ ലൂക്കോസ് എന്നിവർ ആശംസകൾ നേർന്നു. വെസ്റ്റ് മേഖല കോഓർഡിനേറ്റർ ജിസാ ജോസ് സ്വാഗതവും, സെക്രട്ടറി ടോമി ആലുങ്കൽ നന്ദിയും പറഞ്ഞു.

ബെംഗളൂരു വെസ്റ്റ് മേഖലയിലെ എൺപതു പുതിയ കുട്ടികൾ പ്രവേശനോത്സവം വഴി മലയാള പഠനം ആരംഭിച്ചു. വിധ പഠനകേന്ദ്രങ്ങളിൽ നിന്നുള്ള മുതിർന്ന കുട്ടികൾ വിവിധ കലാ പരിപാടികൾ ഒരുക്കി പുതിയ കുട്ടികളെ സ്വാഗതം ചെയ്തു കൊച്ചു കുട്ടികളും അവരുടെ മാതാപിതാക്കളുമടക്കം ആയിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു. കർണാടക ചാപ്റ്ററിലെ മറ്റു മേഖലകളിലും, മലയാളം മിഷൻ പഠന കേന്ദ്രങ്ങളിലും ജൂലൈ മാസം പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്.