
ലണ്ടന്‍: പൊതു പ്രവര്‍ത്തന ജീവിതത്തിനിടയില്‍ ഒന്ന് വിവാഹം കഴിച്ചതിന് ഏറെ വിവാദങ്ങളില്‍ പെട്ടിരിക്കുകയാണ് പാകിസ്താനില്‍ നിന്നുള്ള നൊബേല്‍ ജേതാവ് കൂടിയായ മലാല യൂസുഫ് സായ്. വിവാഹകം കഴിച്ചതിലൂടെ മലാല വിവാഹത്തെ കുറിച്ച് നേരത്തേ പ്രകടിപ്പിച്ചിരുന്ന അഭിപ്രായത്തില്‍നിന്നും ഏറെ പിന്നാക്കം പോയി എന്നാണ് ഒരു വിഭാഗം വിമര്‍ശനം ഉന്നയിച്ചത്. ജീവിതത്തില്‍ വിവാഹത്തിന്‍റെ ആവശ്യം ഇല്ല എന്ന തരത്തില്‍ മലാല സംസാരിച്ചിട്ടുണ്ട് എന്നായിരുന്നു വിമര്‍ശകരുടെ വാദം. അവര്‍ മലാലയുടെ പഴയ ചില വീഡിയോകളും ഇതിനെ സാധൂകരിക്കാന്‍ കുത്തിപ്പൊക്കി കൊണ്ടുവന്നിരുന്നു.
രാഷ്ട്രീയ പരമായ വിമര്‍ശനങ്ങള്‍ക്കും മലാലയുടെ വിവാഹം തിരികൊളുത്തി. വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച പൂര്‍ത്തിയാകുന്നതിനിടെ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണവര്‍. ബി.ബി.സിയിലെ ഏറ്റവും പുതിയ അഭിമുഖത്തിലാണ് അവര്‍ വിവാഹം സംബന്ധിച്ച് തന്‍റെ നയനിലപാടുകള്‍ തുറന്നു പറയുന്നത്. കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് അംഗം അസര്‍ മാലിക്കിനെ മലാല വിവാഹം കഴിച്ചത്.വിവാഹം തന്‍റെ പരിഗണനയിലുള്ള കാര്യമായിരുന്നെന്നും തനിക്ക് അത് സംബന്ധിച്ച് ചില സങ്കല്‍പങ്ങളും സ്വപ്നങ്ങളും ഒക്കെ ഉണ്ടായിരുന്നു എന്നും അവര്‍ ഇന്‍റര്‍വ്യൂവില്‍ തുറന്നു പറയുന്നു. വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ താന്‍ വളരെ നേരത്തേ തന്നെ ബ്രിട്ടീഷ് വോഗിനോട് പറഞ്ഞിരുന്നതായും അവര്‍ അറിയിച്ചു. ബി.ബി.സിയുടെ ആന്‍ഡ്രൂ മാര്‍ ഷോയില്‍ പ്രത്യക്ഷപ്പെട്ടാണ് മലാല പുതിയ വിവാദങ്ങള്‍ക്കെല്ലാം മറുപടി പറയുന്നത്.
തന്‍റെ മൂല്യങ്ങളും നിലപാടുകളും മനസ്സിലാക്കുന്ന ഒരു ഭര്‍ത്താവിനെ കണ്ടെത്തിയതില്‍ താന്‍ ഭാഗ്യവതിയാണെന്ന് മലാല അഭിമുഖത്തില്‍ പറഞ്ഞു. ശൈശവ വിവാഹത്തിനും വിവാഹമോചനത്തിനും ഇരയാക്കപ്പെട്ട നിരവധി പെണ്‍കുട്ടികളെ നമ്മുടെ ലോകത്ത് കാണാനാകും. അതിനെക്കുറിച്ചൊക്കെ താന്‍ പങ്കിട്ട ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായും അവര്‍ പറഞ്ഞു.മലാല യൂസുഫ് സായിയെ കുറിച്ച് പങ്കാളി അസര്‍ മാലിക് ട്വീറ്റ് ചെയ്ത വാക്കുകള്‍ നേരത്തേ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവരും ഒരുമിച്ച് കേക്ക് മുറിക്കുന്ന ചിത്രത്തിനൊപ്പമാണ് മലാലയെ കുറിച്ചുള്ള ഹൃദയം തൊട്ട കുറിപ്പും അസര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നത്. ‘മലാലയില്‍, എനിക്ക് ഏറ്റവും പിന്തുണ നല്‍കുന്ന ഒരു സുഹൃത്തിനെ, സുന്ദരിയും ദയയും ഉള്ള ഒരു പങ്കാളിയെ ഞാന്‍ കണ്ടെത്തി – ഞങ്ങളുടെ ജീവിതകാലം മുഴുവന്‍ ഒരുമിച്ച് പങ്കിടാന്‍ കഴിയുമെന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ഞങ്ങളുടെ നിക്കാഹിന് ആശംസ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി.
ഞങ്ങളുടെ ക്രിക്കറ്റ് ടീമിന്‍റെ പാരമ്ബര്യമനുസരിച്ച് ഞങ്ങള്‍ ഇവിടെ വിജയത്തിന്‍റെ കേക്ക് മുറിക്കുന്നു -അസര്‍ ട്വിറ്ററില്‍ കുറിച്ചു. ആയിക്കണക്കിന് പേരാണ് ഇതില്‍ ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ലണ്ടനിലെ മലാലയുടെ വീട്ടില്‍ വെച്ചായിരുന്നു ലളിതമായ ചടങ്ങില്‍ ഇരുവരുടെയും നിക്കാഹ് നടന്നത്.
ലാഹോറില്‍ നിന്നുള്ള അസര്‍ മാലിക് വ്യവസായിയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈ പെര്‍ഫോമന്‍സ് സെന്‍ററിന്‍റെ ജനറല്‍ മാനേജരുമാണ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ മുന്‍ ഭാര്യ ജെമീമ ഗോള്‍ഡ്സ്മിത്ത്, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, പ്രിയങ്ക ചോപ്ര എന്നിവരടക്കം ലോകത്തിന്‍റെ വിവിധ കോണുകളില്‍നിന്ന് ദമ്ബതികള്‍ക്ക് ആശംസകള്‍ പ്രവഹിക്കുകയാണ്.അതേസമയം, മലാല പാകിസ്താനിയെ വിവാഹം കഴിച്ചതിനെ വിമര്‍ശിച്ച് എഴുത്തുകാരി തസ്ലീമ നസ്റിന് രംഗത്തെത്തിയിരുന്നു. മലാല ഇംഗ്ലീഷുകാരനെ വിവാഹം കഴിക്കുമെന്നായിരുന്നു താന്‍കരുതിയതെന്നും വിവാഹ വാര്‍ത്ത നിരാശപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. 2012ല്‍ താലിബാന്‍ തലക്ക് വെടിവെച്ച മലാല ബ്രിട്ടനില്‍ അഭയം നേടിയിരിക്കുകയാണ്.