
ബെംഗളൂരു: മാക്കൂട്ടം ചുരം വഴി കേരളത്തിൽ നിന്നും കർണാടകയിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം കുടക് ജില്ലാ ഭരണകൂടം ജനുവരി അഞ്ചുവരെ നീട്ടി. ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഇളവ് നൽകുമെന്ന പ്രതീക്ഷകൾ ഉണ്ടായെങ്കിലും ജില്ലാ ഭരണ കൂടം നിലവിലെ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിക്കുകയായിരുന്നു.
ചുരപാത വഴി കർണാടകയിലേക്ക് കടക്കുന്നവർക്ക് 72 മണിക്കൂർ കവിയാത്ത ആർ.ടി. പി.സി.ആർ. പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ചരക്കുവാഹനങ്ങളിലെ തൊഴിലാളികൾ എഴുദിവസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
കോവിഡ് വ്യാപനത്തെ തുടർന്ന് അഞ്ചുമാസം മുമ്പാണ് മാക്കൂട്ടം അതിർത്തിയിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയത്. ചെക്ക് പോസ്റ്റിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് യാത്രക്കാരെ പരിശോധിക്കുന്നുണ്ട്. ഇതിനായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും പോലീസുകാരേയും കർണാടക സർക്കാർ നിയോഗിച്ചിട്ടുണ്ട്.